ബാങ്കിംഗ് മേഖല 5 വര്‍ഷത്തിനുള്ളില്‍ തിരിച്ച് കയറും: ശ്രീറാം

ബാങ്കിംഗ് മേഖല 5 വര്‍ഷത്തിനുള്ളില്‍ തിരിച്ച് കയറും: ശ്രീറാം

കോര്‍പ്പറേറ്റ് മേഖലയില്‍ നിന്ന് വായ്പാ ഡിമാന്‍ഡ് കൂടണമെന്നും നിര്‍ദേശം

മുംബൈ: കഴിഞ്ഞ കുറേ ദശകങ്ങളായി വായ്പാ വളര്‍ച്ചയില്‍ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ബാങ്കിംഗ് മേഖല അടുത്ത മൂന്നു മുതല്‍ അഞ്ച് വരെയുള്ള വര്‍ഷങ്ങളില്‍ തിരിച്ച് കയറുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോര്‍പ്പറേറ്റ്, ആഗോള ബാങ്കിംഗ് വിഭാഗം മാനേജിംഗ് ഡയറക്റ്റര്‍ ബി ശ്രീറാം.

എന്റെ അഭിപ്രായത്തില്‍ അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ വായ്പാ ഡിമാന്റ് വര്‍ധിക്കും. എന്നാല്‍ വളര്‍ച്ചയില്‍ സ്ഥിരത കൈവന്നേക്കും-അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍ നടന്ന എഫ്‌ഐബിഎസി 2017 സെമിനാറില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഭക്ഷ്യഇതര ബാങ്കിംഗ് വായ്പയില്‍ ഒക്‌റ്റോബര്‍ 13 ന് അവസാനിച്ച ആഴ്ചയില്‍ 8.42 ശതമാനമാണ് വളര്‍ച്ച. തൊട്ട് മുന്‍പിലത്തെ ആഴ്ചയില്‍ ഇത് 7.64 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വായ്പാ വളര്‍ച്ച 9.01 ശതമാനമാണ്.

കമ്പനികളില്‍ നിന്നും വ്യക്തികളില്‍നിന്നും പരിഞ്ഞുകിട്ടാനുള്ള വായ്പാ ബാധ്യത 78.52 ലക്ഷം കോടി രൂപയാണ് . കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വരുന്ന പാദത്തില്‍ വര്‍ധനവ് കാണും. നിഷ്‌ക്രിയ ആസ്തികളുടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളും ഗുണം ചെയ്യും-അദ്ദേഹം ഓര്‍മിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും കോര്‍പ്പറേറ്റുകളുമാണ് വായ്പാ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുക

ഇന്ന് പല രംഗങ്ങളിലും വായ്പാ ആവശ്യകത കുറവാണ്. അതിനാല്‍ കോര്‍പ്പറേറ്റുകള്‍ വായ്പാ ആവശ്യകത വര്‍ധിപ്പിക്കേണ്ടതും വായ്പാ വളര്‍ച്ചയെ പലരീതിയിലും ത്വരിതപ്പെടുത്തേണ്ടതുമാണ്. കോര്‍പ്പറേറ്റ്, സൂക്ഷമ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ മുന്നോട്ട് പോകുന്നതില്‍ പരാജയപ്പെട്ടാല്‍ റീട്ടെയ്ല്‍ വിഭാഗവും മന്ദഗതിയിലായിമാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നും വായ്പകള്‍ക്ക് ആവശ്യകത കുറഞ്ഞത് മൂലം പലബാങ്കുകളും റീട്ടെയ്ല്‍ മേഖലയയുടെ വളര്‍ച്ചയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും കോര്‍പ്പറേറ്റുകളുമാണ് വായ്പാ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുക.

കാരണം ചെറുകിടസംരംഭക മേഖലയില്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കൂടാതെ കോര്‍പ്പറേറ്റുകള്‍ സ്വയം തിരുത്തലുകള്‍തുടങ്ങിക്കഴിഞ്ഞു. ഈ രണ്ട് വിഭാഗങ്ങളും വളര്‍ച്ച കൈവരിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ റീട്ടെയ്ല്‍ വിഭാഗത്തിന്റെ വളര്‍ച്ച തുടരും. മറിച്ച് ഇത് സാധ്യമായില്ലെങ്കില്‍ വിപരീതമായിരിക്കും ഫലം- അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Branding