ഭാരത്മാല പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം വെല്ലുവിളി നേടിരുമെന്ന് നിരീക്ഷണം

ഭാരത്മാല പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം വെല്ലുവിളി നേടിരുമെന്ന് നിരീക്ഷണം

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത്മാല പദ്ധതിയുടെ നടത്തിപ്പിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം തേടുന്നതില്‍ വെല്ലുവിളി നേരിടുമെന്ന് റിസര്‍ച്ച് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്‌സ് (ഇന്‍ഡ്-റാ) വിലയിരുത്തുന്നു. നാഷണല്‍ ഹൈവേസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിനു (എന്‍എച്ച്ഡിപി) ശേഷം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന രണ്ടാമത്തെ വലിയ ദേശീയ പാതാ വികസന പദ്ധതിയാണ് ഭാരത്മാല പരിയോജന പ്രൊജക്റ്റ്.

രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ 83,667 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാനാണ് പദ്ധതി. 6.92 ലക്ഷം കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുന്നതിന് ഏകദേശം 5.35 ലക്ഷം കോടി രൂപ വേണ്ടിവരും. 1.06 ലക്ഷം കോടി രൂപയുടെ സഹായം സ്വകാര്യ മേഖലയില്‍ നിന്നുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പര്‍മാര്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള പങ്കാളിത്തം വെല്ലുവിളിയാകുമെന്നാണ് ഇന്ത്യ റേറ്റിംഗ്‌സ് നിരീക്ഷിക്കുന്നത്.

ഭൂമി ഏറ്റെടുക്കലും പരിസ്ഥിതി-വനം-കാലാവസ്ഥാ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതികളും മറ്റ് നിര്‍മാണ പെര്‍മിറ്റുകളും ആശ്രയിച്ചാണ് ഭാരത്മാല പദ്ധതിയുടെ മുന്നോട്ടുപോക്കെന്ന് ഇന്ത്യ റേറ്റിംഗ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇത്തരം നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിലെ വേഗത കുറവാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രധാന തടസങ്ങളിലൊന്നെന്നും ഇന്‍ഡ്-റാ പറഞ്ഞു. ഇത്തരമൊരു വമ്പന്‍ പദ്ധതി നടപ്പാക്കുന്നതിനു മുന്‍പ് ഒരു നിയന്ത്രണ സമിതി രൂപീകരിച്ച് സമയാനുസൃതമായി ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് നിര്‍ണായകമാണെന്നും ഇന്ത്യ റേറ്റിംഗ്‌സ് അഭിപ്രായപ്പെടുന്നു. പദ്ധതിയില്‍ കൂടുതല്‍ നിര്‍മാണവും ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ നിര്‍മാണ ഉപകരണങ്ങളും ആവശ്യമായ സാധനങ്ങളും ഇത്തരം ഇടങ്ങളിലേക്ക് എത്തിക്കുന്നത് വെല്ലുവിളി നേരിടുമെന്നും ഇന്ത്യ റേറ്റിംഗ്‌സ് ചൂണ്ടിക്കാട്ടി.

നാഷണല്‍ ഹൈവേ്‌സ് അതോറിറ്റിയില്‍ നിന്നുള്ള വിവരമുനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8,231 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ദേശീയ പാത നിര്‍മാണമാണ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. പ്രതിദിനം 22.55 കിലോ മീറ്റര്‍ എന്ന കണക്കില്‍ 15,000 കിലോ മീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്താണിത്. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളില്‍ നേരിട്ട കാലതാമസമാണ് ഇതിനു കാരണം. അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗം പ്രതിദിനം 25.21 കിലോ മീറ്റര്‍ എന്ന നിലയിലേക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഭാരത്മാല പദ്ധതിയിലുള്‍പ്പെട്ട 83,677 കിലോ മീറ്റര്‍ ദൂരം പ്രതിദിനം 45 കിലോ മീറ്റര്‍ എന്ന കണക്കില്‍ അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Comments

comments

Categories: More