റെനോ കാപ്ചര്‍ ഇന്ത്യയില്‍ അവതരിച്ചു

റെനോ കാപ്ചര്‍ ഇന്ത്യയില്‍ അവതരിച്ചു

വില 9.99 ലക്ഷം രൂപ മുതല്‍

ന്യൂ ഡെല്‍ഹി : റെനോ കാപ്ചര്‍ ഒടുവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 9.99 ലക്ഷം മുതല്‍ 13.88 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഫ്രഞ്ച് കാര്‍ കമ്പനിയായ റെനോയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോംപാക്റ്റ് എസ്‌യുവിയാണ് കാപ്ചര്‍. ഡസ്റ്ററാണ് ആദ്യത്തേത്. യൂറോപ്പില്‍ വില്‍ക്കുന്നതിനേക്കാള്‍ ഒരുപാട് മാറ്റങ്ങളുമായാണ് ഇന്ത്യയില്‍ കാപ്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ മാറ്റങ്ങള്‍ റെനോ കാപ്ചറിന് പുതുമ നല്‍കി എന്നുമാത്രമല്ല, നിര്‍മ്മാണ ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രഞ്ച് കമ്പനിക്ക് ഏറെ ഗുണകരവുമാണ്. ഡസ്റ്റര്‍ എസ്‌യുവിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് കാപ്ചര്‍ എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്. അതായത് രണ്ട് മോഡലുകളും പണിതുയര്‍ത്തിയിരിക്കുന്നത് എംഒ പ്ലാറ്റ്‌ഫോമില്‍. എന്നാല്‍ അധിക ഫീച്ചറുകളുമായി കാപ്ചര്‍ ആണ് കൂടുതല്‍ പ്രീമിയം.

റെനോ കാപ്ചര്‍- വിവിധ വേരിയന്റുകളുടെ വില

വേരിയന്റ് പെട്രോള്‍ ഡീസല്‍

ആര്‍എക്‌സ്ഇ 9.99 ലക്ഷം രൂപ 11.39 ലക്ഷം രൂപ

ആര്‍എക്‌സ്എല്‍ 11.07 ലക്ഷം രൂപ 12.47 ലക്ഷം രൂപ

ആര്‍എക്‌സ്ടി 11.69 ലക്ഷം രൂപ 13.09 ലക്ഷം രൂപ

പ്ലാറ്റിന്‍ — 13.88 ലക്ഷം രൂപ

റെനോയുടെ ഗ്ലോബല്‍ ഡിസൈന്‍ ലാംഗ്വേജിന്റെ അടിസ്ഥാനത്തില്‍ ക്രോസ്ഓവറായാണ് കാപ്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തികച്ചും ഒരു പ്രീമിയം കാര്‍. യൂറോപ്പിലേതുപോലെ ഇന്ത്യയില്‍ പുറത്തിറക്കിയ കാപ്ചറിന്റെ പേരിലെ ആദ്യ അക്ഷരം ഇംഗ്ലീഷ് അക്ഷരമാലയിലെ സി ആണെങ്കില്‍ റഷ്യന്‍ വേര്‍ഷന്റെ പേര് തുടങ്ങുന്നത് കെ എന്ന അക്ഷരത്തിലാണ്. കാപ്ചര്‍ എന്ന നാമധേയത്തിലെ ആദ്യ അക്ഷരത്തിന് മാറ്റം വരുമെന്നര്‍ത്ഥം.

ബോള്‍ഡ് ഗ്രില്ല്, അതിലെ ഡയമണ്ട് ആകൃതിയിലുള്ള റെനോ ലോഗോ എന്നിവയോടെയുള്ള രൂപകല്‍പ്പന റെനോ കാപ്ചര്‍ എന്ന കോംപാക്റ്റ് എസ്‌യുവിക്ക് സ്മാര്‍ട്ട്‌നെസ്സ് നല്‍കുന്നതും ഇഷ്ടം തോന്നിപ്പിക്കുന്നതുമാണ്. റെനോ കാപ്ചര്‍ വളരെ അര്‍ബന്‍ ആണെന്ന് പറയാം. കാപ്ചര്‍ എന്നാണ് പേരെങ്കിലും ടോപ് വേരിയന്റുകള്‍ കാപ്ചര്‍ പ്ലാറ്റിന്‍ എന്ന് അറിയപ്പെടും.

റെനോ കാപ്ചര്‍ അളവുകള്‍

നീളം 4,329 എംഎം

വീല്‍ബേസ് 2,673 എംഎം

വീതി 1,813 എംഎം

ഉയരം 1,619 എംഎം

ടയര്‍ സൈസ് 215/60 ആര്‍17

ബൂട്ട് 392 ലിറ്റര്‍ (1,352 ലിറ്റര്‍ വരെ വര്‍ദ്ധിപ്പിക്കാം)

ഗ്രൗണ്ട് ക്ലിയറന്‍സ് 210 എംഎം

ഫ്യൂവല്‍ ടാങ്ക് 50 ലിറ്റര്‍

യൂറോപ്പില്‍ വില്‍ക്കുന്നതിനേക്കാള്‍ ഒരുപാട് മാറ്റങ്ങളുമായാണ് ഇന്ത്യയില്‍ കാപ്ചര്‍ പുറത്തിറക്കിയിരിക്കുന്നത്

അളവുകള്‍ പരിശോധിക്കുമ്പോള്‍, കാപ്ചറിന് റെനോ ഡസ്റ്ററിനേക്കാള്‍ നീളമുണ്ട്. എന്നാല്‍ വീതിയും ഉയരവും കുറവാണ്. കാപ്ചറിന്റെ 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഡസ്റ്ററിനേക്കാള്‍ മികച്ചതാണ്. ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഡൈനാമിക് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ആരെയും ആകര്‍ഷിക്കും. ഇംഗ്ലീഷ് അക്ഷരമാലയിലെ സി ആകൃതിയിലുള്ള മുന്നിലെ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍ മാസ്സ് ആണ്. ഓള്‍-എല്‍ഇഡി റാപ്എറൗണ്ട് ടെയ്ല്‍ലൈറ്റുകള്‍ വളരെ കലാപരം. ടോപ് വേരിയന്റുകള്‍ക്ക് 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്.

പ്രീമിയം കാര്യത്തില്‍ ഇന്റീരിയര്‍ ഒട്ടും മോശമല്ല. ഡസ്റ്ററുമായി താരതമ്യം ചെയ്യുമ്പോള്‍, ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളെല്ലാം വിലയേറിയതും ആകര്‍ഷകവുമാണ്. ഡുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലാണ് കാബിന്‍ പണിതിരിക്കുന്നത്. സെന്റര്‍ കണ്‍സോളില്‍ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കാണാം. ഡിജിറ്റല്‍ ഡിസ്‌പ്ലേ സഹിതമാണ് ട്വിന്‍-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍.

പ്ലാറ്റിന്‍ വേര്‍ഷന്റെ കാബിനില്‍ ഗോള്‍ഡ്, വൈറ്റ് ഇന്‍സെര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നു. നിരവധി പേഴ്‌സണലൈസേഷന്‍ ഓപ്ഷനുകളും കമ്പനി ഓഫര്‍ ചെയ്യുന്നു. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, നാവിഗേഷന്‍, സ്റ്റിയറിംഗിലെ കണ്‍ട്രോളുകള്‍ എന്നിവയെല്ലാം നല്‍കുമ്പോഴും ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുടെ അഭാവം ഒരു പോരായ്മയായി മുഴച്ചുനില്‍ക്കുന്നു. ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ് വിത് ഇബിഡി, ബ്രേക്ക് അസ്സിസ്റ്റ് എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.

ഹുഡിന് അടിയില്‍ 1.5 ലിറ്റര്‍ കെ9കെ ഡീസല്‍ എന്‍ജിന്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് ഓപ്ഷനുകള്‍. ട്രാന്‍സ്മിഷന്റെ കാര്യത്തില്‍ ഓട്ടോമാറ്റിക്, ഓള്‍-വീല്‍-ഡ്രൈവ് ഓപ്ഷനുകള്‍ റെനോ നല്‍കുന്നില്ല. ഭാവിയില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം.

റെനോ കാപ്ചര്‍- എന്‍ജിന്‍ സ്‌പെസിഫിക്കേഷനുകള്‍

സ്‌പെസിഫിക്കേഷന്‍ പെട്രോള്‍ ഡീസല്‍

ഡിസ്‌പ്ലേസ്‌മെന്റ് 1,498 സിസി 1,461 സിസി

മാക്‌സിമം പവര്‍ 104 ബിഎച്ച്പി @ 5,600 ആര്‍പിഎം 108 ബിഎച്ച്പി @ 4,000 ആര്‍പിഎം

പീക്ക് ടോര്‍ക്ക് 142 എന്‍എം @ 4,000 ആര്‍പിഎം 260 എന്‍എം @ 1,750 ആര്‍പിഎം

ട്രാന്‍സ്മിഷന്‍ 6 സ്പീഡ് എംടി 6 സ്പീഡ് എംടി

ഹ്യുണ്ടായ് ക്രേറ്റ, ജീപ്പ് കോംപസ്, മഹീന്ദ്ര എക്‌സ്‌യുവി 500 എന്നീ കരുത്തന്‍മാരെ വെല്ലുവിളിക്കാന്‍ തന്നെയാണ് വൈകിയാണെങ്കിലും റെനോ കാപ്ചര്‍ എത്തിയിരിക്കുന്നത്. കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിംഗ് നേരത്തെ തുടങ്ങിയിരുന്നു. ഈ മാസം തന്നെ ഡെലിവറി ആരംഭിക്കും.

Comments

comments

Categories: Auto