റോയല്‍ എന്‍ഫീല്‍ഡ് 650 സിസി പാരലല്‍-ട്വിന്‍ എന്‍ജിന്‍ അനാവരണം ചെയ്തു

റോയല്‍ എന്‍ഫീല്‍ഡ് 650 സിസി പാരലല്‍-ട്വിന്‍ എന്‍ജിന്‍ അനാവരണം ചെയ്തു

500 സിസിക്ക് മുകളില്‍ പുതിയൊരു സെഗ്‌മെന്റ് സൃഷ്ടിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യം

ലെസ്റ്റര്‍ (യുകെ) : റോയല്‍ എന്‍ഫീല്‍ഡ് പുതിയ 650 സിസി പാരലല്‍-ട്വിന്‍ എന്‍ജിന്‍ ലെസ്റ്ററിന് സമീപത്തെ തങ്ങളുടെ യുകെ ടെക്‌നോളജി സെന്ററില്‍ അനാവരണം ചെയ്തു. ഇന്ന് തുടങ്ങുന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ രണ്ട് പുതിയ ബൈക്കുകള്‍ അനാവരണം ചെയ്യുന്നതിന് തൊട്ടുമുമ്പാണ് കമ്പനി സുപ്രധാന നേട്ടം കൈവരിച്ചത്. ബ്രാന്‍ഡ് ന്യൂ പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഇനി റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പവര്‍ഫുള്‍ എന്‍ജിന്‍. 648 സിസി എയര്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ എന്‍ജിന്‍ 7,100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 52 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. സിക്‌സ് സ്പീഡ് ട്രാന്‍സ്മിഷനായിരിക്കും ഈ പുതിയ എന്‍ജിന്റെ സഹപ്രവര്‍ത്തകന്‍.

എയര്‍ കൂളര്‍, ഓരോ സിലിണ്ടറിനും നാല് വാല്‍വുകള്‍, സിംഗിള്‍ ഓവര്‍ഹെഡ് കാം എന്നിവ പുതിയ എന്‍ജിന്റെ സവിശേഷതകളാണ്. ഏകദേശം 7,500 ആര്‍പിഎം വരെ സാധ്യമാകുന്ന എന്‍ജിന്‍ മണിക്കൂറില്‍ 130-140 കിലോമീറ്റര്‍ സ്പീഡ് അനായാസം ഉറപ്പാക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് സിഇഒ സിദ്ധാര്‍ത്ഥ ലാല്‍ അറിയിച്ചു. വൈബ്രേഷന്‍ കുറയ്ക്കുന്നതിന് ബാലന്‍സര്‍ ഷാഫ്റ്റ് എന്‍ജിന്റെ ഭാഗമാണ്. യുകെ ടെക്‌നോളജി സെന്ററിലാണ് പുതിയ എന്‍ജിന്‍ രൂപകല്‍പ്പന ചെയ്തതെങ്കിലും റോയല്‍ എന്‍ഫീല്‍ഡിന്റെ ആസ്ഥാനമായ ചെന്നൈയിലെ ടെക്‌നീഷ്യന്‍മാര്‍ കൂടെ ചേര്‍ന്നാണ് വികസിപ്പിച്ചെടുത്തത്. റോയല്‍ എന്‍ഫീല്‍ഡ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്ന പുതിയ ബൈക്കുകളില്‍ പുതിയ എന്‍ജിന്‍ ഉപയോഗിക്കും.

ഇന്ന് തുടങ്ങുന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡ് രണ്ട് പുതിയ ബൈക്കുകള്‍ അനാവരണം ചെയ്യും

800 സിസി വരെയുള്ള സെഗ്‌മെന്റില്‍ കളംനിറഞ്ഞു കളിക്കുന്ന നിലവിലെ കമ്പനികള്‍ക്കെതിരെ മത്സരിക്കാനല്ല പുതിയ 650 സിസി എന്‍ജിന്‍ വികസിപ്പിച്ചതെന്ന് സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞു. 500 സിസിക്ക് മുകളില്‍ പുതിയൊരു സെഗ്‌മെന്റ് സൃഷ്ടിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യം. 800 സിസി വാങ്ങാന്‍ കഴിയാത്തവര്‍ക്കായി ആകര്‍ഷകമായ പെര്‍ഫോമന്‍സും വിലയും ഒത്തുചേരുന്ന മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. അഭിഗമ്യവും പ്രാപ്യവുമായ 650 സിസി മോട്ടോര്‍സൈക്കിള്‍.

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ എന്‍ജിനില്‍ വരുന്ന പുതിയ ബൈക്കുകളുടെ ആദ്യ ലക്ഷ്യസ്ഥാനം ഇന്ത്യന്‍ മഹാവിപണിയാണ്. ഇറക്കുമതി ചെയ്തതോ വിദേശ ബ്രാന്‍ഡുകളുടേയോ അല്ലാതെ 500 സിസിക്ക് മുകളില്‍ ഇന്ത്യക്കാര്‍ക്ക് ഒരു മോട്ടോര്‍സൈക്കിള്‍ ഇല്ലായെന്നതാണ് വസ്തുത. 750-800 സിസി സെഗ്‌മെന്റിലെ ബൈക്കുകളുടെ ആധിക്യം കാരണം വഴിയിലിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പുതിയ എന്‍ജിനും പുതിയ മോഡലുകളുമായി പുതിയൊരു സെഗ്‌മെന്റിന് തുടക്കം കുറിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് ചെയ്യുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി.

പുതിയ ബൈക്കുകളുടെ വില്‍പ്പന അടുത്ത വര്‍ഷം ഏപ്രിലില്‍ തുടങ്ങും. ലോഞ്ച് തിയ്യതി തീരുമാനിക്കുന്നതേയുള്ളൂ. ഇന്ത്യയില്‍ പുറത്തിറക്കിയശേഷം മറ്റ് ലോക വിപണികളിലും അവതരിപ്പിക്കും. കൂടുതല്‍ സ്‌പെസിഫിക്കേഷനുകളുള്ള മോട്ടോര്‍സൈക്കിളുകളായിരിക്കും 650 സിസി എന്‍ജിനില്‍ വരുന്നത്. ഇന്ത്യ, യുഎസ്, യൂറോപ്പ്, കൊളംബിയ, ബ്രസീല്‍, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളില്‍ ഒരേ ബൈക്കുകള്‍ തന്നെ വിപണനം നടത്തും. പുതിയ ബൈക്കുകള്‍ പൂര്‍ണ്ണമായും പുതിയതായിരിക്കും. മോഡലുകള്‍ ഏതെല്ലാമെന്ന് അറിവാകുന്നതേയുള്ളൂ. ഇന്ന് തുടങ്ങുന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ എല്ലാത്തിനും ഉത്തരം തരും.

Comments

comments

Categories: Auto