മാരുതി സുസുകി കാറുകള്‍ക്ക് അഞ്ച് വര്‍ഷം വരെ എക്‌സ്‌റ്റെന്‍ഡഡ് വാറന്റി

മാരുതി സുസുകി കാറുകള്‍ക്ക് അഞ്ച് വര്‍ഷം വരെ എക്‌സ്‌റ്റെന്‍ഡഡ് വാറന്റി

‘ഫോറെവര്‍ യുവേഴ്‌സ്’ എന്ന എക്‌സ്‌റ്റെന്‍ഡഡ് വാറന്റി പ്രോഗ്രാം അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : മാരുതി സുസുകി ‘ഫോറെവര്‍ യുവേഴ്‌സ്’ എന്ന എക്‌സ്‌റ്റെന്‍ഡഡ് വാറന്റി പ്രോഗ്രാം അവതരിപ്പിച്ചു. ആഫ്റ്റര്‍ സെയ്ല്‍സ്, സര്‍വീസ് മേഖല കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ലക്ഷ്യം. മാരുതി സുസുകിയുടെ എല്ലാ കാറുകളെയും ഫോറെവര്‍ യുവേഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ രണ്ട് വര്‍ഷം/40,000 കിലോമീറ്റര്‍ വാറന്റിയാണ് എല്ലാ മാരുതി സുസുകി കാറുകള്‍ക്കും ലഭിക്കുന്നത്. ഇനിയിത് നിങ്ങള്‍ തെരഞ്ഞെടുക്കുന്ന പാക്കേജിന് അനുസരിച്ച് എക്‌സ്‌റ്റെന്‍ഡ് ചെയ്യാന്‍ കഴിയും. ഉപയോക്താക്കളുടെ സര്‍വീസ് അനുഭവം വര്‍ധിപ്പിക്കുക എന്നതു മാത്രമല്ല എക്‌സറ്റെന്‍ഡഡ് വാറന്റി പ്രോഗ്രാമിലൂടെ മാരുതി സുസുകി ഉദ്ദേശിക്കുന്നത്. മാരുതി സുസുകി കാറുകളുടെ ഉടമസ്ഥതാ ചെലവ് കുറയ്ക്കുകയും ലക്ഷ്യമാണ്. മൂന്നാം വര്‍ഷം/60,000 കിലോമീറ്റര്‍ (ഗോള്‍ഡ്), 3, 4 വര്‍ഷം/ 80,000 കിലോമീറ്റര്‍ (പ്ലാറ്റിനം), 3, 4, 5 വര്‍ഷം/ 1,00,000 കിലോമീറ്റര്‍ (റോയല്‍ പ്ലാറ്റിനം) എന്നിങ്ങനെ മൂന്ന് തരം പ്ലാനുകളാണ് മാരുതി സുസുകി ഓഫര്‍ ചെയ്യുന്നത്.

മൂന്ന് തരം എക്‌സ്‌റ്റെന്‍ഡഡ് വാറന്റി പ്ലാനുകളാണ് മാരുതി സുസുകി ഓഫര്‍ ചെയ്യുന്നത്

ഹൈ-പ്രഷര്‍ പമ്പ്, കംപ്രസ്സര്‍, ഇലക്ട്രോണിക് കണ്‍ട്രോള്‍ മൊഡ്യൂള്‍ (ഇസിഎം), ടര്‍ബോചാര്‍ജര്‍ അസ്സംബ്ലി തുടങ്ങിയ പാര്‍ട്‌സുകളും ചില എന്‍ജിന്‍ പാര്‍ട്‌സുകളും അതിന്റെ റീപ്ലേസ്‌മെന്റും പാക്കേജില്‍ ഉള്‍പ്പെടും. സ്റ്റിയറിംഗ് അസ്സംബ്ലി, സസ്‌പെന്‍ഷന്‍ സ്ട്രറ്റുകള്‍ എന്നിവയും വാറന്റി പ്ലാനിന്റെ ഭാഗമാണ്. എന്നാല്‍ ബള്‍ബുകള്‍, ബാറ്ററി, ടയറുകള്‍, സ്പാര്‍ക് പ്ലഗുകള്‍, ബ്രേക്ക് ലൈനിംഗുകള്‍, ബെല്‍റ്റുകള്‍, ഹോസുകള്‍, ഫില്‍റ്ററുകള്‍ തുടങ്ങിയവ വാറന്റി പ്ലാനില്‍ ഉള്‍പ്പെടുന്നില്ല.

അരീന ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കുന്ന എല്ലാ കാറുകള്‍ക്കും മൂന്ന് എക്‌സ്റ്റെന്‍ഡഡ് വാറന്റി പ്ലാനുകളും ലഭിക്കും. എന്നാല്‍ നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുന്ന കാറുകള്‍ക്ക് റോയല്‍ പ്ലാറ്റിനം, പ്ലാറ്റിനം സ്‌കീമുകള്‍ക്ക് മാത്രമാണ് അവസരം. അതും രണ്ട് വര്‍ഷത്തേയ്ക്ക് മാത്രം. നിലവിലെ വാറന്റി കാലാവധി കഴിയുന്നതിന് മുമ്പുവേണം എക്‌സ്റ്റെന്‍ഡഡ് വാറന്റി പ്രോഗ്രാം തെരഞ്ഞെടുക്കാനെന്ന് മാരുതി സുസുകി അറിയിച്ചു.

Comments

comments

Categories: Auto