ഒക്‌റ്റോബറിലും മികച്ച പ്രകടനം കാഴ്ചവെച്ച് സേവന മേഖല

ഒക്‌റ്റോബറിലും മികച്ച പ്രകടനം കാഴ്ചവെച്ച് സേവന മേഖല

സെപ്റ്റംബറിനെ അപേക്ഷിച്ച് തൊഴിലവസരങ്ങളുടെ നിരക്ക് മന്ദഗതിയിലായി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സേവന മേഖലയില്‍ ഒക്‌റ്റോബര്‍ മാസത്തില്‍ ഉണര്‍വ്. തുടര്‍ച്ചയായ രണ്ടാം മാസമാണ് സേവന മേഖലയില്‍ അഭിവൃദ്ധി രേഖപ്പെടുത്തുന്നത്. പുതിയ ഓര്‍ഡറുകളിലെ വര്‍ധനവും അനുകൂലമായ ഡിമാന്റ് സാഹചര്യങ്ങളുമാണ് ഉയര്‍ച്ചയ്ക്ക് കാരണം. നിക്കൈ ഇന്ത്യ സര്‍വീസസ് പിഎംഐ ബിസിനസ് ആക്റ്റിവിറ്റി സൂചിക ഒക്‌റ്റോബറില്‍ 51.7 ഉയര്‍ന്നു. സെപ്റ്റംബറിലിത് 50.7 ആയിരുന്നു. 50ന് മുകളിലുള്ള സൂചിക മേഖലയുടെ അഭിവൃദ്ധിയെയും അതിന് താഴെയുള്ളവ സങ്കോചത്തേയുമാണ് കാണിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സേവന മേഖലയുടെ പിഎംഐ 50ന് താഴെയായിരുന്നു.

പുതിയ ബിസിനസുകളുടെ കാര്യത്തില്‍ ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ച സേവന മേഖല റിപ്പോര്‍ട്ട് ചെയ്തതും ഒക്‌റ്റോബറിലാണെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ ഐഎച്ച്എസ് മാര്‍കിറ്റ് ഇക്കണോമിസ്റ്റായ ആഷ്‌ന ദോദിയ പറയുന്നു. തുടര്‍ച്ചയായ രണ്ടാം മാസത്തിലും ഉയര്‍ച്ച കാണിച്ചുവെങ്കിലും സെപ്റ്റംബറിനെ അപേക്ഷിച്ച് തൊഴിലവസരങ്ങളുടെ നിരക്ക് മന്ദഗതിയിലായി. മാത്രമല്ല ഒക്‌റ്റോബറില്‍ ഇന്ത്യയുടെ ഫാക്റ്ററി പ്രവര്‍ത്തനങ്ങളിലും കുറവ് സംഭവിച്ചു. സേവന മേഖലയിലെയും മാനുഫാക്ചറിംഗ് മേഖലയിലെയും പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ വിലയിരുത്തുന്ന നിക്കൈ കംപോസിറ്റ് ഔട്ട്പുട്ട് ഇന്‍ഡക്‌സ് 51.3 ഉയര്‍ന്നു. സെപ്റ്റംബറിലിത് 51.1 ആയിരുന്നു.

ജൂലൈയില്‍ നടപ്പിലാക്കിയ ചരക്ക് സേവന നികുതിയുടെ ആഘാതത്തില്‍ നിന്നുള്ള സ്വകാര്യ മേഖലയുടെ വീണ്ടെടുപ്പേ ഒക്‌റ്റോബറില്‍ കൂടുതല്‍ സുസ്ഥിരമായെന്ന് ദോദിയ പറയുന്നു. സേവനദാതാക്കള്‍ പ്രവര്‍ത്തനത്തില്‍ ശുഭാപ്തി വിശ്വാസം നിലനിര്‍ത്തുന്നുണ്ടെങ്കിലും ബിസിനസ് ആത്മവിശ്വാസം ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്. ജിഎസ്ടിയുടെ ദീര്‍ഘകാല പ്രയോജനങ്ങളെ സംബന്ധിച്ച പ്രതീക്ഷകളാണ് ബിസിനസുകളുടെ ശുഭാപ്തി വിശ്വാസം നിലനിര്‍ത്തുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 6.8 ശതമാനം വളര്‍ച്ച നേടുമെന്ന ഐഎച്ച്എസ് മാര്‍കിറ്റ് നിഗമനത്തെ പിന്തുണയ്ക്കുന്നതാണ് കോംപോസിറ്റ് പിഎംഐയിലെ ഉയര്‍ച്ച. കമ്പനികളുടെ ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതിനാല്‍ വരുന്ന മാസങ്ങളില്‍ വിലക്കയറ്റത്തിന് വിപണി സാക്ഷ്യം വഹിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Comments

comments

Categories: Slider, Top Stories