202 റെയ്ല്‍വേ പദ്ധതികള്‍ക്ക് 1.5 ലക്ഷം കോടി രൂപയുടെ അധിക ചെലവ്

202 റെയ്ല്‍വേ പദ്ധതികള്‍ക്ക് 1.5 ലക്ഷം കോടി രൂപയുടെ അധിക ചെലവ്

റെയ്ല്‍വേ കഴിഞ്ഞാല്‍ ഊര്‍ജ മേഖലയിലാണ് അധിക ചെലവ് കൂടുതല്‍ കണ്ടെത്തിയിട്ടുള്ളത്

ന്യൂഡെല്‍ഹി: 202 റെയ്ല്‍വേ പദ്ധതികള്‍ മുന്‍ നിശ്ചയിച്ച പദ്ധതി തുകയില്‍ നിന്നും മൊത്തമായി 1.5 ലക്ഷം കോടി രൂപയുടെ അധിക ചെലവ് വരുത്തിവെക്കുന്നതായി റിപ്പോര്‍ട്ട്. 331 കേന്ദ്ര മേഖലാ പദ്ധതികളില്‍ 60 ശതമാനത്തോളം വരുന്നത് റെയ്ല്‍വേ പദ്ധതികളാണ്. ഇവയ്ക്ക് നിരവധി കാരണങ്ങളാല്‍ 1.5 ലക്ഷം കോടി രൂപയുടെ അധിക ചെലവ് വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്റെ ജൂലൈ മാസത്തെ ഫഌഷ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

150 കോടി രൂപയോ അതിനു മുകളിലോ ചെലവ് വരുന്ന കേന്ദ്ര മേഖലാ പദ്ധതികളെ നിരന്തരം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ട് പ്രകാരം 1,05,424.13 കോടി രൂപയാണ് റെയ്ല്‍വേ പദ്ധതികളുടെ യഥാര്‍ത്ഥ ചെലവ്. നിലവില്‍ ഈ പദ്ധതികള്‍ക്ക് മൊത്തം 2,55,634.29 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇത് മൊത്തം ചെലവില്‍ 142.48 ശതമാനത്തിന്റെ വര്‍ധനവുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.

ഈ വര്‍ഷം ജൂലൈയില്‍ റെയ്ല്‍വേയുമായി ബന്ധപ്പെട്ട 350 പദ്ധതികളുടെ നടത്തിപ്പാണ് കേന്ദ്ര മന്ത്രാലയം പരിശോധിച്ചത്. ഇതില്‍ 33 പദ്ധതികളില്‍ ഒരു വര്‍ഷം മുതല്‍ 261 മാസം വരെ കാലതാമസം നേരിട്ടതായും റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. റെയ്ല്‍വേ കഴിഞ്ഞാല്‍ ഊര്‍ജ മേഖലയിലാണ് അധിക ചെലവ് കൂടുതല്‍ കണ്ടെത്തിയിട്ടുള്ളത്. കേന്ദ്ര മന്ത്രാലത്തിന്റെ സ്ഥിതിവിവരക്കണക്കുകളനുസരിച്ച് ഊര്‍ജമേഖലയിലെ 125 പദ്ധതികളില്‍ 43 എണ്ണത്തിന് മൊത്തമായി 52,933.93 കോടി രൂപയുടെ അധിക ചെലവ് വരുന്നുണ്ടെന്ന് കണ്ടെത്തി. 59 പദ്ധതികള്‍ അഞ്ച് മാസം മുതല്‍ 134 മാസം വരെ കാലതാമസം നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Comments

comments

Categories: Slider, Top Stories