ഇന്ത്യയുടെ ചെലവിടല്‍ രീതിയില്‍ മാറ്റം വരുത്തുന്നതിനായിരുന്നു: അരുണ്‍ ജയ്റ്റ്‌ലി

ഇന്ത്യയുടെ ചെലവിടല്‍ രീതിയില്‍ മാറ്റം വരുത്തുന്നതിനായിരുന്നു: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നയത്തെ തുടര്‍ന്നുണ്ടായ ചലനങ്ങളും ഇതിന്റെ ചുവടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള മറ്റ് നടപടികളും ഇന്ത്യ പണം ചെലവിട്ടിരുന്ന രീതിയില്‍ മാറ്റം വരുത്തുന്നതിനു വേണ്ടിയായിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകള്‍ എങ്ങനെയായിരിക്കണമെന്നതില്‍ ശ്രദ്ധാകേന്ദ്രീകരിക്കുന്നതായിരുന്നു കഴിഞ്ഞ മൂന്ന്-നാല് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള മറ്റു നടപടികളെന്നും അതില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്ന അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികശക്തി എന്ന നിലയ്ക്ക് ഇന്ത്യക്ക് വലിയ അളവില്‍ കറന്‍സിയെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയായി തുടരാനാകുമോ എന്ന ചോദ്യമാണ് സര്‍ക്കാരിനു മുന്നിലുണ്ടായിരുന്നതെന്നും ജയ്റ്റ്‌ലി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നയവുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള നടപടികള്‍ പണത്തിന്റെ ഉപയോഗം കുറയ്ക്കുക, നികുതി അടിത്തറ വിപുലീകരിക്കുക, ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ളതായിരുന്നുവെന്നും ഇന്ത്യ പണം ചെലവഴിക്കുന്ന രീതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ജയ്റ്റ്‌ലി പറഞ്ഞു. അസാധുവാക്കിയ നോട്ടുകളില്‍ ഭൂരിഭാഗവും ബാങ്കുകളില്‍ തിരിച്ചെത്തിയത് നോട്ട് അസാധുവാക്കല്‍ നയത്തിന്റെ വിജയമാണെന്നാണ് ജയ്റ്റ്‌ലി ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന വാദം.

Comments

comments

Categories: Slider, Top Stories