റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് കമ്മീഷന്‍ പാക്കേജ്

റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് കമ്മീഷന്‍ പാക്കേജ്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ ചില്ലറവ്യാപാരികള്‍ക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000/ രൂപ കമ്മീഷന്‍ ലഭിക്കുന്നതിന് പാക്കേജ് നടപ്പാക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരൂമാനിച്ചു. ദേശീയ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ് അംഗീകരിച്ചത്. 207 കോടി രൂപയാണ് ഇതിന് അധിക ചെലവ് വരുന്നത്. ഇതില്‍ 44.59 കോടി രൂപയാണ് കേന്ദ്രസഹായം. അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുളളവരില്‍ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക. അതുവഴി 117.4 കോടി രൂപ സര്‍ക്കാരിന് കണ്ടെത്താനാകും. ബാക്കിവരുന്ന 45 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ വഹിക്കും.

റേഷന്‍ വ്യാപാരിക്ക് കമ്മീഷന്‍ നല്‍കുന്നത് വിറ്റഴിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും. വില്‍പ്പനയിലെ കുറവിന് ആനുപാതികമായി വില്‍പ്പനക്കാരുടെ ലാഭവിഹിതം കുറയുന്നത് പരിഹരിക്കാന്‍ കാര്‍ഡുകളുടെ എണ്ണവും ഭക്ഷ്യധാന്യത്തിന്റെ അളവും 2018 മാര്‍ച്ച് 31നു മുമ്പ് ഏകീകരിക്കും. മിനിമം കമ്മീഷന്‍ ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും ഏകീകരണം.

45 ക്വിന്റലോ അതില്‍ കുറവോ ഭക്ഷ്യധാന്യം എടുക്കുന്ന വ്യാപാരിക്ക് ക്വിന്റലിന് 220 രൂപ നിരക്കില്‍ കമ്മീഷനും സഹായധനമായി പരമാവധി 6100 രൂപയും കാര്‍ഡുകളുടെ എണ്ണവും ധാന്യത്തിന്റെ അളവും ഏകീകരിക്കുന്നതുവരെ ലഭ്യമാവും. ഇപോസ് മെഷീന്‍ സ്ഥാപിക്കുന്നതു വരെ ക്വിന്റലിനു 100 രൂപ എന്ന കമ്മീഷന്‍ നിരക്ക് തുടരും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണ കാലയളവായ രണ്ടുവര്‍ഷത്തേക്ക് മത്സ്യബന്ധന ബോട്ടുകള്‍ക്ക് മത്സ്യഫെഡ് മുഖേന മണ്ണെണ്ണ വിതരണം ചെയ്യുന്നതിനുളള പാക്കേജിനും മന്ത്രിസഭ അംഗീകാരം നല്‍കി. തുറമുഖനിര്‍മാണം നടക്കുന്നതിനാല്‍ മത്സ്യതൊഴിലാളികളുടെ തൊഴിലിനും വരുമാനത്തിനും ഉണ്ടാകുന്ന ആഘാതം വിലയിരുത്താന്‍ ആര്‍ഡിഓയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മണ്ണെണ്ണ പാക്കേജ് നടപ്പാക്കുന്നത്.

റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി കെ.കെ. ദിനേശനെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ മരിച്ച ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ കുടുംബത്തിന് വിചാരണക്കോടതിയുടെ വിധിക്കു വിധേയമായി പത്തു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.

കരമന-കളിയിക്കാവിള റോഡുവികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന 22 രാജപാത നിവാസികള്‍ക്ക് പളളിച്ചല്‍ വില്ലേജില്‍ 3 സെന്റ് വീതം ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചു. കുടുംബങ്ങള്‍ക്ക് ലൈഫ് മിഷനില്‍ വീട് നിര്‍മ്മിച്ചു നല്‍കാനും തീരുമാനിച്ചു.

Comments

comments

Categories: Slider, Top Stories