വളര്‍ത്തലിന്റെയും അധ്യാപനത്തിന്റെയും പരാധീനതകള്‍

വളര്‍ത്തലിന്റെയും അധ്യാപനത്തിന്റെയും പരാധീനതകള്‍

കുട്ടികള്‍ നന്നായി പഠിച്ച് ഉയര്‍ന്ന ഗ്രേഡ് വാങ്ങണമെന്നല്ലാതെ വിദ്യാലയം അവരുടെ മാനസീകാ രോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും എണ്ണം കുറവാണ്. മസ്തിഷ്‌കത്തില്‍ സൗമ്യജാഗ്രതയുടെ ആല്‍ഫാ തരംഗങ്ങള്‍ നിറയുമ്പോഴേ ശരിയായ പഠനപ്രകിയ നടക്കുകയുള്ളൂവെന്നാണ് പഠനത്തിന്റെ നാഡീ മന:ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥിയുടെ സന്തോഷത്തിന് പഠന മികവുമായി ആനുപാതികമായ ബന്ധമുണ്ട്.

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനി സ്‌കൂളിന്റെ മൂന്നാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിലെ രണ്ട് അധ്യാപികമാരുടെ പേരില്‍ പ്രേരണാ കുറ്റത്തിന് പോലീസ് കേസ് എടുത്തിരിക്കുകയാണ്. വിദ്യാലയവും അധ്യയനവും നല്‍കുന്ന കടുത്ത മാനസിക പ്രയാസങ്ങളിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. വസ്തുതാപരമായ വിശകലനമാണ് ഈ വിഷയത്തിലുണ്ടാകേണ്ടത്. കുട്ടികളുടെ ഉള്‍ക്കരുത്തിന്റെയും മാനസികാരോഗ്യത്തിന്റെയും തലങ്ങള്‍ ഇതില്‍ അന്തര്‍ലീനമാണ്.

കുട്ടികള്‍ നന്നായി പഠിച്ച് ഉയര്‍ന്ന ഗ്രേഡ് വാങ്ങണമെന്നല്ലാതെ വിദ്യാലയം അവരുടെ മാനസീകാ രോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും എണ്ണം കുറവാണ്. മസ്തിഷ്‌കത്തില്‍ സൗമ്യജാഗ്രതയുടെ ആല്‍ഫാ തരംഗങ്ങള്‍ നിറയുമ്പോഴേ ശരിയായ പഠനപ്രകിയ നടക്കുകയുള്ളൂവെന്നാണ് പഠനത്തിന്റെ നാഡീ മന:ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥിയുടെ സന്തോഷത്തിന് പഠന മികവുമായി ആനുപാതികമായ ബന്ധമുണ്ട്. അത് പഠിതാവിന്റെ സുസ്ഥിതിയെ ഉയര്‍ത്തുന്നുമുണ്ട്. വ്യക്തിത്വ രൂപവത്കരണ കാലമായ ബാല്യ-കൗമാരങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിന്റെയും ഉല്‍ക്കണ്ഠയുടെയും ഭയാശങ്കകളുടെയും ആണെങ്കില്‍ അത് വിദ്യാഭ്യാസത്തെയും വ്യക്തിത്വത്തെയും ജീവിതവീക്ഷണത്തെയും സാരമായി ബാധിക്കും.

ഹയര്‍ സെക്കണ്ടറി തലത്തിലാണ് കുട്ടികള്‍ ഏറ്റവുമധികം മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും അനുഭവിക്കേണ്ടി വരുന്നത്. ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വ്വേയില്‍ ഉല്‍കണ്ഠാരോഗങ്ങളുടെ വ്യാപനം 56.8 ശതമാനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന തോതിലുള്ള മാനസിക സമ്മര്‍ദ്ദമാണ് ഉല്‍ക്കണ്ഠാരോഗങ്ങള്‍ക്കു കാരണം. വിഷാദം, ആത്മഹത്യാപ്രവണത, വ്യക്തിത്വ തകരാറുകള്‍ എന്നിവ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരികയാണ്. എഞ്ചിനിയറിംഗ്, മെഡിസിന്‍ എന്നീ മേഖലകളില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന കുട്ടികളില്‍ മനോസംഘര്‍ഷം മൂലം വിട്ടുമാറാത്ത ചുമ, പനി, വയറുവേദന, നടുവേദന, കണ്ണില്‍ നിന്നും വെള്ളം വരല്‍, വയറിളക്കം തുടങ്ങി നിരവധി പ്രശ്‌നമുണ്ടാകുന്നു ണ്ട്. ആന്ധ്രയിലും തെലുങ്കാനയിലും വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികളില്‍ അമ്പതോളം പേര്‍ ആത്മഹത്യചെയ്ത കാര്യം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മികച്ച ഗ്രേഡിനായുള്ള സമ്മര്‍ദ്ദം, കര്‍ശന അച്ചടക്കം, കഠിന ശിക്ഷാരീതികള്‍, ആത്മാഭിമാനം വ്രണപ്പെടുത്തുന്ന സമീപനങ്ങള്‍ തുടങ്ങിയവ മൂലം മനോസമ്മര്‍ദ്ദത്തിന്റെ പ്രഷര്‍കുക്കറുകളായി പഠനകേന്ദ്രങ്ങള്‍ മാറിയിട്ടുണ്ട്. താന്‍ വിദ്യാലയത്തില്‍ അരക്ഷിതനും നിസ്സഹായനുമാണെന്ന തോന്നലോ, ബോദ്ധ്യമോ കുട്ടിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും സഘര്‍ഷവും സൃഷ്ടിക്കുന്നുണ്ട്.

വിദ്യാലയങ്ങള്‍ വലിയ സമ്മര്‍ദ്ദകേന്ദ്രങ്ങളാകുന്നത് ഇളം മനസുകളെ തകര്‍ക്കും. സ്വയം മതിപ്പും ആത്മവിശ്വാസവുമാണ് വളര്‍ച്ചയുടെ അടിത്തറ. ഇത് തകര്‍ക്കപ്പെടും വിധമുള്ള സമീപനങ്ങള്‍ ഒരിക്കലും ഗുണം ചെയ്യില്ല. മനസിനെ തളര്‍ത്തിയും സ്വയം മതിപ്പ് നഷ്ടപ്പെടുത്തിയും കുട്ടികളെ നന്നാക്കാനാവുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ആത്മാഭിമാനം നഷ്ടപ്പെട്ടാല്‍ നിഷേധ വികാരവും വിഷാദവുമാണ് ആരിലും ഉണ്ടാവുക. കുട്ടിയുടെ സ്വയം മതിപ്പിന് പ്രഹരമേല്പിക്കുന്ന ഏത് ശിക്ഷാ നപടപടിയും ഒഴിവാക്കേണ്ടതാണ്. ക്ഷമ ഇല്ലാത്തവരുടെ ആയുധമാണ് തല്ലി നേരേയാക്കലും താഴ്ത്തി പറഞ്ഞ് തളര്‍ത്തിയുള്ള നേരെയാക്കലും. കുട്ടികളെ താഴ്ത്തികെട്ടി പറയുന്ന വാക്കുകള്‍ സഹപാഠികളുടെയിടയില്‍ തങ്ങള്‍ പരിഹസിക്ക പ്പെടേണ്ടവരാണെന്ന തോന്നലാണ് സൃഷ്ടിക്കുന്നത്. ഇത് കുട്ടികളുടെ മനസില്‍ നോവുകളുണ്ടാക്കുകയും മനോവികാസത്തില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുകയും ചെയ്യും. വേദനിപ്പിച്ചുകൊണ്ട് ലോകത്ത് ഒരാളുടെപോലും സ്വഭാവത്തില്‍ മാറ്റം വരുത്തുക സാധ്യമല്ല.

വളര്‍ത്തലിന്റെയും അധ്യാപനത്തിന്റെയും പരാധീനതകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഭാരമേറിയ പാഠ്യപദ്ധതിയും വിരസമായ അധ്യാപനരീതിയും പഠനം പീഡനമാക്കിയേക്കാം. തൊട്ടാവാടിയായി വളരുന്ന കുട്ടിയും നാണം കെടുത്തല്‍ ശീലമാക്കിയ അധ്യാപകനും കുഴിയില്‍ ചാടിക്കുന്ന കൂട്ടുകാരുമൊക്കെ ജീവിത വഴിയില്‍ ദുരന്തങ്ങള്‍ സമ്മാനിക്കും. കുട്ടികളെ ഉള്‍ക്കരുത്തോടെ വളര്‍ത്താന്‍ മാതാപിതാക്കള്‍ തയ്യാറാവണം. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ അവ വിവേകപൂര്‍വ്വം സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കേണ്ട ബാധ്യത മാതാപിതാക്കള്‍ക്കാണ്. ചെറുപ്പം മുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചും തെറ്റുകള്‍ തിരുത്തിക്കൊടുത്തും സ്വയം പര്യാപ്തതയിലേക്ക് വളരാന്‍ കുട്ടികളെ സഹായിക്കണം.

വിദ്യാലയങ്ങള്‍ വലിയ സമ്മര്‍ദ്ദകേന്ദ്രങ്ങളാകുന്നത് ഇളം മനസുകളെ തകര്‍ക്കും. സ്വയം മതിപ്പും ആത്മവിശ്വാസവുമാണ് വളര്‍ച്ചയുടെ അടിത്തറ. ഇത് തകര്‍ക്കപ്പെടും വിധമുള്ള സമീപനങ്ങള്‍ ഒരിക്കലും ഗുണം ചെയ്യില്ല. മനസിനെ തളര്‍ത്തിയും സ്വയം മതിപ്പ് നഷ്ടപ്പെടുത്തിയും കുട്ടികളെ നന്നാക്കാനാവുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ആത്മാഭിമാനം നഷ്ടപ്പെട്ടാല്‍ നിഷേധ വികാരവും വിഷാദവുമാണ് ആരിലും ഉണ്ടാവുക.

കുട്ടികളെ തല്ലാതെയും ശകാരിക്കാതെയും പഠിപ്പിക്കാന്‍ നമ്മുടെ അധ്യാപകര്‍ക്കിപ്പോഴും കഴിയുന്നില്ലെന്നത് ദു:ഖകരമാണ്. തെറ്റുകള്‍ക്ക് കുട്ടികളെ അടിക്കുന്നതും പിഞ്ചുമനസുകളില്‍ മുറിവേല്‍പ്പിക്കുംവിധം വഴക്കുപറയുന്നതും ദോഷഫലങ്ങളോ സൃഷ്ടിക്കുകയുള്ളൂ എന്ന തത്വം ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ളതാണ്. നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തെയും പഠനത്തെയും വ്യക്തിത്വ വികസനത്തെയും ദോഷകരമായി ബാധിക്കുമെന്ന് നാഷണല്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. അടിയും മറ്റു കടുത്ത ശിക്ഷാ നടപടികളും 2002 ല്‍ തന്നെ സുപ്രീംകോടതി നിരോധിച്ചിട്ടുണ്ട്. കുട്ടികളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന സൗഹൃദപരമായ അന്തരീക്ഷം ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാനങ്ങളില്‍ ചൂരല്‍ പ്രയോഗം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശിക്ഷകള്‍ പഠനത്തോടുള്ള വിമുഖതയും ഭയവും മറ്റു മാനസിക പ്രശ്‌നങ്ങളും സൃഷ്ടിക്കുവാന്‍ കാരണമാകുമെന്നാണ് വിദഗ്ദാഭിപ്രായം. ശിക്ഷ എന്ന വാക്കിന് ബോധനം, പരിശീലനം എന്നാണര്‍ത്ഥം. തെറ്റ് ബോധ്യപ്പെടുത്തുക, ശരി ചെയ്യാന്‍ പരിശീലിപ്പിക്കുക അതാണ് ശിക്ഷ കൊണ്ടുദ്ദേശിക്കുന്നത്. അല്ലാതെ തല്ലലല്ല. ശിക്ഷണം ഒരുവനെ വളരാനും വളര്‍ത്താനും സഹായിക്കുന്ന സമീപനങ്ങളാണ്. ഇതിന് ക്ഷമയും സഹിഷ്ണുതയും വേണം. ശിക്ഷ ഒരുതരത്തിലും പഠനത്തിന് പ്രേരകമാകുന്നില്ലെന്നാണ് ആധുനിക മന:ശാസ്ത്രം പറയുന്നത്. പാരമ്പര്യം, വൈയക്തിക പ്രകൃതം, സാഹചര്യങ്ങളുടെ സ്വാധീനം എന്നിവയാണ് ഒരു വ്യക്തിയുടെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കുന്ന ഘടകങ്ങള്‍. പെരുമാറ്റദൂഷ്യങ്ങളുടെ പുറകില്‍ ജൈവശാസ്ത്രപരവും മന:ശാസ്ത്രപരവുമായ കാരണങ്ങളുണ്ട്. അവ കണ്ടെത്തി പരിഹരിക്കാന്‍ മന:ശാസ്ത്രപരമായ സമീപനങ്ങള്‍ ആവശ്യമാണ്.

ശിക്ഷണത്തെക്കുറിച്ച് ബുദ്ധന്‍ പറഞ്ഞതിങ്ങനെയാണ് ; ‘ഒഴുക്കില്‍ ഒരില പോലെയാകണം നിന്റെ വിദ്യാര്‍ത്ഥി. ഒരു ചെടിത്തണ്ടു കൊണ്ട് ഒന്നു തൊട്ടാല്‍മതി ഇലയുടെ ദിശ മാറും. എത്ര സൗമ്യവും മൃദുലവുമായി അവരെ തൊടാമോ അത്രയും പതുക്കെ, അരുമയോടെ’. ശിക്ഷണത്തില്‍ കരുതലുണ്ട്, സ്‌നേഹമുണ്ട്, പ്രതീക്ഷയുണ്ട്. ശിക്ഷയില്‍ ശാഠ്യവും കാര്‍ക്കശ്യവും മാത്രമേയുള്ളൂ. കരുതലും സ്‌നേഹവും ക്ഷമയും സ്വപ്നവും ചേര്‍ന്നുണ്ടാകുന്ന ദിവ്യാനുപാതമുള്ള പാചകമാകണം വിദ്യാഭ്യാസം. സമ്മര്‍ദ്ദങ്ങള്‍ കുറച്ച് അരുതുകളും ആജ്ഞകളും ഒഴിവാക്കി, കാര്‍ക്കശ്യങ്ങളുടെ ചൂരല്‍ഭാഷയില്ലാതെ കുഞ്ഞുങ്ങളിലേക്കിറങ്ങിച്ചെല്ലണം. ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കാത്തവിധം താക്കീതുകളോ തിരുത്തലുകളോ നല്‍കാന്‍ കഴിയണം. കാടുകള്‍ നശിപ്പിക്കുകയല്ല, മരുഭൂമിയില്‍ ജലസേചനം നടത്തുകയാണ് ആധുനിക അധ്യാപത്തിന്റെ ദൗത്യം.

കുട്ടികളുടെ മാനസിക വ്യാപാരങ്ങളെ അടുത്തറിയാന്‍ മാതാപിതാക്കള്‍ക്കും സഹരക്ഷിതാക്കളായ അധ്യാപകര്‍ക്കും സാധിക്കണം. എല്ലാം തുറന്നുപറഞ്ഞ് സംവദിക്കാനും കൂട്ടുകൂടാനും കഴിയുന്നിടങ്ങളാകണം വീടും വിദ്യാലയവും. ഇവ കുഞ്ഞുങ്ങളുടെ സുരക്ഷിതകേന്ദ്രങ്ങളാകണം. സ്‌നേഹവും സഹാനുഭൂതിയുമാണ് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വേണ്ട പ്രഥമ ഗുണം. കരുതലും കരുണയും കാവലും സ്‌നേഹവും നല്‍കി മക്കളെ വളര്‍ത്തുക. തിരുത്താനും ഭാവിജീവിതത്തെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാനുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സ്‌നേഹശാസനകളുമാണ് നല്‍കേണ്ടത്. പലതരം മാനസിക ഘടനയുള്ളവരാണ് വിദ്യാര്‍ത്ഥികള്‍. പ്രശ്‌നങ്ങളെ ലഘുവായി കാണാന്‍ ചിലര്‍ക്ക് കഴിയും. എന്നാല്‍ ഉള്‍ക്കരുത്ത് കുറഞ്ഞവരില്‍ ശിക്ഷാനടപടികള്‍ വലിയ ആഘാതമേല്പിക്കും. ഈ അവബോധം രണ്ടുകൂട്ടര്‍ക്കും ഉണ്ടാകണം. നോവുകള്‍ സമ്മാനിക്കാതെ, കുട്ടികള്‍ തിരുത്തപ്പെടണമെന്ന ഉദ്ദേശത്തോടെ യുള്ള സമീപനങ്ങളാണ് അഭികാമ്യം.

സര്‍ഗ്ഗാത്മകവും സന്തോഷദായകവുമായ അന്തരീക്ഷമാണ് വിദ്യാലയങ്ങളില്‍ പുലരേണ്ടത്. മാര്‍ട്ടിന്‍ സെലിഗ്മാന്റെ നേതൃത്വത്തില്‍ 1990 കളില്‍ ഉയര്‍ന്നുവന്ന പോസിറ്റീവ് സൈക്കോളജി പഠനത്തിലും ജീവിതത്തിലും പരമപ്രധാനം സന്തുഷ്ടിയാണെന്നു കണ്ടെത്തിയിട്ടുണ്ട്. സര്‍ഗ്ഗാത്മകത, പരിശ്രമശീലം, സഹാനുഭൂതി, ജിജ്ഞാസ, പ്രേരണ, സംഘപ്രവര്‍ത്തനം തുടങ്ങിയവ സന്തുഷ്ടി വര്‍ദ്ധിപ്പിക്കും. മന:ശാസ്ത്രജ്ഞനായ ജൊഹാന്‍ പെസ്റ്റലോസി സന്തോഷവും പഠനവും തമ്മില്‍ പരസ്പര ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവിതത്തിലുടനീളം അനുഭവിക്കുന്ന അര്‍ത്ഥപൂര്‍ണ്ണമായ സന്തുഷ്ടിയാണ് മനുഷ്യന്റെ വളര്‍ച്ചയും വികസനവും സാധ്യമാക്കുന്നത്. മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന തലങ്ങളിലേക്ക് പരിശീലന പരിപാടികള്‍ വിദ്യാലയങ്ങളില്‍ ആരംഭിക്കണം. അധ്യാപകരും വിദ്യാര്‍ത്ഥികളും സഹപാഠികളും തമ്മില്‍ തമ്മില്‍ നല്ല ബന്ധവും, അര്‍ത്ഥപൂര്‍ണ്ണമായ പാഠ്യപദ്ധതിയും ഉണര്‍വേകുന്ന മനോ-ഭൗതിക സാഹചര്യങ്ങളും പഠന സന്നദ്ധതയുള്ള വിദ്യാര്‍ത്ഥികളും സംജാതമായാല്‍ മാനസിക സംഘര്‍ഷം ഗണ്യമായി കുറയും. സന്തുഷ്ടിയുടെയും സൗഹൃദത്തിന്റെയും മാനങ്ങളില്‍ വ്യാപരിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിച്ചെടു ത്താല്‍ മാത്രമേ ആത്മഹത്യപോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകൂ. 

Comments

comments

Categories: FK Special, Slider