പിങ്ക് ആര്‍മി: ചികിത്സാ രംഗത്തെ മാലാഖക്കൂട്ടം

പിങ്ക് ആര്‍മി: ചികിത്സാ രംഗത്തെ മാലാഖക്കൂട്ടം

പിങ്ക് ആര്‍മി എന്ന് അറിയപ്പെടുന്ന ആശ വര്‍ക്കര്‍മാരാണ് ഇന്ത്യയിലെ 600,000ത്തോളം വരുന്ന ഗ്രാമങ്ങളിലെ പ്രാഥമിക ആരോഗ്യ രംഗത്തിന്റെ നട്ടെല്ല്

ഭാവന അകെല്ല

ഗുണനിലവാരമുള്ള ചികിത്സ ഇന്നും പണക്കാരന്റെയും സ്വാധീനമുള്ളവരുടെയും മാത്രം അവകാശമായി നിലനില്‍ക്കുന്ന ഒരു രാജ്യത്തില്‍, സ്ത്രീകളുടെ ഒരു നിശബ്ദ സംഘം, പിങ്ക് സാരി ധരിച്ച് നിസ്വാര്‍ത്ഥമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് ഏറെ മാതൃകാപരമാണ്. സമ്പദ് വ്യവസ്ഥയുടെ അരികു പറ്റി ജീവിക്കുന്ന, രാജ്യത്തിന്റെ വിശാലമായ ഗ്രാമീണ ഉള്‍പ്രദേശങ്ങള്‍ കേന്ദ്രമാക്കിയാണ് ചികിത്സാ സംവിധാനങ്ങള്‍ ഇവര്‍ എത്തിച്ചു കൊടുക്കുന്നത്.

സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ ഒരു ദിവസം മുഴുവനും ഏതാണ്ട് എല്ലാ സമയത്തും വരുന്നതിനാല്‍ ഉറങ്ങാന്‍ പോലും അവര്‍ക്ക് ശരിക്ക് സമയം കിട്ടാറില്ല. പിങ്ക് ആര്‍മി എന്ന് അറിയപ്പെടുന്ന ഇവരാണ് ഇന്ത്യയിലെ 600,000ത്തോളം വരുന്ന ഗ്രാമങ്ങളിലെ പ്രാഥമിക ആരോഗ്യ രംഗത്തിന്റെ നട്ടെല്ല്. പരിമിതമായ ചുറ്റുപാടുള്ള പൊതു ആരോഗ്യ സംവിധാനവുമായി ഇവര്‍ സമൂഹത്തെ ബന്ധിപ്പിക്കുന്നു. പരിശീലനം സിദ്ധിച്ച വനിതാ കമ്യൂണിറ്റി ഹെല്‍ത്ത് ആക്റ്റിവിസ്റ്റുകളാണ് അവര്‍-അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്റ്റിവിസ്റ്റ് (ആശ)-എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ (നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍-എന്‍ആര്‍എച്ച്എം) ത്തിന്റെ കീഴിലാണ് ഇവര്‍ വരുന്നത്.
നവജാത ശിശുമരണ നിരക്ക് 2005ല്‍ (ആശ ലോഞ്ച് ചെയ്ത വര്‍ഷം) ആയിരത്തിന് 50 എന്നതായിരുന്നത് 2016 ആയപ്പോഴേക്കും 34ലേക്ക് എത്തിച്ചതിന് ഇവര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ആരോഗ്യം, ശുചിത്വം, പോഷകാഹാരം എന്നിവയെ സംബന്ധിച്ച് ഗ്രാമപ്രദേശങ്ങളിലെ ആളുകള്‍ക്കിടയില്‍ അവര്‍ അവബോധം നല്‍കിവരുന്നു. ഗര്‍ഭകാലത്തും പ്രസവശേഷവും വേണ്ട ആവശ്യമായ പരിശോധനകള്‍ നടത്തുന്നു. പ്രസവ സമയത്ത് സ്ത്രീകള്‍ക്കാവശ്യമായ പരിചരണം ഉറപ്പു വരുത്തുകയും പോളിയോ വാക്‌സിനുകള്‍ വിതരണം ചെയ്യുകയും ആരോഗ്യ സര്‍വേകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു.

ആശ വര്‍ക്കേഴ്‌സില്‍ ഭൂരിഭാഗവും അമ്മമാര്‍ തന്നെയാകയാല്‍, തങ്ങളുടെ കുട്ടികളെ വീടുകളില്‍ ഉപേക്ഷിച്ചു പോകാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ കുട്ടികളെയും അവര്‍ ക്ലിനിക്കുകളിലേക്ക് കൊണ്ടു വരാറുണ്ട്.

കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ നിന്ന് 623 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന കലബുര്‍ഗിയില്‍ നിന്നുള്ള 23 വയസുകാരിയായ ഗോദാവരി അനില്‍ രാഥോഡ് ഈ പിങ്ക് സംഘത്തിലെ ഏറ്റവും ഇളംതലമുറക്കാരിയാണ്. ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ എന്റെ ആന്റിയ്ക്കുണ്ടായ കുട്ടി ജനിച്ച് രണ്ട് മാസത്തിന് ശേഷം മരണപ്പെടുകയുണ്ടായി. ജനിച്ചതിന് ശേഷം പിടിപെട്ട മലേറിയ കുഞ്ഞിന്റെ ജീവനപഹരിച്ചു. എന്റെ ആന്റിയ്ക്ക് ആ വേദന താങ്ങാവുന്നതിനും അപ്പുറമായിരുന്നു-റാഥോഡ് വിശദീകരിച്ചു. നമ്മുടെ സ്വന്തം കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തത് മൂലം ഉണ്ടാകുന്ന വേദന സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഇതാണ് സ്ത്രീകളെ സഹായിക്കുന്നതിന് ഞാന്‍ മുന്നിട്ടിറങ്ങിയതിന്റെ പ്രധാന കാരണം.

യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി)യുടെ കണക്കുകള്‍ പ്രകാരം ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ (എച്ച്ഡിഐ) 188 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 131-ാമതാണ്. ഗാബോണ്‍ (109), ഈജിപ്ത് (111), ഇന്തോനേഷ്യ (113), ദക്ഷിണാഫ്രിക്ക (119), ഇറാഖ് (121) എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യ

മൂന്ന് വര്‍ഷമായി ആശ വര്‍ക്കറായി സേവനമനുഷ്ഠിക്കുന്ന അവര്‍ ഇക്കാലയളവിനിടയില്‍ തന്റെ ജില്ലയിലെ 100ല്‍ അധികം വരുന്ന ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ആരോഗ്യമുള്ള കുട്ടികളെ ജന്മം കൊടുക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലെ, സാമ്പത്തികമായി അത്ര ഭദ്രതയില്ലാത്ത സ്ത്രീകള്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിന് വേണ്ടി തങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നാറുണ്ട്. ഒരു ദിവസത്തിന്റെ 12 മണിക്കൂറും ജോലി ചെയ്യുന്ന ഞങ്ങള്‍-ആരോഗ്യ സര്‍വെകള്‍, പോളിയോ തുള്ളിമരുന്ന് വിതരണം, ജില്ലയിലെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തിന്റെ ആരംഭം മുതല്‍ പ്രസവം വരെ ആവശ്യമായ പരിചരണം നല്‍കല്‍, ജനന ശേഷം കുട്ടിയ്ക്ക് എല്ലാ വാക്‌സിനേഷനുകളും നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെങ്കിലും മാസത്തില്‍ വെറും 1500 രൂപ മാത്രമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്-അവര്‍ ചൂണ്ടിക്കാട്ടി. ഞാന്‍ ജോലി സംബന്ധമായി ഇടപെടുന്ന എല്ലാ സ്ത്രീകളും എനിക്ക് കുടുംബാംഗങ്ങളേപ്പോലെയാണ്. അതിരാവിലെ മൂന്നു മണിയ്ക്ക് അവര്‍ക്ക് എന്റെ സഹായം ആവശ്യമായി വന്നാല്‍ ഞാന്‍ അവിടെ എത്തിച്ചേരാറുണ്ട്-റാഥോഡ് പറഞ്ഞു.

ഇന്ത്യയിലെ നിരവധി ഗ്രാമങ്ങളില്‍ ആശുപത്രികളിലേക്ക് വളരെ വേഗം എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുകളേറെയാണ്. കേന്ദ്ര ആരോഗ്യം, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരമുള്ള 860,000ത്തോളം വരുന്ന ആശ വര്‍ക്കേഴ്‌സ് മാത്രമാണ് പതിനായിരക്കണക്കിന് വരുന്ന ആളുകളുടെ ഏക പ്രതീക്ഷ. ഇത് കൂടാതെ, നവജാത ശിശുക്കളില്‍ നിന്ന് പോളിയോയും പോഷകാഹാരക്കുറവും നീക്കം ചെയ്യുന്നതിന് അവര്‍ കഠിനമായി അധ്വാനിക്കുകയും ചെയ്യുന്നു.

ഒരു ആരോഗ്യകരമായ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് തങ്ങളുടെ എല്ലാ ദിവസവും സമര്‍പ്പിക്കുന്ന ഈ സ്ത്രീകള്‍ക്ക് വളരെ തുച്ഛമായ തുകയാണ് സേവനങ്ങള്‍ക്കുള്ള പ്രതിഫലമെന്നോണം പ്രതിദിനം സംഭാവനയായി ലഭിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള 15,000 വരുന്ന ആശ വര്‍ക്കേഴ്‌സ് നഗര ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫ്രീഡം പാര്‍ക്കിലേക്ക് മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
ഗര്‍ഭിണികളായ സ്ത്രീകളില്‍ നിന്നും മറ്റുമായി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് നിരന്തരം ഫോണ്‍കോളുകള്‍ വരുന്നതിനാല്‍ വളരെ കുറച്ചു മാത്രമാണ് അവര്‍ക്ക് വിശ്രമിക്കാന്‍ സാധിക്കുന്നത്. ഒരുപക്ഷേ, പകല്‍ സമയം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പോളിയോ വാക്‌സിന്‍ വിതരണത്തിന് ശേഷമോ അല്ലെങ്കില്‍ ആരോഗ്യ സര്‍വേകള്‍ക്ക് ശേഷമോ ആയിരിക്കും അവര്‍ രാത്രിയിലും സേവനത്തിനായി ഇറങ്ങിത്തിരിക്കുന്നത്. രണ്ട് വയസുകാരിയായ മകളെയും മിക്കപ്പോഴും തന്റെ ഒപ്പം ക്ലിനിക്കില്‍ കൊണ്ടുപോകാറുണ്ടെന്ന് റാഥോഡ് സാക്ഷ്യപ്പെടുത്തുന്നു.

ആരോഗ്യം, ശുചിത്വം, പോഷകാഹാരം എന്നിവയെ സംബന്ധിച്ച് ഗ്രാമപ്രദേശങ്ങളിലെ ആളുകള്‍ക്കിടയില്‍ ആശ വര്‍ക്കര്‍മാര്‍ അവബോധം നല്‍കിവരുന്നു. ഗര്‍ഭകാലത്തും പ്രസവശേഷവും വേണ്ട ആവശ്യമായ പരിശോധനകള്‍ നടത്തുന്നു. പ്രസവ സമയത്ത് സ്ത്രീകള്‍ക്കാവശ്യമായ പരിചരണം ഉറപ്പു വരുത്തുകയും പോളിയോ വാക്‌സിനുകള്‍ വിതരണം ചെയ്യുകയും ആരോഗ്യ സര്‍വേകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു

ഭര്‍ത്താവ് മിക്കപ്പോഴും വീട്ടില്‍ ഇല്ലാതെവരുന്നതിനാല്‍ അപ്പോഴെല്ലാം ഞാന്‍ എന്റെ മകളെയും ക്ലിനിക്കിലേക്ക് കൂടെ കൊണ്ടുപോകാറുണ്ട്. എന്നാല്‍, വളര്‍ന്നു വരുമ്പോള്‍ കൂടെയുള്ള സഹജീവികളോട് എപ്രകാരം കരുണയോടെ പ്രവര്‍ത്തിക്കണമെന്നും യാതൊരു മടിയും കൂടാതെ അവര്‍ക്ക് വേണ്ടി സഹായം നല്‍കണമെന്നും എന്റെ മകള്‍ കണ്ടുപഠിക്കുന്നതിനാലും ഞാന്‍ ഏറെ സന്തോഷവതിയാണ്-റാഥോഡ് വിശദീകരിച്ചു.
ആരോഗ്യത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും സമൂഹത്തിലുള്ളവരോട് സംസാരിക്കുന്നത് ഏറെ അഭിമാനത്തോടു കൂടിയാണ് ഓരോ ആശ വര്‍ക്കറും നോക്കിക്കാണുന്നത്. ശുചിത്വം ഉറപ്പു വരുത്തുന്നതായി ഗ്രാമത്തിലെ ആളുകള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതും ടോയ്‌ലറ്റുകള്‍ പണികഴിപ്പിക്കുന്നതും വെള്ളം ശുദ്ധീകരിക്കുന്നതും കാണുമ്പോള്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് അവര്‍ മുന്‍പ് തീരെ ശ്രദ്ധ കൊടുത്തിരുന്നില്ല. ഞങ്ങള്‍ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിരുന്നത്-അവര്‍ പറഞ്ഞു. ഇത്രയും ബുദ്ധിമുട്ടേറിയ ഈ ജോലിയില്‍ നിന്ന് പിന്മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് ചെയ്യാത്തത് ഒരു ആരോഗ്യകരമായ ജീവിതത്തിന്റെ ഭാഗമാകുന്നതിന്റെ ശക്തി അതുല്യമായതുകൊണ്ടാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ബെല്ലാരി ജില്ലയില്‍ നിന്നുള്ള 31 വയസുകാരി ഗീത കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ആശ വര്‍ക്കറായി സേവനം ചെയ്തുവരുന്നു. രണ്ട് ആണ്‍കുട്ടികളുടെ കൂടി അമ്മയായ അവര്‍ തന്റെ ജില്ലയിലെ ഹരിജിനാദണ്‍ ഗ്രാമത്തിലെ 1500ഓളം വരുന്ന ആളുകള്‍ക്ക് ആവശ്യമായ ആരോഗ്യ പരിചരണം ഉറപ്പു വരുത്തുന്നതിന് നേതൃത്വം നല്‍കുന്നു.

ഈ ഗ്രാമത്തെ ഒരു മികച്ച ഇടമാക്കി മാറ്റുകയെന്നതാണ് എന്റെ സ്വപ്നം. ഇക്കഴിഞ്ഞ ഒന്‍പത് കൊല്ലത്തിനിടെ കുറഞ്ഞത് 300 സ്ത്രീകളെയെങ്കിലും അവരുടെ ഗര്‍ഭകാലത്ത് ഞാന്‍ സഹായിച്ചിട്ടുണ്ട്. ഇത് കൂടാതെ, എന്റെ പരിചരണത്തില്‍ വളര്‍ന്നുവന്ന കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നത് കാണുമ്പോള്‍ അത് നല്‍കുന്ന സന്തോഷം വളരെ വലുതാണ്. ഗര്‍ഭാവസ്ഥയെന്നത് ഒരു കുടുംബത്തിന്റെയും പ്രതീക്ഷകള്‍ നിറഞ്ഞതാണ്. അവരുടെ സ്വപ്‌നങ്ങള്‍ പൂവണിയുന്നത് കാണുമ്പോഴാണ്, രാജ്യത്തിന്റെ അടുത്ത തലമുറ ആരോഗ്യത്തോടെ വളരുന്നതിന് സാക്ഷ്യം വഹിക്കുമ്പോഴാണ് ഞങ്ങള്‍ക്ക് ജോലി സംതൃപ്തി നല്‍കുന്നത്-ഗീത പറഞ്ഞു. കുട്ടികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലോ അല്ലെങ്കില്‍ പൂര്‍ണവളര്‍ച്ചയെത്താതെ ജനിച്ചാലോ ഒക്കെ സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്ന ധാരാളം ഗ്രാമങ്ങളുണ്ടെന്ന് മറ്റൊരു ആശാ വര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായി വീടുകളില്‍ പരിശോധനയ്ക്ക് പോകുന്നതിനാല്‍, തങ്ങളുടെ ഭാര്യമാരുടെ ആരോഗ്യത്തെ സംബന്ധിച്ച് ഭര്‍ത്താക്കന്‍മാര്‍ അവബോധമുള്ളവരായി തീര്‍ന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഇത് ആരോഗ്യകേന്ദ്രങ്ങളില്‍ സാധ്യമാകുകയില്ല. ഇവിടങ്ങളില്‍ കാത്തിരിപ്പു കേന്ദ്രങ്ങളാണ് പുരുഷന്മാരുടെ ഇടമെന്നതിനാലാണിത്-അവര്‍ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ രാജ്യത്തിന്റെ ജീവനാഡിയായ സ്ത്രീകളില്‍ വൈദ്യ പരിചരണം ലഭിക്കാത്തവര്‍ക്ക് എല്ലാതരത്തിലുമുള്ള പിന്തുണ നല്‍കിവരുന്നു. ഇന്ത്യയുടെ അടുത്ത തലമുറയില്‍ ഭൂരിഭാഗമായി അവരെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്-കര്‍ണാടകയിലെ ആശ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഡി നാഗലക്ഷ്മി വ്യക്തമാക്കി.

യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി)യുടെ കണക്കുകള്‍ പ്രകാരം ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ (എച്ച്ഡിഐ) 188 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 131-ാമതാണ്. ഗാബോണ്‍ (109), ഈജിപ്ത് (111), ഇന്തോനേഷ്യ (113), ദക്ഷിണാഫ്രിക്ക (119), ഇറാഖ് (121) എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യ. നവജാതശിശു മരണനിരക്ക്, മാതൃമരണ നിരക്ക്, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ പ്രധാനപ്പെട്ട സാമൂഹിക സൂചികകള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാനങ്ങള്‍ക്കിടയില്‍ മത്സരം സൃഷ്ടിച്ചുകൊണ്ട് റാങ്ക് മെച്ചപ്പെടുന്നതിനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍.

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider