ബാങ്ക് റീകാപിറ്റലൈസേഷന് ശക്തമായ വ്യവസ്ഥകളുമായി കേന്ദ്രം

ബാങ്ക് റീകാപിറ്റലൈസേഷന് ശക്തമായ വ്യവസ്ഥകളുമായി കേന്ദ്രം

ആസ്തികളുടെ വില്‍പ്പനയും നഷ്ടത്തിലായ ബ്രാഞ്ചുകളുടെ അടച്ചുപൂട്ടലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിയന്ത്രിക്കുന്നതും കരാര്‍ വ്യവസ്ഥകളിലുള്‍പ്പെടുന്നു

ന്യൂഡെല്‍ഹി: സാമ്പത്തിക ഉത്തേജനത്തിന്റെ ഭാഗമായി ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളി(പിഎസ്ബി) ലേക്ക് മൂലധന സഹായമെത്തിക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്. എന്നാല്‍ പദ്ധതിയുടെ ഭാഗമായി പുതിയ മൂലധനം ലഭ്യമാകുന്നതിന് കിട്ടാക്കടം, ചെലവ് ചുരുക്കല്‍ പദ്ധതികള്‍ എന്നിവ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കുന്ന കരാറുകളില്‍ സര്‍ക്കാരുമായി പൊതുമേഖലാ ബാങ്കുകള്‍ക്ക് ഒപ്പുവെക്കേണ്ടി വരും. 21 പൊതുമേഖലാ ബാങ്കുകളില്‍ 11 എണ്ണം ഈ വര്‍ഷം ആദ്യം തന്നെ മൂലധനം സ്വീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. അവര്‍ വീണ്ടും കരാര്‍ ഒപ്പിടേണ്ടതായി വരില്ല. അവരുടെ നിലവിലുള്ള കരാര്‍ തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഇന്ദ്രധനുഷ് പദ്ധതി പ്രകാരം 2016-17 കാലഘട്ടത്തില്‍ 12ഓളം പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായത്തിനായി 25,000 കോടി രൂപ വകയിരുത്തിയിരുന്നുവെങ്കിലും അവ അനുവദിക്കുന്നതിന് സര്‍ക്കാര്‍ ശക്തമായ വ്യവസ്ഥകള്‍ ചുമത്തിയിരുന്നില്ല. ഈ സാമ്പത്തിക വര്‍ഷം പുതിയ മൂലധനം ലഭ്യമാക്കണമെങ്കില്‍ കരാര്‍ ഒപ്പിടണമെന്ന് 11 ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇവ ചെറുതും താരതമ്യേന ദുര്‍ബലവുമായ ബാങ്കുകളാണ്.

നിഷ്‌ക്രിയാസ്തികളുടെ നിയന്ത്രണത്തിന് പുറമെ പ്രധാനപ്പെട്ടതല്ലാത്ത ആസ്തികളുടെ വില്‍പ്പനയും നഷ്ടത്തിലായ ബ്രാഞ്ചുകളുടെ അടച്ചുപൂട്ടലും കരാര്‍ വ്യവസ്ഥകളിലുള്‍പ്പെടുന്നു. മാത്രമല്ല ഓരോ പാദത്തിലെയും പ്രകടന ലക്ഷ്യങ്ങള്‍ സജ്ജീകരിക്കുകയും അവ ക്രമമായി നിരീക്ഷിക്കുകയും ചെയ്യും. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടാണ് ചെലവ് ചുരുക്കല്‍ പദ്ധതികള്‍ നടപ്പിലാക്കുക.

സര്‍ക്കാര്‍, പൊതുമേഖലാ ബാങ്കുകള്‍, അതിലെ ജീവനക്കാര്‍ എന്നിവര്‍ തമ്മിലുള്ള ത്രികക്ഷി ധാരണാപത്രത്തിലാണ് മൂലധനം ലഭ്യമാക്കാനായി ഒപ്പുവെക്കേണ്ടത്. അലഹാബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ദേനാ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂസിഒ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഈ സാമ്പത്തിക വര്‍ഷം ആദ്യം സര്‍ക്കാരുമായി കരാറുകള്‍ ഒപ്പിട്ടത്.

2.11 ലക്ഷം കോടി രൂപയില്‍ 1,35,000 കോടി രൂപ റീകാപിറ്റലൈസേഷന്‍ ബോണ്ടുകള്‍ വഴിയാണ് സമാഹരിക്കുക. ഇതിനു പുറമേ പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി വില്‍പനയിലൂടെ 58,000 കോടി രൂപയും സമാഹരിക്കും. നിലവിലുള്ള ഇന്ദ്രധനുഷ് പദ്ധതി പ്രകാരം 18,139 കോടി രൂപ ബജറ്റ് വിഹിതമായും നല്‍കും. പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തികള്‍ വന്‍തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വന്‍മൂലധന ഉള്‍ച്ചേര്‍ക്കല്‍ ആവശ്യമായി വന്നിരിക്കുന്നത്.

Comments

comments

Categories: Banking