ഓഗസ്റ്റില്‍ ഇക്വിറ്റികളിലെ എഫ്പിഐ അറ്റ നിക്ഷേപം 3,000 കോടി രൂപ

ഓഗസ്റ്റില്‍ ഇക്വിറ്റികളിലെ എഫ്പിഐ അറ്റ നിക്ഷേപം 3,000 കോടി രൂപ

മുന്‍പുള്ള രണ്ട് മാസങ്ങളിലും വിറ്റഴിക്കലിനാണ് വിദേശ നിക്ഷേപകര്‍ ശ്രമിച്ചത്

ന്യൂഡെല്‍ഹി: രണ്ട് മാസത്തെ തീവ്രമായ വില്‍പ്പന പ്രവണതയ്ക്ക് ശേഷം ഒക്‌റ്റോബറില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ വാങ്ങലിലേക്ക് തിരിഞ്ഞു. കഴിഞ്ഞമാസം അറ്റ നിക്ഷേപമായി 3,000 കോടി രൂപയ്ക്കു മുകളിലാണ് രേഖപ്പെടുത്തിയത്. ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്താന്‍ 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് വില്‍പ്പനയില്‍ നിന്നും വാങ്ങലിലേക്ക് തിരിയാന്‍ വിദേശ നിക്ഷേപകര്‍ക്ക് പ്രേരണ നല്‍കിയത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി 24,000 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് ഓഹരി വിപണികളിലുണ്ടായത്. അതിനു മുമ്പ് ഫെബ്രുവരി-ജൂലൈ മാസക്കാലയളവില്‍ 59,000 കോടി രൂപയായിരുന്നു ഇക്വിറ്റികളില്‍ എഫ്പിഐ നിക്ഷേപം. കഴിഞ്ഞ മാസം ഇക്വിറ്റികളില്‍ 3,055 കോടി രൂപയുടെ നിക്ഷേപമാണ് എഫ്പിഐകള്‍ നടത്തിയതെന്ന് ഡെപോസിറ്ററി ഡാറ്റ കാണിക്കുന്നു.

പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനായി 2.11 ലക്ഷം കോടി രൂപയും റോഡ് വികസനത്തിനായി 6 ലക്ഷം കോടി രൂപയും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് വരെ ഒക്‌റ്റോബര്‍ മാസത്തിലും എഫിപിഐകളില്‍ അറ്റ വില്‍പ്പന പ്രവണത തുടര്‍ന്നിരുന്നുവെന്നാണ് ഫണ്ട്‌സ്ഇന്ത്യ ഡോട്ട് കോമിലെ മ്യൂച്വല്‍ ഫണ്ട് റിസര്‍ച്ച് മേധാവി വിദ്യ ബാല വ്യക്തമാക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് ശേഷം എഫ്പിഐകളില്‍ നിന്ന് ഓഹരി വിപണികളിലേക്ക് പണമൊഴുകാന്‍ തുടങ്ങി. ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതും അടിസ്ഥാനസൗകര്യ ചെലവിടലും സമ്പദ്ഘടനയ്ക്കും വിപണികള്‍ക്കും പുതുജീവന്‍ നല്‍കുമെന്ന എഫ്പിഐകളുടെ നിരീക്ഷണത്തെ തുടര്‍ന്നാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് ഒക്‌റ്റോബര്‍ 24നാണ് കേന്ദ്ര ധനമന്ത്രി അരുണ്‍, ജയ്റ്റ്‌ലി 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. ഇതില്‍ 1.35 ലക്ഷം കോടി രൂപ റീകാപിറ്റലൈസേഷന്‍ ബോണ്ടുകള്‍ വഴിയും ബാക്കി തുക ബജറ്റ് വിഹിതത്തില്‍ നിന്നും വിപണികളില്‍ നിന്നും സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോക ബാങ്കിന്റെ ബിസിനസ് സൗഹൃദ റാങ്കിംഗില്‍ ഇന്ത്യ മുന്നേറ്റം നടത്തിയതും നിക്ഷേപകരുടെ അനുകൂല മനോഭാവത്തിന് കാരണമായെന്നാണ് മോണിംഗ്‌സ്റ്റാര്‍ ഇന്ത്യയിലെ സീനിയര്‍ അനലിസ്റ്റ് മാനേജര്‍ ആയ ഹിമാന്‍ഷു ശ്രീവാസ്തവ പറയുന്നത്. കൂടാതെ ആഗോള നിക്ഷേപമനോഭാവത്തിലെ നേരിയ മെച്ചപ്പെടലും കറന്‍സി സ്ഥിരതയും ഇന്ത്യയ്ക്ക് അനുകൂലമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം പാദത്തിലെ കോര്‍പ്പറേറ്റ് വരുമാനങ്ങള്‍ പുരോഗമിച്ചതിനാല്‍ എഫ്പിഐ ഒഴുക്കുകളില്‍ സ്ഥിരതയുണ്ടായേക്കാമെന്നാണ് ഷേര്‍ഖാന്‍ ഹെഡ് അഡൈ്വസറിയായ ഹേമംഗ് ജാനി പറയുന്നത്. ഇക്വിറ്റികള്‍ക്ക് പുറമെ കഴിഞ്ഞ മാസം ഡെറ്റ് സെഗ്മെന്റുകളില്‍ 16,000 കോടി രൂപ എഫ്പിഐകള്‍ നിക്ഷേപിച്ചിരുന്നു. ഇന്ത്യന്‍ ബോണ്ടുകളുടെ വരുമാനം ഉയര്‍ന്നതാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: Business & Economy