വനിതാസംരംഭകത്വത്തില്‍ സ്വീഡന്റെ സ്വീറ്റ് മാതൃക

വനിതാസംരംഭകത്വത്തില്‍ സ്വീഡന്റെ സ്വീറ്റ് മാതൃക

സൗന്ദര്യവര്‍ധക വിപണിയില്‍ സ്വന്തം പാത തുറന്ന് ഇസബെല്ല ലോവെന്‍ഗ്രിപ്പ്

പതിനാലാം വയസില്‍ ബ്ലോഗെഴുത്തു തുടങ്ങിയ ഇസബെല്ല ലോവെന്‍ഗ്രിപ്പിന് അവഗണന മാത്രമായിരുന്നു കൂട്ട്. എന്നാല്‍ 27-ാം വയസില്‍ അവള്‍ സ്വന്തം ബിസിനസ് സാമ്രാജ്യം വെട്ടിപ്പിടിച്ച് അജയ്യത തെളിയിച്ചു. സ്വീഡിഷ് ജനത, കൗമാരക്കാരികള്‍ പ്രത്യേകിച്ച് പ്രായോഗികമതികളാണെന്ന് ഇസബെല്ല പറയുന്നു. ഒരു ദശാബ്ദം മുമ്പ് ബ്ലോഗിംഗ് തരംഗം രാജ്യത്തുണ്ടായപ്പോള്‍ ഒട്ടേറെ ചെറുപ്പക്കാരാണ് അതില്‍ സജീവമായത്. എന്നാല്‍ മുഖ്യധാരാമാധ്യമങ്ങള്‍ അവരെ പരിഹസിക്കാനാണു തുനിഞ്ഞത്. ബ്ലോഗിലൂടെ ബിസിനസ് ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങിയ യുവതികളെന്നാണ് അവര്‍ ആക്ഷേപിച്ചത്. എന്നാല്‍ തങ്ങള്‍ ഇതുമായി മുമ്പോട്ടു പോകുകയായിരുന്നു. ഇക്കാര്യത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അവള്‍ പറയുന്നു. ബ്ലോന്‍ഡിന്‍ബെല്ല എന്ന തൂലികാനാമത്തില്‍ ഇസബെല്ല എഴുതിയ ബ്ലോഗുകള്‍ പെട്ടെന്നു ജനപ്രീതിയാര്‍ജിച്ചു. ഇന്ന് നോര്‍ഡിക് പ്രദേശമെന്നറിയപ്പെടുന്ന വടക്കന്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ബ്ലോഗറാണവള്‍. 1.5 മില്യണ്‍ വായനക്കാര്‍ അവളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നു.

ഇന്ന് സ്വീഡിഷ് ഭാഷയിലെഴുതുന്ന ഇസബെല്ലയുടെ ബ്ലോഗുകള്‍ ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, അറബി ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുന്നു. ഫാഷന്‍, സൗന്ദര്യം എന്നിവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലോവെന്‍ഗ്രിപ്പ്‌സ് എന്ന സംരംഭവും നടത്തുന്നു. ഇതോടൊപ്പം രണ്ടു കുട്ടികളെയും വളര്‍ത്തുന്നു. ഇന്ന് നോര്‍ഡിക്കിലെ ഏറ്റവും സ്വാധീനശേഷിയുള്ള വ്യക്തിത്വമെന്ന നിലയില്‍ മാത്രമല്ല, പുതിയ വ്യവസായങ്ങള്‍ക്കു പ്രോല്‍സാഹനമേകുന്ന കളരിയായും വാഴ്ത്തപ്പെടുന്നു. എഴുത്തുകാരിയെന്നതിനേക്കാള്‍ സംരംഭകയായി അറിയപ്പെടാനാണ് ഇസബെല്ലയുടെ ആഗ്രഹം. താന്‍ ഒരു നല്ല എഴുത്തുകാരിയൊന്നുമല്ലെന്നാണ് സ്വയം വിലയരുത്തുന്നത്. സംരംഭകയാകാനുള്ള താല്‍പര്യം ബ്ലോഗെഴുതാന്‍ തുടങ്ങിയ കാലത്തു തന്നെ ഉള്ളിലുണ്ടായിരുന്നു. ബ്ലോഗിന് പരസ്യങ്ങളും സ്‌പോണ്‍സര്‍മാരും ഉണ്ടായതോടെ സംരംഭകസാധ്യതയും മനസിലാക്കിയിരുന്നു. സമകാലീനരായ ബ്ലോഗര്‍മാര്‍ ലഭിച്ച വരുമാനം ധൂര്‍ത്തടിച്ചപ്പോള്‍ കിട്ടിയ ലാഭം പുതിയ സംരംഭങ്ങളില്‍ നിക്ഷേപിക്കാനാണ് ഇസബെല്ല തീരുമാനിച്ചത്. സ്‌പോട്ട് ലൈഫ് എന്ന സ്വന്തം ബ്ലോഗ് നോര്‍ഡിക് യുവഎഴുത്തുകാരുടെ വേദിയായി ഉപയോഗിക്കാന്‍ തുടങ്ങി. ഇത് ബ്ലോഗിന്റെ ജനപ്രീതി ഒന്നുകൂടി വര്‍ധിക്കാനിടയാക്കി.

ബ്ലോന്‍ഡിന്‍ബെല്ല എന്ന തൂലികാനാമത്തില്‍ ഇസബെല്ല എഴുതിയ ബ്ലോഗുകള്‍ പെട്ടെന്നു ജനപ്രീതിയാര്‍ജിച്ചു. ഇന്ന് നോര്‍ഡിക് പ്രദേശമെന്നറിയപ്പെടുന്ന വടക്കന്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ബ്ലോഗറാണവള്‍. 1.5 മില്യണ്‍ വായനക്കാര്‍ അവളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നു

2012-ല്‍ ലോവെന്‍ഗ്രിപ്പ് കെയര്‍ ആന്‍ഡ് കളര്‍ (എല്‍സിസി) എന്ന സ്വന്തം സൗന്ദര്യവര്‍ധക ബ്രാന്‍ഡ് ഇസബെല്ല പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും അതിവേഗവളര്‍ച്ച രേഖപ്പെടുത്തിയ സൗന്ദര്യവര്‍ധക കമ്പനിയായി എല്‍സിസി, റാങ്കിംഗ് നേടുകയും ചെയ്തു. മികച്ചതും വേഗത്തിലുള്ളതുമായ ഫലം നല്‍കുന്ന മുഖസൗന്ദര്യ ക്രീം, മസ്‌കാര, ഷാംപൂ, ബോഡി ലോഷന്‍ എന്നിവയാണ് എല്‍സിസി വിപണിയിലിറക്കുന്നത്. ഇന്ന് നോര്‍ഡിക് രാഷ്ട്രങ്ങളില്‍ പുകള്‍പെറ്റ കമ്പനി സ്വിറ്റ്‌സര്‍ലന്റ്, എസ്‌റ്റോണിയ എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 35 മില്യണ്‍ സ്വീഡിഷ് ക്രോണയാണ് കമ്പനിയുടെ വിറ്റുവരവ്. എന്നാല്‍ എല്‍സിസിയും ബ്ലോഗും തികഞ്ഞ പാരസ്പര്യത്തിലാണ് പോകുന്നത്. രണ്ടും ഒരേ ഓഫീസ് ഉപയോഗിക്കുകയും 25 ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സ്റ്റോക്ക്‌ഹോം മാള്‍ സ്റ്റിയൂര്‍ഗലേറിയനിലാണ് ഓഫീസ്. എല്‍സിസിയിലെ ഡിസൈനര്‍മാരും ലാബ് വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകളും മറ്റുമാണ് ബ്ലോഗിലെ വിഷയങ്ങള്‍. സൗന്ദര്യമല്‍സരങ്ങളും നേടിയ പ്രധാന കരാറുകളും വിഷയമാകാറുണ്ട്. തന്റെ ഉല്‍പ്പന്നങ്ങളും പദ്ധതികളും സംബന്ധിച്ച് ഇസബെല്ല വായനക്കാരോട് അഭിപ്രായമാരായുന്നതും ബ്ലോഗിലൂടെ തന്നെ.

ലോവെന്‍ഗ്രിപ്പ്‌സിന്റെ ബിസിനസ് താല്‍പര്യങ്ങൡ ഷൂസ്, വസ്ത്രബ്രാന്‍ഡുകള്‍, നിക്ഷേപം, പേഴ്‌സണല്‍ ഫിനാന്‍സ് വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഈ ബിസിനസുകളില്‍ നിന്നെല്ലാം കൂടി 75 മില്യണ്‍ സ്വീഡിഷ് ക്രോണയുടെ വിറ്റുവരവാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ബിസിനസിലുള്ള സ്വന്തം കഴിവ് തിരിച്ചറിഞ്ഞപ്പോള്‍ ഇസബെല്ല, അതിനെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയെന്ന് മാധ്യമപ്രവര്‍ത്തകനായ ഫ്രേസെ ലെവിന്‍സണ്‍ വിലയിരുത്തുന്നു. ഏതു ദിശയിലാണു കാറ്റു വീശുന്നതെന്ന് അവള്‍ക്കറിയാം. ചര്‍മ്മസംരക്ഷണം സ്വീഡിഷ് ഫെമിനിസ്റ്റുകള്‍ വിവാദവിഷയമാക്കിയപ്പോഴേക്കും അതു മുന്‍കൂട്ടിക്കണ്ട അവള്‍ സ്വന്തം ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിരുന്നു. മണിക്കൂറുകള്‍ ചെലവിട്ട് സ്വയം പഠിച്ച കാര്യങ്ങളാണ് ഇസബെല്ലയുടെ വിജയങ്ങള്‍ക്കു കാരണമായത്. അത്തരം അനുഭവപാഠമാണ് നിക്ഷേപം. ഇത് തന്റെ സഹസംരംഭകരുമായി ചേര്‍ന്ന് വിജയിപ്പിച്ചെടുക്കാന്‍ ഇസബെല്ലയ്ക്കായി. എന്നാല്‍ തന്റെ വിജയത്തിനു ചെലവാക്കിയ സമയവും പണവും വ്യക്തിജീവിതത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്ന് അവള്‍ സമ്മതിക്കുന്നു.

2012-ല്‍ ലോവെന്‍ഗ്രിപ്പ് കെയര്‍ ആന്‍ഡ് കളര്‍ (എല്‍സിസി) എന്ന സ്വന്തം സൗന്ദര്യവര്‍ധക ബ്രാന്‍ഡ് ഇസബെല്ല പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും അതിവേഗ വളര്‍ച്ച രേഖപ്പെടുത്തിയ സൗന്ദര്യവര്‍ധക കമ്പനിയായി എല്‍സിസി, റാങ്കിംഗ് നേടുകയും ചെയ്തു. മികച്ചതും വേഗത്തിലുള്ളതുമായ ഫലം നല്‍കുന്ന മുഖസൗന്ദര്യ ക്രീം, മസ്‌കാര, ഷാംപൂ, ബോഡി ലോഷന്‍ എന്നിവയാണ് എല്‍സിസി വിപണിയിലിറക്കുന്നത്

തന്റെ വിജയിക്കാത്ത സംരംഭങ്ങളെക്കുറിച്ചും ഇസബെല്ല മനസു തുറക്കുന്നു. ലാഭത്തില്‍ കൊണ്ടു വരാനാകാത്ത ഈഗോ ബൂസ്റ്റ് എന്ന മാസിക, ബെല്‍മീ എന്ന ആദ്യം തുടങ്ങിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നിവയെക്കുറിച്ചു പറയാനും അവള്‍ക്കു മടിയില്ല. ഇവയുടെ പരാജയങ്ങളില്‍ നിന്നു വളരെയധികം കാര്യങ്ങള്‍ പഠിക്കാനായെന്നാണ് അവള്‍ പറയുന്നത്. അനുഭവമാണ് ഗുരു. അന്നു കാണിച്ച അബദ്ധങ്ങളോട് കടപ്പെട്ടിരിക്കുന്നു. വിജയിക്കണമെങ്കില്‍ നിങ്ങള്‍ വീണ്ടും കുതിരപ്പുറത്തു കയറണം, ആളുകളെന്തു ചിന്തിക്കുന്നുവെന്നു ഭയന്ന് പിന്മാറരുതെന്നാണ് ഇസബെല്ലയുടെ ഉപദേശം. താന്‍ ഒരു മികച്ച ബിസിനസ് മേധാവിയല്ലെന്നു സമ്മതിക്കുന്ന ഇസബെല്ല, പക്ഷേ പുത്തന്‍ ആശയങ്ങള്‍ അവതരിപ്പിച്ചതില്‍ അഭിമാനം കൊള്ളുന്നു. എല്‍സിസിയെ വളര്‍ത്തി ലോകോത്തര ബ്രാന്‍ഡാക്കണമെന്ന ആഗ്രഹത്തിലാണവള്‍. ഇതിനായി ബിസിനസ് പങ്കാളിയും ധനകാര്യവിദഗ്ധനും പത്രപ്രവര്‍ത്തകയുമൊക്കെയായ പിംഗിസ് ഹഡേനിയസിനെ എല്‍സിസിയുടെ ചീഫ് എക്‌സിക്യുട്ടീവായി നിയമിച്ചിരിക്കുന്നു. സ്ഥാപനത്തിന്റെ മുഖമായ ഇസബെല്ല, ക്രിയേറ്റീവ് ഡയറക്റ്റര്‍ എന്ന പദവിയാണ് അലങ്കരിക്കുന്നത്. ഇത്തരമൊരു ജനപ്രിയ വ്യക്തിത്വം സ്ഥാപനത്തിന് എന്നും അനുഗ്രഹമായിരിക്കും.

സ്വീഡിഷ് വനിതകളുടെ ആരാധനാപാത്രമായി തീരുമ്പോഴും വ്യക്തിജീവിതത്തിന്റെ പേരില്‍ വിരുദ്ധാഭിപ്രായങ്ങളും ഇസബെല്ലയ്‌ക്കെതിരേ ഉയര്‍ന്നിട്ടുണ്ട്. അസുഖകരമായ ദാമ്പത്യത്തെ തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയതാണ് യാഥാസ്ഥിതിക സമൂഹത്തിന്റെ എതിര്‍പ്പു ക്ഷണിച്ചുവരുത്തിയത്. എന്നാല്‍ ഔദ്യോഗിക ജീവിതത്തില്‍ വിജയം കൈവരിച്ചിട്ടും വ്യക്തി ജീവിതത്തിന്റെ പേരില്‍ തന്നെ വിധിക്കുന്നവരെ അവഗണിക്കാനാണ് അവളുടെ തീരുമാനം. ബിസിനസും കുടുംബജീവിതവും തമ്മില്‍ കൂട്ടിക്കലര്‍ത്തേണ്ടതില്ലെന്നാണു താന്‍ കരുതുന്നതെന്ന് അവള്‍ വ്യക്തമാക്കുന്നു. സന്തുഷ്ടയായി കഴിയുന്നതിനാല്‍ത്തന്നെ താന്‍ നല്ലൊരു അമ്മയും മികച്ച സഹപ്രവര്‍ത്തകയും മികച്ച സംരംഭകയുമാണെന്നു സ്വയം വിലയിരുത്തുകയാണ് ഇസബെല്ല ലോവെന്‍ഗ്രിപ്പ്

Comments

comments

Categories: FK Special, Slider