പ്രവാസികള്‍ക്കായി റീ-ടെണ്‍ പദ്ധതി

പ്രവാസികള്‍ക്കായി റീ-ടെണ്‍ പദ്ധതി

പദ്ധതി പ്രകാരം വായ്പ ലഭ്യമാകുന്നതിന് പ്രവാസികള്‍ നോര്‍ക്കാ-റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും നോര്‍ക്കാ റൂട്ട്‌സ് ശുപാര്‍ശ ചെയ്യുന്ന അപേക്ഷകര്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി വായ്പ ലഭ്യമാക്കുന്നത്

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം പ്രവാസികള്‍ക്കായി കേരളപിറവി ദിനത്തില്‍ പുതിയ വായ്പാ പദ്ധതി ആരംഭിച്ചത് ശ്രദ്ധേയമായി. റീ-ടേണ്‍ എന്നാണ് പദ്ധതിയുടെ പേര്.

കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിയില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് വിദേശ മലയാളികള്‍. ഏകദേശം 22 ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികളില്‍ 90% പേരും ഗല്‍ഫ് രാജ്യങ്ങളിലാണ് പണിയെടുക്കുന്നത്. വിവിധ കാരണങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങിവരുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ഇത്തരത്തില്‍ ഭാവി ജീവിതത്തേക്കുറിച്ച് ആശങ്കപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങി വരുന്ന ഒ.ബി.സി., മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന പ്രവാസികള്‍ക്ക് കൈതാങ്ങായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയാണ് റീ-ടേണ്‍
(Re-Turn).

പ്രവാസി സമൂഹത്തിന് വലിയ തോതില്‍ ഈ പദ്ധതി പ്രയോജനപ്പെടുമെന്നാണ് കരതുന്നത്. ഈ പദ്ധതി പ്രകാരം ഡയറി ഫാം, പൗള്‍ട്രി ഫാം, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ്‌വെയര്‍ ഷോപ്പ്, ഫര്‍ണ്ണിച്ചര്‍ ഷോപ്പ്, റസ്റ്റോറന്റ്, ടാക്‌സി/പിക്കപ്പ് വാഹനങ്ങള്‍, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്‌സ് യൂണിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിംഗ് സ്‌കൂള്‍, ഫിറ്റ്‌നെസ്സ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് കൃഷി, റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റ്, ഫ്‌ളോര്‍ മില്‍, ഡ്രൈക്‌ളീനിംഗ് സെന്റര്‍, ഫോട്ടോസ്റ്റാറ്റ്/ഡി.റ്റി.പി. സെന്റര്‍, മൊബൈല്‍ ഷോപ്പ്, ഫാന്‍സി/സ്റ്റേഷനറി സ്റ്റോള്‍, മില്‍മാ ബൂത്ത്, പഴം / പച്ചക്കറി
വില്പനശാല, ഐസ്‌ക്രീം പാര്‍ലര്‍, മീറ്റ് സ്റ്റാള്‍, ബുക്ക് സ്റ്റാള്‍, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ്, ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, മെഡിക്കല്‍ ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, മെഡിക്കല്‍ ക്‌ളിനിക്ക്, വെറ്റിനറി ക്‌ളിനിക്ക് തുടങ്ങി വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും.

പരമാവധി വായ്പ 20 ലക്ഷം രൂപയാണ്. കേരളത്തിലെ മറ്റ് പിന്നോക്ക വിഭാഗത്തിലും (ഒ.ബി.സി), മതന്യൂനപക്ഷ വിഭാഗത്തിലും ഉള്‍പ്പെട്ട 18-നും 65-നും മദ്ധ്യേ പ്രായമുള്ളവരും, പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവരുമായ സംരംഭകര്‍ക്കാണ് വായ്പ അനുവദിക്കുന്നത്. പദ്ധതി അടങ്കലിന്റെ 95% വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.

ഗ്രാമപ്രദേശത്ത് 98,000/- രൂപവരെയും നഗരപ്രദേശത്ത് 1,20,000/- രൂപ വരെയും വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 5 ലക്ഷം രൂപ വരെ 6% പലിശ നിരക്കിലും അതിനുമുകളില്‍ 20 ലക്ഷം രൂപവരെ 7% പലിശ നിരക്കിലും വായ്പ ലഭിക്കും. ഇതേ വരുമാനപരിധിയില്‍ വരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 20 ലക്ഷം രൂപവരെ 6% പലിശ നിരക്കില്‍ വായ്പ ലഭിക്കും. 6 ലക്ഷം രൂപ വരെ വരുമാനമുള്ള ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് 6% നിരക്കിലും പുരുഷന്‍മാര്‍ക്ക് 8 % നിരക്കിലും വായ്പ അനുവദിക്കുന്ന പദ്ധതിയും നിലവിലുണ്ട്. ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ (NBCFDC), ദേശീയ ന്യൂനപക്ഷ വിഭാഗ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (NMDFC) എന്നീ ദേശീയ ഏജന്‍സികളുടെ ധനസഹായത്തോടുകൂടിയാണ് ഈ വായ്പാ പദ്ധതി നടപ്പിലാക്കുന്നത്.

ഈ പദ്ധതി പ്രകാരം വായ്പ എടുക്കുന്ന പ്രവാസികള്‍ക്ക് പദ്ധതി അടങ്കലിന്റെ 15% വരെ മൂലധന സബ്‌സിഡിയായി നോര്‍ക്കാ റൂട്ട്‌സ് അനുവദിക്കും. പരമാവധി സബ്‌സിഡി തുക 3 ലക്ഷം രൂപയാണ്. 4 വര്‍ഷം വരെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സബ്‌സിഡി ലഭിക്കൂ.

ഏകദേശം 22 ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികളില്‍ 90% പേരും ഗല്‍ഫ് രാജ്യങ്ങളിലാണ് ജോലിയെടുക്കുന്നത്

ഇതിനു പുറമേ വായ്പ തിരിച്ചടവിന്റെ ആദ്യ നാലു വര്‍ഷങ്ങളില്‍ 3% നിരക്കില്‍ പലിശ സബ്‌സിഡിയും നോര്‍ക്കാ റൂട്ട്‌സ് അനുവദിക്കും. സംരംഭകന്‍ നിശ്ചയിക്കപ്പെട്ട പ്രകാരമുള്ള തവണ സംഖ്യ അടയ്ക്കണം. നോര്‍ക്കാ-റൂട്ട്‌സ് പലിശ സബ്‌സിഡി കോര്‍പ്പറേഷന് ലഭ്യമാക്കുന്ന മുറയ്ക്ക് സംരംഭകന് ഈ തുക തിരികെ നല്‍കും.

വായ്പാ ഗഡുക്കള്‍ മുടക്കമില്ലാതെ നിശ്ചിത തീയതിക്കുമുന്‍പ് അടയ്ക്കുന്ന സംരംഭകര്‍ക്ക് തിരിച്ചടവ് പൂര്‍ത്തിയാക്കുമ്പോള്‍ പലിശയിനത്തില്‍ മൊത്തം തിരിച്ചടച്ച തുകയുടെ 5% ‘ഗ്രീന്‍കാര്‍ഡ്’ ആനുകൂല്യമായി കോര്‍പ്പറേഷന്‍ അനുവദിക്കും.

ചുരുക്കത്തില്‍ 5 വര്‍ഷക്കാലാവധിയ്ക്ക് 20 ലക്ഷം രൂപ വായ്പ എടുക്കുന്ന പ്രവാസിയ്ക്ക് 17 ലക്ഷം മുതലും ഒന്നരലക്ഷം രൂപ പലിശയും ചേര്‍ത്ത് 18.50 ലക്ഷം രൂപമാത്രമേ തിരിച്ചടയ്‌ക്കേണ്ടി വരുകയുള്ളു. സംരംഭകത്വം വഴി ജീവിതോപാധി കണ്ടെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് നിലവില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും ആകര്‍ഷികമായ വായ്പാ പദ്ധതിയാണിത്. ലളിതമായ ജാമ്യവ്യവസ്ഥയിലാണ് ഈ വായ്പ അനുവദിക്കുന്നത്.

പദ്ധതി പ്രകാരം വായ്പ ലഭ്യമാകുന്നതിന് പ്രവാസികള്‍ നോര്‍ക്കാ-റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും നോര്‍ക്കാ റൂട്ട്‌സ് ശുപാര്‍ശ ചെയ്യുന്ന അപേക്ഷകര്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി വായ്പ ലഭ്യമാക്കുന്നത്. നോര്‍ക്കാ-റൂട്ട്‌സില്‍ നിന്നുള്ള ശുപാര്‍ശ കത്തുമായി കോര്‍പ്പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫീസുകളെ സമീപിച്ചാല്‍ 2017 നവംബര്‍ 10-ാം തീയതി മുതല്‍ പദ്ധതിയുടെ അപേക്ഷ ഫോറം ലഭിക്കും. അപേക്ഷാ ഫോറം മതിയായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. ഈ സാമ്പത്തിക വര്‍ഷം (2017-18) റീ-ടേണ്‍ പദ്ധതി പ്രകാരമുള്ള വായ്പ നല്‍കുന്നതിന് 50 കോടി രൂപയാണ് കോര്‍പ്പറേഷന്‍ വകയിരുത്തിയിട്ടുള്ളത്.

Comments

comments

Categories: Arabia