2018 ഫെബ്രുവരിയോടെ 3 ബോയിംഗ് വിമാനങ്ങള്‍ എയര്‍ ഇന്ത്യ വാങ്ങും

2018 ഫെബ്രുവരിയോടെ 3 ബോയിംഗ് വിമാനങ്ങള്‍ എയര്‍ ഇന്ത്യ വാങ്ങും

രണ്ട് ബോയിംഗ് വിമാനങ്ങള്‍ 2018 ജനുവരിയിലും ഒരെണ്ണം ഫെബ്രുവരിയിലും ലഭിക്കും

ന്യൂഡെല്‍ഹി: പുതിയ 3 ബോയിംഗ് വിമാനങ്ങള്‍ വാങ്ങുന്നതിനായി 535 മില്യണ്‍ ഡോളറിന്റെ ധനസമാഹരണത്തിന് ദേശിയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഒരുങ്ങുന്നു. ഇതില്‍ രണ്ട് വിമാനങ്ങള്‍ വിവിഐപി യാത്രയ്ക്ക് വേണ്ടിയുള്ളതാണ്. 2005-06ല്‍ എയര്‍ ഇന്ത്യയ്ക്ക് വേണ്ടി 111 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള യുപിഎ സര്‍ക്കാരിന്റെ പദ്ധതി വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആ ഓര്‍ഡറിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങളും വാങ്ങുന്നത്.

ബോയിംഗുമായുള്ള കരാര്‍ പ്രകാരം ബി777-300 എയര്‍ക്രാഫ്റ്റുകള്‍ 15 എണ്ണമാണ് എയര്‍ ഇന്ത്യ വാങ്ങുക. ഇതില്‍ 12 എണ്ണം നിലവില്‍ വാങ്ങിയിട്ടുണ്ട്. യുഎസ് പോലുള്ള ദീര്‍ഘദൂര പാതകളിലാണ് അവ വിന്യസിച്ചിരിക്കുന്നത്. ബാക്കിയുള്ള മൂന്നെണ്ണത്തില്‍ രണ്ട് ബോയിംഗ് വിമാനങ്ങള്‍ 2018 ജനുവരിയിലും ഒരെണ്ണം ഫെബ്രുവരിയിലും എയര്‍ ഇന്ത്യയ്ക്ക് ലഭിക്കും.

വിമാനങ്ങള്‍ വാങ്ങുന്നതിനായി 535 മില്യണ്‍ ഡോളറിന്റെ വായ്പയ്ക്ക് എയര്‍ലൈന്‍ അപേക്ഷിച്ചിട്ടുണ്ട്. നിലവിലെ വിനിമയ നിരക്കില്‍ വായ്പാ തുക ഏകദേശം 3460 കോടി രൂപയോളം വരും. ആവശ്യമായ പരിഷ്‌കരണങ്ങള്‍ക്ക് ശേഷം ഇതില്‍ രണ്ട് വിമാനങ്ങള്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രയ്ക്കായാണ് ഉപയോഗിക്കുക. പുതുക്കിയ ടെന്‍ഡര്‍ കരാര്‍പ്രകാരം അടുത്ത വര്‍ഷം ജനുവരിയില്‍ ലഭിക്കുന്ന രണ്ട് വിമാനങ്ങള്‍ക്കാവശ്യമായ വായ്പാ തുക 400 മില്യണ്‍ ഡോളറാണ്. ബാക്കി ഒരു എയര്‍ക്രാഫ്റ്റിന് 135 മില്യണ്‍ ഡോളറിന്റെ വായ്പയുടെ പ്രത്യേക ടേം ഷീറ്റാണുണ്ടാവുക.

എയര്‍ഇന്ത്യയുടെ കടബാധ്യത നികത്താന്‍ ഓഹരി വിറ്റഴിക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരികയാണ്. സെപ്റ്റംബര്‍, ഒക്‌റ്റോബര്‍ മാസങ്ങളില്‍ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കായി 5,000 കോടി രൂപയുടെ ധനസമാഹരണത്തിന് ഹ്രസ്വകാല വായ്പയെടുക്കാന്‍ ടെണ്ടറുകള്‍ എയര്‍ ഇന്ത്യ മുന്നോട്ടുവെച്ചിരുന്നു. നിലവില്‍ 115 എയര്‍ക്രാഫ്റ്റുകള്‍ എയര്‍ ഇന്ത്യയ്ക്കുണ്ട്.

Comments

comments

Categories: Business & Economy