സൗദിയില്‍ 11 രാജകുമാരന്മാരും നിരവധി മന്ത്രിമാരും അറസ്റ്റില്‍

സൗദിയില്‍ 11 രാജകുമാരന്മാരും നിരവധി മന്ത്രിമാരും അറസ്റ്റില്‍

റിയാദ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് സൗദിയില്‍ 11 രാജകുമാരന്മാരെയും നാല് മന്ത്രിമാരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള പുതിയ അഴിമതി വിരുദ്ധ കമ്മീഷനാണ് വിവേചനരഹിതമായി അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. അല്‍ അറേബ്യ ചാനലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

രാജകുമാരന്മാരെ അറസ്റ്റ് ചെയ്തത് കൂടാതെ നാഷണല്‍ ഗ്വാര്‍ഡ് മേധാവി, നാവികസേന മേധാവി, സാമ്പത്തിക മന്ത്രി എന്നിവരെ തല്‍സ്ഥാനത്തു നിന്നും മാറ്റിയതായും അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവിലുള്ള നാല് മന്ത്രിമാരും നിരവധി മുന്‍മന്ത്രിമാരും അറസ്റ്റിലായവരിലുണ്ട്. 2009ലെ ജിദ്ദാ വെള്ളപ്പൊക്കം, കൊറോണ വൈറസ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതി കേസുകളില്‍ അന്വേഷണം ആരംഭിച്ചതായും കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമുതല്‍ സംരക്ഷിക്കുന്നതിനും അഴിമതിക്കാര്‍ക്കെതിരെയും പദവി ദുരുപയോഗം ചെയ്യുന്നവര്‍ക്കുമെതിരെയും നടപടി സ്വീകരിക്കുന്നതിനാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ പുതിയ അഴിമതി വിരുദ്ധ കമ്മീഷന് രൂപം നല്‍കിയിട്ടുള്ളത്.

സൗദി രാജകുമാരന്മാരിലെ സമ്പന്നാനായ അല്‍ വാലീദ് ബിന്‍ തലാലും അറസ്റ്റ് ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രാജകുടുംബത്തിലെ ഉന്നതര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് ജിദ്ദാ വിമാനത്താവളത്തില്‍ നിന്നുള്ള സ്വകാര്യ ജെറ്റ് വിമാനങ്ങളെല്ലാം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. നടപടി നേരിടുന്നവര്‍ രാജ്യം വിടാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമാണിത്.

ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി നിയമിച്ചതിനു ശേഷം അഴിമതിക്കെതിരെ സൗദി നടത്തുന്ന നിര്‍ണായക നീക്കം കൂടിയാണിത്. ലിബറല്‍ സാമ്പത്തിക നയത്തിന്റെ വക്താവായി അറിയപ്പെടുന്ന രാജകുമാരന്‍ എണ്ണ ഇതര വിഭാവങ്ങളില്‍ നിന്നും രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.

Comments

comments

Categories: Slider, Top Stories