ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന നഗരങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കും

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന നഗരങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കും

തെരഞ്ഞെടുത്ത ഓരോ നഗരത്തിനും 105 കോടി രൂപ വരെ ഫണ്ട് അനുവദിക്കും

ന്യൂ ഡെല്‍ഹി : പൊതുഗതാഗത ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന നഗരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കും. പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. ഫെയിം ഇന്ത്യാ പദ്ധതിയനുസരിച്ചാണ് ധനസഹായം അനുവദിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വലിയ തോതിലുള്ള വ്യാപനത്തിന് പുതിയ തീരുമാനം കാരണമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. പൊതു ഗതാഗത ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വലിയ നഗരങ്ങളിലെ വായു മലിനീകരണം കുറയ്ക്കുന്നതിനും സഹായിക്കും.

സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ന്നും സ്ഥാപനങ്ങളില്‍നിന്നും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍നിന്നുമാണ് ഘനവ്യവസായ മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇലക്ട്രിക് ബസ്സുകള്‍, ഇലക്ട്രിക് നാലുചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ കാറുകള്‍, ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിന് ധനസഹായം ലഭിക്കും.

ചാര്‍ജിംഗ് സംബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 15 കോടി രൂപ വരെ വേറെയും തുക അനുവദിക്കും

2011 ലെ സെന്‍സസ് പ്രകാരം പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള, തെരഞ്ഞെടുത്ത ഓരോ നഗരത്തിനും 105 കോടി രൂപ വരെ ഫണ്ട് അനുവദിക്കും. ഇലക്ട്രിക് ബസ്സുകള്‍ (പരമാവധി ഒരു നഗരത്തില്‍ 100 ബസ്സുകള്‍), ഇലക്ട്രിക് നാലുചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ കാറുകള്‍, ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിന് ഈ സാമ്പത്തിക വര്‍ഷം തന്നെ ധനസഹായം ഉറപ്പാക്കും.

വാഹനങ്ങള്‍ വാങ്ങുന്നതുകൂടാതെ, ചാര്‍ജിംഗ് സംബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 15 കോടി രൂപ വരെ ഓരോ നഗരത്തിനും വേറെയും തുക അനുവദിക്കും. നഗരത്തിലെ ജനസംഖ്യ, ശരാശരി മലിനീകരണ തോത്, രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം, സ്വച്ഛതാ അഭിയാന്‍ റാങ്കിംഗ്, നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് സിറ്റി നഗരമാണോ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് നഗരങ്ങളെ തെരഞ്ഞെടുക്കുന്നത്.

Comments

comments

Categories: Auto