പരിഷ്‌കരണങ്ങള്‍ ദീര്‍ഘകാല വളര്‍ച്ചയെ പിന്തുണയ്ക്കും: ബിഎംഐ റിസര്‍ച്ച്

പരിഷ്‌കരണങ്ങള്‍ ദീര്‍ഘകാല വളര്‍ച്ചയെ പിന്തുണയ്ക്കും: ബിഎംഐ റിസര്‍ച്ച്

ന്യൂഡെല്‍ഹി: ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വികസ്വര വിപണികളിലൊന്നെന്ന സ്ഥാനം വീണ്ടെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും അടുത്ത അഞ്ച് സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 6.5 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്നും സിറ്റി ഗ്രൂപ്പ് കമ്പനിയായ ബിഎംഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ഭരണനിര്‍വഹണത്തിലെ കാര്യപ്രാപ്തിയില്ലായ്മ രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യതകളെ പിന്തുടരുന്നതു തുടരുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

സാമ്പത്തിക പരിഷ്‌കരണങ്ങളും ഇന്ത്യയുടെ ബിസിനസ് പരിസ്ഥിതിയിലുണ്ടായ പുരോഗതിയും വരും വര്‍ഷങ്ങളിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് ബിഎംഐ റിസര്‍ച്ചിന്റെ നിരീക്ഷണം. ഇതിനെല്ലാം പുറമെ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ വിപണി സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ആഗോള സംരംഭങ്ങള്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടര്‍ന്നും സ്ഥിരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിസിനസ്- നിക്ഷേപ സൗഹൃദ നയങ്ങള്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

2015ലെ ഭൂമി ഏറ്റെടുക്കല്‍ ബില്‍ വൈകുന്നതും കോടതികളില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന കേസുകളും ഭരണപരമായ അയോഗ്യതകള്‍ തുടരുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇത്തരം വിഷയങ്ങള്‍ വരും വര്‍ഷങ്ങളിലും രാജ്യത്തിന്റെ വളര്‍ച്ചയെ ഏഴ് ശതമാനത്തില്‍ താഴെയായി തടഞ്ഞുനിര്‍ത്തുമെന്നാണ് ബിഎംഐ റിസര്‍ച്ചിന്റെ വിലയിരുത്തല്‍. വമ്പന്‍ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലും ഇന്ത്യ വെല്ലുവിളി അഭിമുഖീകരിക്കുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories