സൊമാറ്റോ സ്വിഗ്ഗിയുമായി ചര്‍ച്ചയില്‍

സൊമാറ്റോ സ്വിഗ്ഗിയുമായി ചര്‍ച്ചയില്‍

ബെംഗളൂരു : ഭക്ഷ്യ വിതരണ സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ ലയനത്തിനായി തങ്ങളുടെ എതിരാളികളായ സ്വിഗ്ഗിയുമായി ചര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. ലയനം സംബന്ധിച്ച് ഇരുകമ്പനികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദേശം ഒരു കരാറില്‍ അവസാനിക്കാന്‍ ഇടയില്ലെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗുരുഗ്രാം ആസ്ഥാനമാക്കിയ സൊമാറ്റോ സ്‌റ്റോക്ക് കരാറിന് നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷേ സൊമാറ്റോയുടെ ഭക്ഷ്യ വിതരണ ബിസിനസ് ഏറ്റെടുക്കാനാണ് സ്വിഗ്ഗി താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

ചൈനീസ് ഇ-ടെയ്‌ലിംഗ് ഭീമനായ ആലിബാബയില്‍ നിന്ന് 200 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കുന്നുണ്ടെന്ന് സൊമാറ്റോ വ്യക്തമാക്കി. 2015 സെപ്റ്റംബറില്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നിക്ഷേപക കമ്പനിയായ ടെമാസേക്കില്‍ നിന്നും നിലവിലെ നിക്ഷേപകരായ വിവൈ കാപ്പിറ്റലില്‍ നിന്നും കമ്പനി 60 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.

2016-17 ല്‍ സൊമാറ്റോയുടെ നഷ്ടം തൊട്ടുമുന്‍പത്തെ വര്‍ഷത്തെ 590.1 കോടി രൂപയില്‍ നിന്ന് 389 കോടി രൂപയായി കുറഞ്ഞിരുന്നുവെന്ന് കമ്പനിയുടെ ഏറ്റവും വലിയ ഓഹരിഉടമയായ ഇന്‍ഫോ എഡ്ജ് (ഇന്ത്യ) ലിമിറ്റഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതേ കാലയളവില്‍ 332.3 കോടി രൂപയുടെ വരുമാനവും കമ്പനി രേഖപ്പെടുത്തിയിരുന്നു.

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ മുന്‍ എക്‌സിക്യുട്ടീവായ രാഹുല്‍ ബോത്രയെ കഴിഞ്ഞമാസം സ്വിഗ്ഗി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു. നാസ്‌പേഴ്‌സ്, ബിസീമര്‍ വെഞ്ച്വര്‍ പാര്‍ട്‌നേഴ്‌സ്, എസെല്‍ ഇന്ത്യ, സെയ്ഫ് പാര്‍ട്‌ണേഴ്‌സ്, നോര്‍വെസ്റ്റ് വെഞ്ച്വര്‍ പാര്‍ട്‌നേഴ്‌സ് പോലുള്ളവയില്‍ നിന്നായി സ്വിഗ്ഗി ഇതുവരെ 155 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. 2014 ല്‍ ശ്രീഹര്‍ഷ മജസ്റ്റി, നന്ദന്‍ റെഢി, രാഹുല്‍ ജെയ്മിനി എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയാണ് സ്വിഗ്ഗി. 2015-16 ല്‍ 23.6 കോടി രൂപയുടെ മൊത്തം വരുമാനത്തില്‍ 137 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേ കാലയളവില്‍ 20 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് കമ്പനി നേടിയത്.

Comments

comments

Categories: Business & Economy