ചാര്‍ജിംഗ് സ്റ്റേഷന്‍ വേണ്ട ; നിസ്സാന്‍ നോട്ട് ഇ-പവര്‍ ഇന്ത്യക്ക് അനുഗ്രഹമാകും

ചാര്‍ജിംഗ് സ്റ്റേഷന്‍ വേണ്ട ; നിസ്സാന്‍ നോട്ട് ഇ-പവര്‍ ഇന്ത്യക്ക് അനുഗ്രഹമാകും

നിസ്സാന്റെ ആദ്യ റേഞ്ച്-എക്‌സ്റ്റെന്‍ഡഡ് കാറാണ് നോട്ട് ഇ-പവര്‍ ഹാച്ച്ബാക്ക്

ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണിക്ക് ആവേശം പകരാന്‍ നിസ്സാന്‍ നോട്ട് ഇ-പവര്‍ വരുന്നു. ഈ ഹാച്ച്ബാക്കിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഇന്ത്യയില്‍ ഈയിടെ നടത്തിയിരുന്നു. 1,198 സിസി എച്ച്ആര്‍12ഡിഇ പെട്രോള്‍ എന്‍ജിനാണ് നോട്ട് ഇ-പവറിന് കരുത്ത് പകരുന്നത്. വാഹനത്തില്‍ ചാര്‍ജിംഗ് സോക്കറ്റ് ഉണ്ടായിരിക്കില്ല എന്ന കാര്യം എടുത്തുപറയേണ്ടതാണ്.

നിസ്സാന്‍ ലീഫ് എന്ന കോംപാക്റ്റ് ഹാച്ച്ബാക്കിലെ അതേ ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയാണ് നോട്ട് ഇ-പവറിന് നല്‍കിയിരിക്കുന്നത്. 77 കുതിരശക്തിയാണ് മാക്‌സിമം പവര്‍. 103 ന്യൂട്ടണ്‍ മീറ്റര്‍ പീക്ക് ടോര്‍ക്ക് ലഭിക്കും. എന്നാല്‍ 107 എച്ച്പി കരുത്തും 254 എന്‍എം ടോര്‍ക്കുമാണ് ഇലക്ട്രിക് മോട്ടോര്‍ പുറപ്പെടുവിക്കുന്നത്.

നിസ്സാന്റെ ആദ്യ റേഞ്ച്-എക്‌സ്റ്റെന്‍ഡഡ് കാറാണ് നോട്ട് ഇ-പവര്‍ ഹാച്ച്ബാക്ക്. വാഹനത്തിലെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് ചാര്‍ജിംഗ് സ്റ്റേഷന്റെ ആവശ്യമില്ല. അതുകൊണ്ടുതന്നെ വേണ്ടത്ര ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഇനിയും സ്ഥാപിക്കാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഈ കാര്‍ ഏറെ അനുയോജ്യമാണ്. നിസ്സാന്‍ നോട്ട് ഇ-പവര്‍ കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ അവതരിപ്പിച്ചിരുന്നു. നിസ്സാന്‍ നോട്ട് അവതരിപ്പിച്ചശേഷം ഇന്ത്യയില്‍ അടുത്ത വര്‍ഷം നോട്ട് ഇ-പവര്‍ അവതരിപ്പിക്കാനാണ് സാധ്യത.

നിസ്സാന്‍ നോട്ട് അവതരിപ്പിച്ചശേഷം ഇന്ത്യയില്‍ അടുത്ത വര്‍ഷം നോട്ട് ഇ-പവര്‍ അവതരിപ്പിക്കാനാണ് സാധ്യത

നിസ്സാന്‍ നോട്ടിന്റെ പരീക്ഷണ ഓട്ടങ്ങളും ഇന്ത്യയില്‍ തകൃതിയാണ്. യൂറോപ്പിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളിലും നിലവില്‍ നിസ്സാന്‍ നോട്ട് ലഭ്യമാണ്. 2018 ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ നിസ്സാന്‍ നോട്ടിന്റെ സവിശേഷതകളാണ്. മൈക്രയുടെ അതേ പവര്‍ട്രെയ്‌നായിരിക്കും നിസ്സാന്‍ നോട്ട് ഉപയോഗിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇ-പവര്‍ സാങ്കേതികവിദ്യ വളരെ സൗകര്യമാകുമെന്ന് നിസ്സാന്‍ മോട്ടോര്‍ കമ്പനി, ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡാനിയേല്‍ ഷില്ലാസി പറഞ്ഞു.

ഫോക്‌സ്‌വാഗണ്‍ പോളോ ജിടി, മാരുതി സുസുകി ബലേനോ ആര്‍എസ് എന്നിവ പോലെ ഇന്ത്യയില്‍ പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് അവതരിപ്പിക്കുന്ന കാര്യം നിസ്സാന്‍ ആലോചിച്ചുവരികയാണ്. 100 മുതല്‍ 120 വരെ കുതിരശക്തി കരുത്ത് പുറപ്പെടുവിക്കുന്നതായിരിക്കും പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക്. ഏകദേശം 10 ലക്ഷം രൂപയായിരിക്കും വില.

Comments

comments

Categories: Auto