ആര്‍ഐഎല്ലിന്റെ ക്രെഡിറ്റ് വീക്ഷണം പോസിറ്റിവില്‍ നിന്ന് സുസ്ഥിരമാക്കി

ആര്‍ഐഎല്ലിന്റെ ക്രെഡിറ്റ് വീക്ഷണം പോസിറ്റിവില്‍ നിന്ന് സുസ്ഥിരമാക്കി

1.4 ട്രില്യണ്‍ രൂപയിലധികമാണ് ടെലികോം വിഭാഗമായ റിലയന്‍സ് ജിയോയില്‍ ആര്‍ഐഎല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസി (ആര്‍ഐഎല്‍)ന്റെ ക്രെഡിറ്റ് വീക്ഷണം ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് കുറച്ചു. പോസിറ്റീവില്‍ നിന്ന് സുസ്ഥിരം എന്ന വിഭാഗത്തിലേക്കാണ് ആര്‍ഐഎലിനെ മാറ്റിയിരിക്കുന്നത്. എന്നാല്‍ ആര്‍ഐഎലിന്റെ ദീര്‍ഘകാല വായ്പകള്‍ക്ക് ബിഎഎ2 റേറ്റിംഗ് മൂഡീസ് നിലനിര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള കമ്പനിയായ ആര്‍ഐഎല്ലില്‍ നിന്ന് അടുത്ത 18 മാസത്തിനുള്ളില്‍ വായ്പാ തിരിച്ചടവിന്റെ ഭാഗമായി വന്‍തോതില്‍ പണത്തിന്റെ ഒഴുക്ക് നടക്കുമെന്നാണ് മൂഡീസ് വിലയിരുത്തുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിഫൈനിംഗ്, പെട്രോകെമിക്കല്‍ ബിസിനസുകളുടെ വിപുലീകരണത്തിനും ടെലികോം ബിസിനസിനുമായി എടുത്ത കോടിക്കണക്കിന് ഡോളര്‍ വായ്പ തിരിച്ചടയ്ക്കുന്നതിന്റെ ഭാഗമായാണ് പണമൊഴുക്ക് നടക്കുക.

6 ട്രില്യണ്‍ രൂപ വിപണി മൂലധനമുള്ള ആര്‍ഐഎല്ലിന്റെ കടബാധ്യത സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 1,96,601 കോടി രൂപയില്‍ നിന്ന് 2,14,145 കോടി രൂപയായി വര്‍ധിച്ചു. അധിക പദ്ധതി ചെലവിനൊപ്പം ഇത്തരം പേമെന്റുകള്‍ക്കായും കമ്പനിക്ക് തുക നീക്കിവെക്കേണ്ടി വരും. അതിനാലാണ് ആര്‍ഐഎലിന്റെ റേറ്റിംഗ് പോസിറ്റീവില്‍ നിന്ന് സുസ്ഥിരമാക്കിയതെന്നാണ് മൂഡീസ് വ്യക്തമാക്കുന്നത്. റിലയന്‍സ് ഹോള്‍ഡിംഗ് യുഎസിനെ സംബന്ധിച്ച വീക്ഷണവും സുസ്ഥിരം എന്നതിലേക്ക് മാറ്റിയിട്ടുണ്ട്.

1.4 ട്രില്യണ്‍ രൂപയിലധികമാണ് ടെലികോം വിഭാഗമായ റിലയന്‍സ് ജിയോയില്‍ ആര്‍ഐഎല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. റിഫൈനിംഗ്, പെട്രോകെമിക്കല്‍ വിപുലീകരണത്തിനായി 1 ട്രില്യണ്‍ രൂപയും കമ്പനി നിക്ഷേപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ പാദത്തില്‍ 260 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും 270 കോടി രൂപയുടെ അറ്റ നഷ്ടവുമാണ് ജിയോ നേടിയത്. 9 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ റിഫൈനിംഗ് മാര്‍ജിന്‍ എത്തിയതും മൊബില്‍,ടെലിഫോണ്‍ സംരംഭം പ്രവര്‍ത്തന ലാഭം നേടിയതിനെയും തുടര്‍ന്ന് 12.5 ശതമാനം ഉയര്‍ച്ചയാണ് സെപ്റ്റംബര്‍ പാദത്തില്‍ ആര്‍ഐഎല്‍ അറ്റ വരുമാനത്തില്‍ നേടിയത്. 8109 കോടി രൂപയാണ് സെപ്റ്റംബര്‍ പാദത്തിലെ അറ്റവരുമാനം. കമ്പനിയുടെ മൊത്ത വരുമാനം 23.9 ശതമാനം ഉയര്‍ന്ന് 1,01,169 കോടി രൂപയായി.

റിഫൈനിംഗ്, പെട്രോകെമിക്കല്‍ സെഗ്‌മെന്റുകളില്‍ പൂര്‍ത്തിയായതും നിലവില്‍ നടന്നു കൊണ്ടിരിക്കുന്നതുമായ പദ്ധതികളില്‍ നിന്ന് വരുമാനം വര്‍ധിപ്പിക്കുന്നതിനാല്‍ ആര്‍ഐഎല്‍ റേറ്റിംഗ് മെച്ചപ്പെടുത്തുമെന്ന് മൂഡിസിലെ സീനിയര്‍ വൈസ് പ്രസിഡന്റും മുതിര്‍ന്ന ക്രെഡിറ്റ് ഓഫീസറുമായ വികാസ് ഹലന്‍ പറഞ്ഞു.

Comments

comments

Categories: Slider, Top Stories