വിരട്ടലിന് വഴങ്ങി പദ്ധതികള്‍ മരവിപ്പിക്കില്ല: മുഖ്യമന്ത്രി

വിരട്ടലിന് വഴങ്ങി പദ്ധതികള്‍ മരവിപ്പിക്കില്ല: മുഖ്യമന്ത്രി

ഫയര്‍ഫോഴ്‌സില്‍ വനിതകളെ ഉള്‍പ്പെടുത്തും

തൃശ്ശൂര്‍: വികസന വിരോധികളുടെ സമ്മര്‍ദത്തിന് വഴങ്ങി പദ്ധതികള്‍ ഉപേക്ഷിക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്ന കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹികനീതി ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സമഗ്ര വികസനവും സാധ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ചിലര്‍ ഈ വികസനത്തെ തടയുന്ന പ്രവണതയാണ് സംസ്ഥാനത്ത് കണ്ടുവരുന്നതെന്നും തൃശൂരില്‍ 22-ാം ബാച്ച് ഫയര്‍മാന്‍ പാസ്സിങ് ഔട്ട് പരേഡിന് സല്യൂട്ട് സ്വീകരിച്ചശേഷം സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ചെറുപക്ഷമായ വികസന വിരോധികള്‍ക്ക് നിക്ഷിപ്ത താല്‍പ്പര്യമാണുള്ളത്. സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പോക്കിനായി ആസൂത്രണം ചെയ്ത പദ്ധതികള്‍ നിര്‍ത്തി വെയ്ക്കാനോ ഉപേക്ഷിക്കാനോ സര്‍ക്കാര്‍ ഉദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗെയിലിന്റെ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ പൈപ്പിടലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി ചെറുപ്പക്കാര്‍ ഇവിടെയുണ്ട്.

എന്നാല്‍ നമ്മുടെ നാട്ടില്‍ അവര്‍ക്ക് ജോലി കിട്ടാത്ത അവസ്ഥയാണുള്ളത്. യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി തേടി അവര്‍ വിദേശത്ത് പോകുന്നതിനാല്‍ അവരുടെ സേവനം നമുക്ക് നഷ്ടപ്പെടുന്നു. അഭ്യസ്തവിദ്യര്‍ക്ക് ഇവിടെ തന്നെ ജോലി ലഭിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്നും അതിനായി കൂടുതല്‍ പശ്ചാത്തല വികസനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫയര്‍ഫോഴ്‌സില്‍ വനിതകളെയും ഉള്‍പ്പെടുത്തുമെന്നും എക്‌സിക്യൂട്ടിവ് വിഭാഗത്തിലായിരിക്കും ഇതിന് തുടക്കം കുറിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Slider, Top Stories