ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡനിലെ സൗഹൃദ വിജയഗാഥ

ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡനിലെ സൗഹൃദ വിജയഗാഥ

കാര്‍ഷിക രംഗത്തെ വേറിട്ട സംരഭത്തിലൂടെ ശ്രദ്ധേയരായിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍, കോന്നി സ്വദേശികളായ സഞ്ജയ്, പ്രദീപ് എന്നിവര്‍. ഡയറി ഫാമില്‍ നിന്നും പുറംതള്ളുന്ന ചാണകവും ഗോമൂത്രവും ആധുനിക രീതിയില്‍ പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കുന്ന ഇവര്‍ പശുവളര്‍ത്തല്‍ എങ്ങനെ ലാഭകരമാക്കാമെന്നു തെളിയിച്ചിരിക്കുകയാണ്. ഇതോടൊപ്പം ചെറിയ സ്ഥലത്ത് വീടുകളിലേക്കാവശ്യമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡന്‍ എന്ന നവീന ആശയവും ഇവര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഡയറി ഫാമിലെ ജൈവ വളങ്ങള്‍ വര്‍ഷം മുഴുവന്‍ വിപണിയിലെത്തിച്ചാല്‍ പാലുല്‍പാദനത്തിനൊപ്പമോ അതില്‍ കൂടുതലോ ലാഭമുണ്ടാക്കാന്‍ കഴിയുമെന്ന് സഞ്ജയ് ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

എന്താണ് ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡന്‍ ? അതിന്റെ സവിശേഷതകള്‍ ?

കൃഷി മേഖലയില്‍ നൂതന ആശയം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡന്‍ അവതരിപ്പിച്ചത്. ഞങ്ങളുടെ ഫാമില്‍ നിന്നും പുറന്തള്ളുന്ന ജൈവ വളങ്ങള്‍ എങ്ങനെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാം എന്ന ആലോചനയില്‍ നിന്നാണ് ഗോമൂത്രവും സ്ലറിയും പായ്ക്കറ്റിലാക്കി വിപണിയിലെത്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതു സാധാരണ കര്‍ഷകര്‍ക്ക് മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ, പുതിയ കര്‍ഷകരെ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. കൃഷിചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനനുസൃതമായി സമയവും സ്ഥലവും ലഭ്യമാകണം. അതിനുവേണ്ടി എന്തുചെയ്യാം എന്ന് ചിന്തയാണ് ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡന്‍ എന്ന ആശയത്തിലേക്ക് ഞങ്ങളെ എത്തിച്ചത്. ഗോമൂത്രവും സ്ലറിയുമായി ഒരു കാര്‍ഷിക പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് ഈ ആശയം ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡന് സവിശേഷതകള്‍ ഏറെയാണ്. ആളുകള്‍ക്ക് വെറും 12 സ്‌ക്വയര്‍ ഫീറ്റില്‍ അവരുടെ അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ ഇതുവഴി കൃഷിചെയ്യാവുന്നതാണ്. കുട്ടികള്‍ക്ക് പോലും അനായാസം എടുത്തുപൊക്കുവാനും അഴിച്ചുമാറ്റി വെയ്ക്കുവാനും സാധിക്കുന്ന രീതിയിലുള്ള ഒരു റെഡിമെയ്ഡ് കൃഷിയിടം എന്നു വേണമെങ്കില്‍ ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡനെ പറയാം. ഇതില്‍ വിത്ത് മുളപ്പിക്കാനുള്ള ട്രേ, ചെറിയ പണിയായുധങ്ങള്‍, വളം എന്നിവയെല്ലാം സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. ഇതിന്റെ വില 5,950 രൂപയാണ്. ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡനൊപ്പം വളങ്ങള്‍ അടങ്ങിയ ഗ്രോബാഗും നല്‍കുന്നുണ്ട്. ഗ്രോബാഗ് ഉള്‍പ്പടെ വാങ്ങുന്നവര്‍ക്ക് 8,500 രൂപയ്ക്കാണ് നല്‍കുന്നത്. ഇപ്പോള്‍ ഒരു സ്‌പെഷല്‍ ഓഫറായി 7770 രൂപയ്ക്കും നല്‍കുന്നുണ്ട്. ഫഌറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഒരു അടുക്കളത്തോട്ടം എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡനിലൂടെ അവര്‍ക്കും ഇതു സാധ്യമായിരിക്കുകയാണ്.

ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡന്‍ എന്ന പുതിയ കൃഷിരീതിയോട് ജനങ്ങളുടെ പ്രതികരണം ?

പ്രത്യേകിച്ച് സാധാരണ ജനങ്ങളില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നിരവധിയാളുകള്‍ ഇതിനായി ഞങ്ങളെ സമീപിക്കുന്നുണ്ട്. ഫഌറ്റുകളില്‍ താമസിക്കുന്നവര്‍ക്കാണ് ഇത് കൂടുതലായും പ്രയോജനപ്പെടുക. ബാല്‍ക്കണിയില്‍ ചെറിയൊരു അടുക്കളത്തോട്ടം ഉണ്ടാക്കിയെടുക്കാന്‍ ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡനിലൂടെ സാധിക്കും. ജോലിക്കു പോകുന്നവര്‍ക്ക് ഇത്തരമൊരു കൃഷിരീതി കൂടുതല്‍ പ്രയോജനകരമായതുകൊണ്ടുതന്നെ ആവശ്യക്കാരും ഏറുന്നുണ്ട്.

കുട്ടികള്‍ക്ക് പോലും അനായാസം എടുത്തുപൊക്കുവാനും അഴിച്ചുമാറ്റാനും സാധിക്കുന്ന രീതിയിലുള്ള ഒരു റെഡിമെയ്ഡ് കൃഷിയിടമാണ് ന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡന്‍. ഇതില്‍ വിത്ത് മുളപ്പിക്കാനുള്ള ട്രേ, ചെറിയ പണിയായുധങ്ങള്‍, വളം എന്നിവയെല്ലാം സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. ആളുകള്‍ക്ക് വെറും 12 സ്‌ക്വയര്‍ ഫീറ്റില്‍ അവരുടെ അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ ഇതുവഴി കൃഷിചെയ്യാവുന്നതാണ്

ജോലി ഉപേക്ഷിച്ചു കൃഷിയിലേക്കിറങ്ങിയത് രണ്ടുപേര്‍ക്കും വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നോ ?

ജോലി ഉപേക്ഷിച്ച ശേഷമാണ് ഞങ്ങള്‍ ഡയറിഫാം തുടങ്ങുന്നത്. വാഹന വ്യവസായ രംഗത്തെ ഉയര്‍ന്ന ജോലി വേണ്ടെന്നുവെച്ചാണ് ഞാന്‍ കൃഷിയിലേക്കിറങ്ങിയത്. ഇന്‍ഷൂറന്‍സ് മേഖലയിലായിരുന്നു പ്രദീപിന് ജോലി. ഒരു നല്ല ജോലിയുപേക്ഷിച്ച് കൃഷിയിലേക്കിറങ്ങുമ്പോള്‍ സ്വാഭാവികമായും വെല്ലുവിളികള്‍ ഉണ്ടായേക്കാം. എന്നാല്‍ ഞങ്ങള്‍ക്ക് അതൊന്നും പ്രശ്‌നമായി തോന്നിയില്ല. കൃഷിയോടുള്ള അമിതമായ താത്പര്യം മുന്‍നിര്‍ത്തി തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ടു നീങ്ങി. സാധാരണരീതിയില്‍ നിന്നും വ്യത്യസ്തമായ ഒരു സംരംഭം തുടങ്ങുകയെന്നത് രണ്ടുപേരുടെയും ആഗ്രഹമായിരുന്നു. ഒരേ ആഗ്രഹങ്ങളുള്ള രണ്ടുപേര്‍ ഒന്നിച്ചപ്പോള്‍ ഒരു നവീന ആശയം ഉടലെടുത്തു. അതു സാക്ഷാത്കരിക്കാന്‍ മുന്നിലുണ്ടായിരുന്ന വെല്ലുവിളികളൊന്നും തടയമായിരുന്നില്ല.

ഫഌറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഒരു അടുക്കളത്തോട്ടം എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡനിലൂടെ അവര്‍ക്കും ഇതു സാധ്യമായിരിക്കുകയാണ്. ഞങ്ങളുടെ ആശയം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുന്നതിന് ഗവണ്‍മെന്റിന്റെ കൂടുതല്‍ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു സഞ്ജയ്

നിരവധിയാളുകള്‍ക്ക് പശുവളര്‍ത്തല്‍ ഉപജീവനമാര്‍ഗമാണ്. എന്നാലിത് എങ്ങനെ ലാഭകരമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് നിങ്ങള്‍. ഈ വിജയത്തെകുറിച്ച് ?

പശുവളര്‍ത്തല്‍ നല്ലൊരു ഉപജീവനമാര്‍ഗമാണ്. ധാരാളമാളുകള്‍ ഇന്ന് പശുവിനെ വളര്‍ത്തി ജീവിക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും പാലുല്‍പ്പാദനത്തിലും അതില്‍ നിന്നുള്ള ലാഭത്തിലും മാത്രമാണ് ശ്രദ്ധ. പശുവിന്റെ ചാണകം മൊത്തമായി എപ്പോഴെങ്കിലും വില്‍ക്കുമെന്നല്ലാതെ ഇതില്‍നിന്നും എങ്ങനെ ലാഭമുണ്ടാക്കമെന്ന വിഷയം ചിന്തിക്കുന്നില്ല. പശുവിന്റെ ചാണകവും ഗോമൂത്രവും വര്‍ഷം മുഴുവന്‍ വിപണിയിലെത്തിച്ചാല്‍ പാലുല്‍പാദനത്തിനൊപ്പമോ അതില്‍ കൂടുതലോ ലാഭമുണ്ടാക്കാന്‍ കഴിയും. മികച്ച വരുമാന മാര്‍ഗമാണിത്. ഞങ്ങള്‍ രണ്ടുപേരും ആദ്യം തുടങ്ങിയത് ഡയറി ഫാമുകളാണ്. അതിനുശേഷമാണ് ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡണ്‍ എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഡയറിഫാമുകളില്‍ നിന്നും ലഭിക്കുന്ന ചാണക സ്ലറിയും ഗോമൂത്രവും ശേഖരിച്ച് ആധുനിക രീതിയില്‍ സ്മാര്‍ട്ട് പൗച്ചില്‍ വളരെ ശുചിയായി പായ്ക്കറ്റുകളിലാക്കിയാണ് വിപണിയിലെത്തിക്കുന്നത്. ഗ്രീന്‍കൈരളി, നമസ്‌തേ കേരള എന്നിങ്ങനെ രണ്ടു ബ്രാന്‍ഡുകളിലാണ് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത്. ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡന്‍ വാങ്ങുന്നവര്‍ക്ക് ഡയറിഫാമുകളില്‍ നിന്നും തയാറാക്കുന്ന ചാണക സ്ലറിയും ഗോമൂത്രവും ഗുണമേന്മയുള്ള വിത്തിനങ്ങളും നല്‍കുന്നുണ്ട്. മികച്ച രീതിയിലുള്ള ആകര്‍ഷകമായ പാക്കിംഗ് ആണ് ഞങ്ങളുടെ ഉല്‍പ്പന്നത്തിന്റെ വിജയം.

ഇത്തരമൊരു നവീന ആശയവുമായി കൃഷിഭവനെ സമീപിച്ചപ്പോള്‍ അവരുടെ പ്രതികരണം ?

വളരെ നല്ല സമീപനമായിരുന്നു കൃഷിഭവനില്‍ നിന്നുണ്ടായത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡന്‍ എന്ന ആശയവുമായി ഞങ്ങള്‍ കൃഷി മന്ത്രി, ധനമന്ത്രി തോമസ് ഐസക് എന്നിവരെ നേരിട്ടു കണ്ടിരുന്നു. അവരുടെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്. ഇനി മുഖ്യമന്ത്രിയെ കാണാനുള്ള ഒരുക്കത്തിലാണ്. ഞങ്ങളുടെ ആശയം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുന്നതിന് ഗവണ്‍മെന്റിന്റെ കൂടുതല്‍ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

വേറിട്ട സംരംഭകര്‍ എന്ന നിലയില്‍ പുതുതലമുറയോട് എന്താണ് പറയാനുള്ളത് ?

എല്ലാവര്‍ക്കും ഡോക്റ്ററോ എന്‍ജിനീയറോ ആകാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ എല്ലാവരുടെയുള്ളിലും ഒരു കര്‍ഷകനുണ്ട്. അത് നാം സ്വയം മനസിലാക്കി മേഖലയിലേക്ക് ഇറങ്ങണം. അധ്വാനിക്കാനുള്ള മനസും ഏതു പ്രതികൂല സാഹചര്യത്തെ നേരിടാനുള്ള കഴിവും അതോടൊപ്പം ദൈവാനുഗ്രഹവുമുണ്ടെങ്കില്‍ ഏതു മേഖലയിലും വിജയം സുനിശ്ചിതമാണ്. ഉറച്ച തീരുമാനങ്ങളില്‍ നിന്നും പിന്നോട്ടു പോകരുത്. ആത്മാര്‍ത്ഥതയോടെ പ്രയത്‌നിച്ചാല്‍ വിജയം നമ്മെ തേടി വരും.

Comments

comments

Categories: FK Special, Slider