ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ വര്‍ഷത്തെ 10 കണ്ടെത്തലുകള്‍

ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ വര്‍ഷത്തെ 10 കണ്ടെത്തലുകള്‍

മാനവരാശിക്കു ഭാവിയില്‍ പ്രയോജനകരമായേക്കാവുന്ന നിരവധി പരീക്ഷണങ്ങള്‍ നടത്തുകയാണു ശാസ്ത്രലോകം. ഈ വര്‍ഷം നിര്‍ണായകമായ പല കണ്ടുപിടുത്തങ്ങളും നടത്തുകയുണ്ടായി. ഭൂമിയെ പോലെ വാസയോഗ്യമായ മൂന്ന് ഗ്രഹങ്ങള്‍ കണ്ടെത്തിയതിനു പുറമേ പലതരം രോഗങ്ങള്‍ക്കും ശമനമേകാന്‍ പ്രാപ്തിയുള്ള മരുന്നുകളും വികസിപ്പിച്ചിരിക്കുന്നു.

ശാസ്ത്രമുന്നേറ്റം നടന്ന വര്‍ഷമാണ് 2017.സൗരയൂഥത്തിനു പുറത്തു ഏഴ് ഗ്രഹങ്ങളെ കണ്ടെത്തിയതിനു
പുറമേ, ബയോ മെഡിക്കല്‍ രംഗത്തും, വൈദ്യശാസ്ത്രരംഗത്തുമൊക്കെ ഗുണകരമായ മാറ്റങ്ങള്‍കൊണ്ടുവരാന്‍ സാധിച്ചു. ഈമേഖലയിലെ ശ്രദ്ധേയ 10 കണ്ടുപി
ടുത്തങ്ങളെ അവതരിപ്പിക്കുകയാണ് ഇവിടെ.

a) വാസയോഗ്യമായ മൂന്ന് ഗ്രഹങ്ങള്‍

ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന, ഭൂമിയുടെ വലുപ്പത്തിലുള്ള മൂന്ന് ഗ്രഹങ്ങളെ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ കണ്ടെത്തിയതാണ് ഈ വര്‍ഷത്തെ ആദ്യ മികച്ച കണ്ടെത്തലുകളില്‍ ഒന്ന്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇക്കാര്യം നാസ മാധ്യമ സമ്മേളനം വിളിച്ചു ചേര്‍ത്തതിനു ശേഷം ലോകത്തെ അറിയിച്ചത്. സൗരയൂഥത്തിനു(solar system) പുറത്ത് ഏഴ് ഗ്രഹങ്ങളെയാണു നാസ കണ്ടെത്തിയത്. ഇവയില്‍ മൂന്ന് ഗ്രഹങ്ങള്‍ വാസയോഗ്യമായ മേഖല (ഹാബിറ്റബിള്‍ സോണ്‍) ആണെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നു വച്ചാല്‍, സൂര്യനല്ലാതെ ട്രാപ്പിസ്റ്റ്-1 എന്ന കുള്ളന്‍ നക്ഷത്രത്തെയാണു ഏഴ് ഗ്രഹങ്ങള്‍ ചുറ്റുന്നത്. ഇക്കാര്യമാണു നാസയുടെ സ്പിറ്റ്‌സെര്‍ ദൂരദര്‍ശിനി കണ്ടെത്തിയത്. ഭൂമിയില്‍നിന്നും 40 പ്രകാശവര്‍ഷം അകലെയാണ് ഏഴ് ഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇവയില്‍ വാസയോഗ്യമെന്നു കണ്ടെത്തിയ മൂന്ന് ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യമുണ്ടോയെന്ന ഗവേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

b) വലിയ ശബ്ദമുള്ള ജീവി

പനാമയുടെ പസഫിക് തീരത്ത്, ശാസ്ത്രജ്ഞര്‍ ഒരു പുതിയ തരം ചെമ്മീനെ ( pistol shrimp) കണ്ടെത്തി. ഇവയുടെ നീളമേറിയ ഇളം ചുവപ്പ് നിറമുള്ള നഖം ഉപയോഗിച്ചു വലിയ ശബ്ദമുണ്ടാക്കാന്‍ സാധിക്കും. 210 ഡെസിബല്‍ വരെ മുഴങ്ങുന്നതാണ് ഇതിന്റെ ശബ്ദം. ഇങ്ങനെ ശബ്ദമുണ്ടാക്കുന്നതിലൂടെ ചെറു മല്‍സ്യങ്ങളെ പേടിപ്പിക്കാനും അവയെ കൊല്ലാനും സാധിക്കുമെന്നാണു ശാസ്ത്രസമൂഹം കണ്ടെത്തിയിരിക്കുന്നത്. 1 മുതല്‍ 2 വരെ ഇഞ്ച നീളത്തില്‍ വളരുന്ന ഈ ചെമ്മീന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശബ്ദമുണ്ടാക്കുന്ന ജന്തുവാണെന്നുമാണു ശാസ്ത്രജ്ഞരുടെ നിഗമനം.

c) വാര്‍ദ്ധക്യത്തെ എതിര്‍ക്കുന്ന ചികിത്സ ചുണ്ടെലികളില്‍ നടത്തി

പ്രായമേറുമ്പോള്‍ വാര്‍ദ്ധക്യം ബാധിച്ച കോശങ്ങള്‍ ശരീരത്തില്‍ പലതരം അസുഖങ്ങളുണ്ടാക്കും. നെതര്‍ലാന്‍ഡ്‌സിലുള്ള ഏതാനും ശാസ്ത്രജ്ഞര്‍ ഇത്തരം കോശങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന തന്മാത്രകളെ (molecules) വികസിപ്പിച്ചിരിക്കുകയാണ്. ഈ മോളിക്യുളുകളെ പ്രായമുള്ള ചുണ്ടെലികളില്‍ കുത്തിവച്ചപ്പോള്‍ അത്ഭുതകരമായ മാറ്റമാണ് അവയിലുണ്ടായത്. ചുണ്ടെലിയുടെ മൃദുരോമം വീണ്ടും വളര്‍ന്നു. വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. വാര്‍ദ്ധക്യസംബന്ധിയായ പഠന,ഗവേഷണ മേഖലയില്‍ ചരിത്രപ്രധാനമായ സംഭവമായിട്ടാണ് ഈ പുരോഗതിയെ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്.

d) പൊള്ളലേറ്റ ചര്‍മത്തെ സുഖപ്പെടുത്തുന്ന സ്‌പ്രേ

മുറിവുകളില്‍ മൂലകോശത്തെ (stem cell) സ്‌പ്രേ ചെയ്യുന്നതിനുള്ള ഉപകരണം ബയോമെഡിക്കല്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിരിക്കുകയാണ്. ഇങ്ങനെ സ്‌പ്രേ ചെയ്യുന്നതിലൂടെ നാല് ദിവസം കൊണ്ടു പരിക്കേറ്റ ഭാഗത്തു പുതിയ, ആരോഗ്യപ്രദമായ ചര്‍മത്തിന്റെ പാളി (skin layer) വളരും. ബയോടെക് സ്ഥാപനമായ റെനോവ കെയര്‍ സമീപകാലത്ത് ഈ ഉപകരണത്തിന്റെ (skin gun) പേറ്റന്റ് കൈവശമാക്കുകയുണ്ടായി. ഈ ഉപകരണത്തിന് എഫ്ഡിഎ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ചര്‍മം ഒട്ടിച്ചു ചേര്‍ക്കുന്ന സ്‌കിന്‍ ഗ്രാഫ്റ്റിംഗ് എന്ന വേദനാജനകമായ പ്രക്രിയ ഒഴിവാക്കാന്‍ ഈ ഉപകരണത്തിലൂടെ സാധിക്കും. ബയോ മെഡിക്കല്‍ രംഗത്തു മാറ്റം കുറിക്കുന്നതായിരിക്കും (game changer) സ്‌കിന്‍ ഗണ്‍ എന്നും പറയപ്പെടുന്നു.

e) സ്‌ട്രോക്കിനെ തടയുന്ന എട്ടുകാലി വിഷം

നാളീ രൂപത്തിലുള്ള (funnel shaped) ഓസ്‌ട്രേലിയന്‍ ചിലന്തിയുടെ കടിയേല്‍ക്കുന്ന ഒരു മനുഷ്യന്‍ പരമാവധി 15 മിനിറ്റ് മാത്രമായിരിക്കും ജീവിച്ചിരിക്കുകയെന്നാണു വൈദ്യശാസ്ത്രം പറയുന്നത്. എന്നാല്‍ ഇതു പോലെ മാരകവിഷമുള്ള ജീവി പുറന്തള്ളുന്ന വിഷത്തിലടങ്ങിയിരിക്കുന്ന പെപ്പ്‌ടൈഡിന് (peptides) സ്‌ട്രോക്ക് മൂലം തലച്ചോറിന് (brain cell) ഉണ്ടാകുന്ന ക്ഷതം തടയാന്‍ സാധിക്കുന്നവയാണെന്നു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ഇതു സംബന്ധിച്ച ഗവേഷണം പുരോഗമിക്കുകയാണ്. ഗവേഷണം വിജയകരമാവുകയാണെങ്കില്‍ സ്ട്രാക്ക് മൂലം സംഭവിക്കുന്ന മസ്തിഷ്‌ക ക്ഷതത്തെ തടയാന്‍ പ്രാപ്തിയുള്ള ആദ്യ മരുന്നായിരിക്കും ഇതെന്നു വൈദ്യശാസ്ത്രം അഭിപ്രായപ്പെടുന്നു.

f) ദിനോസറിന്റെ അവശിഷ്ടം കണ്ടെത്തി

കാനഡയിലെ ടൊറാന്റോയിലുള്ള ശാസ്ത്രജ്ഞര്‍ ദിനോസറിന്റെ അവശിഷ്ടം കണ്ടെത്തി. സുള്‍ എന്ന പേരും ഇതിനു നല്‍കി. ദിനോസറിന്റെ കണ്ണിനു പിറകു വശത്തായി കൊമ്പുകളുണ്ട്. മുഖത്ത് മുള്ളുകളുമുള്ളതായി കാണപ്പെട്ടു. ഈ അവശിഷ്ടത്തിന് 75 മില്യന്‍ വര്‍ഷത്തോളം പഴക്കമുണ്ടെന്നാണു ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്.

g) തവളയുടെ ദ്രവം കൊണ്ട് പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാം

ദക്ഷിണ ഇന്ത്യയില്‍ കണ്ടെത്തിയ ഒരു പ്രത്യേക തരം തവളയുടെ തൊലിപ്പുറത്തുള്ള ദ്രവത്തില്‍ ആന്റിമൈക്രോബിയല്‍ പെപ്പ്‌ടൈഡ് അടങ്ങിയിട്ടുണ്ട്. ഇവയ്ക്കു മനുഷ്യരില്‍ പനി പടര്‍ത്തുന്ന ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനുള്ള ശേഷിയുണ്ട്. ഈ പരീക്ഷണം ലാബുകളില്‍ നടത്തി വിജയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഗവേഷണം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

h) പകര്‍ച്ചവ്യാധിയെ നശിപ്പിക്കുന്ന വ്യാളിയുടെ രക്തം

ലോകത്തിലെ ഏറ്റവും വലിയ പല്ലി വിഭാഗത്തില്‍പ്പെട്ട കൊമോഡോ ഡ്രാഗന്റെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയല്‍ സംയുക്തം(compound) പകര്‍ച്ചവ്യാധിയെ നശിപ്പിക്കാന്‍ ശേഷിയുള്ളവയാണെന്നു കണ്ടെത്തിയിരിക്കുകയാണ്. ലാബുകളില്‍ നടത്തിയ പരീക്ഷണത്തില്‍, ശാസ്ത്രജ്ഞര്‍ ചുണ്ടെലിയെ മുറിപ്പെടുത്തിയതിനു ശേഷം കൊമോഡോ ഡ്രാഗന്റെ സംയുക്തം മുറിവില്‍ പുരട്ടി. മുറിവ് അഭൂതപൂര്‍വമായ വേഗത്തില്‍ ഉണങ്ങി. ഇതു ശാസ്ത്രജ്ഞരെ ഞെട്ടിപ്പിക്കുകയും ചെയ്തു.

i) ചരിത്രസ്മാരക ശിലകള്‍ ബ്രസീലില്‍

ചരിത്രാതീതകാല സ്മാരകമെന്നു വിശേഷിപ്പിക്കുന്ന സ്റ്റോണ്‍ ഹെഞ്ച് ബ്രസീലില്‍ കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ പര്യവേക്ഷണത്തിലാണു ഇതു കണ്ടെത്തിയത്. ഏകദേശം 450-ാളം സ്റ്റോണ്‍ ഹെഞ്ച് ഇത്തരത്തില്‍ കണ്ടെത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. നേരത്തേ കരുതിയിരുന്നതിനേക്കാളും മുന്‍പു ഇവിടെ മനുഷ്യവാസമുണ്ടായിരുന്നെന്ന് ഇതോടെ ഗവേഷകര്‍ക്കു മനസിലായി.

j) ജനിതക വൈകല്യമില്ലാതാക്കാന്‍ പ്രാപ്തിയുള്ള ഉപകരണം

ഗര്‍ഭസ്ഥ ശിശുക്കളില്‍ ജനിതക വൈകല്യമില്ലാതാക്കാന്‍ പ്രാപ്തിയുള്ള ഉപകരണം വികസിപ്പിച്ചിരിക്കുകയാണു ചൈനയിലെ ശാസ്ത്രജ്ഞര്‍. ഇത്തരം ജീന്‍ എഡിറ്റിംഗ് ടൂള്‍ ഉപയോഗിച്ച് ഭ്രൂണത്തിലുള്ള ഡിഎന്‍എയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നാണു കണ്ടെത്തിയിരിക്കുന്നത്. പക്ഷേ ഇത് ധാര്‍മികതലത്തില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

Comments

comments

Categories: FK Special, Slider