ലക്ഷ്യമിടുന്നത് സാധാരണക്കാരുടെ ശാക്തീകരണം: സത്യ നദെല്ല

ലക്ഷ്യമിടുന്നത് സാധാരണക്കാരുടെ ശാക്തീകരണം: സത്യ നദെല്ല

ന്യൂഡെല്‍ഹി:സാധാരണക്കാരനെ ശാക്തീകരിക്കുന്നതിനാണ് തന്റെ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് സിഇഒയും ഇന്ത്യന്‍ വംശജനുമായ സത്യ നദെല്ല. വികസനത്തിന്റെ പ്രയോജനങ്ങള്‍ എല്ലാവരിലേക്കുമെത്തിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. വ്യക്തികളെയും സ്ഥാപനങ്ങളെയും കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കാന്‍ ശാക്തീകരിക്കുകയെന്നതാണ് തങ്ങളുടെ ദൗത്യമെന്നും ഇന്ത്യാ ടുഡെ കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തവെ നദെല്ല പറഞ്ഞു.

തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കത്തെ അദ്ദേഹം അഭിനന്ദിച്ചു. സാങ്കേതികവിദ്യ ഉപയോഗത്തില്‍ വലിയൊരു കുതിപ്പാണ് ബാങ്ക് നടത്തിയത്. എസ്ബിഐയുടെ ഡിജിറ്റല്‍ പരിണാമത്തില്‍ അവര്‍ക്കൊപ്പം പങ്കാളികളായതില്‍ സന്തോഷമുണ്ട്. എസ്ബിഐ ഇന്റലിജന്റ് ക്ലൗഡ് പ്രയോജനപ്പെടുത്തുന്നതും, അവരുടെ ജീവനക്കാരെ ഡിജിറ്റലായി ശാക്തീകരിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപയോക്താക്കളെ പുതിയ രീതികളില്‍ വ്യാപൃതരാക്കുന്നതിനും ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഡിജിറ്റലായി പരിരക്ഷിക്കുന്നതിനുമൊപ്പം സുരക്ഷ, വിശ്വാസ്യത എന്നിവ പരിപാലിക്കാനും ബാങ്കിന് സാധിക്കുന്നുണ്ടെന്ന് നദെല്ല കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 6,7 തിയതികളിലായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് നദെല്ല ഇന്ത്യയിലെത്തിയത്. കമ്പനിയുടെ ഇന്ത്യാ ഡെവലപ്‌മെന്റ് സെന്റര്‍ സന്ദര്‍ശിച്ച അദ്ദേഹം ജീവനക്കാരുമായി സംവദിച്ചു. മൈക്രോസോഫ്റ്റില്‍ ചേര്‍ന്നതു മുതല്‍ സിഇഒ ആയതു വരെയുള്ള തന്റെ യാത്രയെ സംബന്ധിച്ച് അദ്ദേഹം ജീവനക്കാരോട് ആശയവിനിമയം നടത്തി. ഹിറ്റ് റീഫ്രഷ് എന്ന തന്റെ പുസ്തകത്തിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

Comments

comments

Categories: Slider, Top Stories