5000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി പേടിഎം

5000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി പേടിഎം

ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവന്ന ആഗോള ഡിജിറ്റല്‍ പേമെന്റ് കമ്പനികളോട് മത്സരിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം

ബെംഗളൂരു: നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പേമെന്റ് കമ്പനിയായ പേടിഎം മൂന്നു വര്‍ഷത്തിനുള്ളില്‍ പേമെന്റ് ബിസിനസില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു. ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവന്ന ആഗോള ഡിജിറ്റല്‍ പേമെന്റ് കമ്പനികളോട് മത്സരിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം. വിപണിയില്‍ മുന്‍പന്തിയില്‍ എത്തുന്നതിന് ഉല്‍പ്പന്നങ്ങളുടെ നിലവാരമുയര്‍ത്തേണ്ടതും ഉപഭോക്താക്കളുടെ സ്വഭാവം മനസിലാക്കേണ്ടതും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഫോണ്‍പേ, മൊബിക്വിക്ക്, തേസ് തുടങ്ങിയവരാണ് വിപണിയിലെ പേടിഎമ്മിന്റെ പ്രധാന എതിരാളികള്‍. പേപാല്‍, വാട്‌സാപ്പ് തുടങ്ങിയ ആഗോള കമ്പനികള്‍ ഇന്ത്യയില്‍ പേമെന്റ് സേവനം ആരംഭിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്.

പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍ മേയ് മാസത്തില്‍ ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്കില്‍ നിന്ന് 9,000 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന യുപിഐയുടെ ഏറ്റവും വലിയ സേവനദാതാക്കളാക്കാനുള്ള ശ്രമത്തിലാണ് പേടിഎം എന്നാണറിയുന്നത്. ഒരു വര്‍ഷം മുമ്പ് നോട്ട് അസാധുവാക്കല്‍ നടപടിക്കുശേഷമാണ് പേടിഎം പ്ലാറ്റ്‌ഫോമില്‍ യുപിഐ സംവിധാനം അവതരിപ്പിച്ചത്. ഫഌപ്കാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫോണ്‍പേ കഴിഞ്ഞ വര്‍ഷം യുപിഐ സംവിധാനത്തെ തങ്ങളുടെ പ്ലാറ്റ്‌ഫോമുമായി ഏകീകരിച്ചിരുന്നു. യുപിഐ സംവിധാനം സ്വീകരിച്ചശേഷം പ്ലാറ്റ്‌ഫോം വഴിയുള്ള ഒരു പാദത്തില്‍ പിയര്‍ ടു പിയര്‍ ഇടപാടുകള്‍ (വ്യക്തികള്‍ തമ്മിലുള്ള ഇടപാട്) 100 ദശലക്ഷത്തില്‍ നിന്നും 200 ദശലക്ഷം എന്ന നിലയിലക്ക് ഉയരുമെന്നാണ് പേടിഎമ്മിന്റെ പ്രതീക്ഷ. പേടിഎമ്മിന് 200 ദശലക്ഷത്തിലധികം രജിസ്‌റ്റേഡ് ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. മൊബിക്വിക്കിന് 65 ദശലക്ഷവും ഫോണ്‍പേയ്ക്ക് 45 ദശലക്ഷം ഉപഭോക്താക്കളുമാണുള്ളത്.

Comments

comments

Categories: Business & Economy