ഡെല്‍ഹിയില്‍ വായു മലിനീകരണം അതിതീവ്ര നിലയില്‍

ഡെല്‍ഹിയില്‍ വായു മലിനീകരണം അതിതീവ്ര നിലയില്‍

ഡെല്‍ഹി ഒരു ഗ്യാസ് ചേംബറായി മാറിയിരിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനമായ ഡെല്‍ഹിയിലെ വായു മലിനീകരണത്തിന്റെ തോത് അതിതീവ്ര നിലയിലെന്ന് റിപ്പോര്‍ട്ട്. മലിനീകരണ തോത് അനുവദനീയമായ അളവിനെ പലതവണ ലംഘിച്ചെന്നാണ് കണ്ടെത്തല്‍. കനത്ത മഞ്ഞും പൊടിയും കൂടിച്ചേര്‍ന്ന അന്തരീക്ഷത്തില്‍ കാഴ്ചപരിധി വളരെ കുറഞ്ഞ രീതിയിലാണുള്ളതെന്നും മലിനീകരണത്തിന്റെ തീവ്രത ഏറെ രൂക്ഷമാണെന്നും ഇന്നലെ രാവിലെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) രേഖപ്പെടുത്തി.

ഡെല്‍ഹിയിലെ വായു മലിനീകരണം നേരിടാനുള്ള ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ജിആര്‍എപി) നടപ്പാക്കുന്നതിനുള്ള അധികാരം സുപ്രീംകോടതി നിയോഗിച്ച എന്‍വിറോണ്‍മെന്റ് പൊലൂഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ അതോറിറ്റി (ഇപിസിഎ)യ്ക്കാണിള്ളത്. വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡെല്‍ഹി നഗരത്തിലെ വാഹന പാര്‍ക്കിംഗ് ഫീസ് നാല് മടങ്ങ് വരെ വര്‍ധിപ്പിച്ചേക്കും. ദീപാവലിക്ക് ശേഷം രണ്ടാമത്തെ തവണയാണ് ഡെല്‍ഹിയില്‍ അതിതീവ്ര വായു മലിനീകരണം രേഖപ്പെടുത്തുന്നത്. ദീപാവലിക്ക് ശേഷം വളരെ മോശം വായു നിലവാരമാണ് മലിനീകരണ നിരീക്ഷകര്‍ ഡെല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ദീപാവലി സീസണില്‍ രാജ്യ തലസ്ഥാന മേഖലയില്‍ കരിമരുന്നുകളുടെ ഉപയോഗം സുപ്രീം കോടതി വിലക്കിയിരുന്നെങ്കിലും ഇത് പൂര്‍ണമായി പാലിക്കപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍.

വായു ഗുണമേന്മ സൂചിക (എക്യുഐ) യില്‍ വളരെ മോശം നിലവാരം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്വാസകോശ രോഗങ്ങളടക്കമുള്ളവ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു.എന്നാല്‍ നിലവില്‍ ശ്വസന,ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്കൊപ്പം ആരോഗ്യമുള്ള ആളുകളെയും അതിതീവ്ര വായു മലിനീകരണം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കാറ്റിന്റെ പൂര്‍ണ അഭാവമാണ് സ്ഥിതിഗതികള്‍ മോശമാക്കുന്നതെന്നാണ് സിപിസിബി പറയുന്നത്. ഡെല്‍ഹിയുടെ സമീപപ്രദേശങ്ങളായ നോയ്ഡയിലും ഗാസിയാബാദിലും കടുത്ത വായു മലിനീകരണം സിപിസിബി രേഖപ്പെടുത്തിയിട്ടുണ്ട്.

ഡെല്‍ഹി ഒരു ഗ്യാസ് ചേംബറായി മാറിയെന്നും എല്ലാ സീസണിലും ഇത് ആവര്‍ത്തിക്കുകയാണെന്നും ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഇതിന് ശാശ്വത പരിഹാരം കാണുന്നതിന് സമീപ സംസ്ഥാനങ്ങളില്‍ വിളമാലിന്യങ്ങള്‍ കത്തിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രമായ വായു മലിനീകരണം കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് കുറച്ചു ദിവസം അവധി നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയക്ക് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെല്‍ഹിയിലെ സ്‌കൂളുകളിലെ എല്ലാ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories