ഇന്ത്യയില്‍ പേമെന്റ് സേവനവുമായി പേപാല്‍

ഇന്ത്യയില്‍ പേമെന്റ് സേവനവുമായി പേപാല്‍

മുംബൈ: ആഗോള ഡിജിറ്റല്‍ പേമെന്റ്‌സ് കമ്പനിയായ പേപാല്‍ അടുത്ത ആഴ്ച്ച മുതല്‍ ഇന്ത്യയില്‍ ആഭ്യന്തര പേമെന്റ് സേവനം ആരംഭിക്കാനൊരുങ്ങുന്നു. പുതിയ സേവനം ആരംഭിക്കുന്നതിനിനോടനുബന്ധിച്ച് രാജ്യത്തെ ഒരു ഡസനോളം കച്ചവടക്കാരുമായി കമ്പനി സഹകരണത്തിലേര്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ വിദേശത്തേക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്ന ചെറിയ കച്ചവടക്കാര്‍, സംരംഭകര്‍, ഫ്രീലാന്‍സേഴ്‌സ് എന്നിവര്‍ക്കു മാത്രമാണ് പേപാല്‍ സേവനം നല്‍കിയിരുന്നത്. ആഭ്യന്തര സേവനം ആരംഭിക്കുന്നതോടെ അടുത്ത ആഴ്ച്ച മുതല്‍ ഇന്ത്യയിലെ എല്ലാ ഉപഭോക്താക്കള്‍ക്കും പേപ്പാല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ പേമെന്റുകള്‍ നടത്താവുന്നതാണ്. കൂടാതെ വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇതേ ആപ്പ് ഉപയോഗിച്ച് വിദേശത്തും പേമെന്റ് നടത്താം. പേടിഎം, തേസ്, വാട്‌സാപ്പ്, ഫോണ്‍പേ, ആമസോണ്‍ പേ എന്നിവരാകും ഇന്ത്യന്‍ റീട്ടെയ്ല്‍ പേമെന്റ്‌സ് വിപണിയില്‍ പേപാലിന്റെ പ്രധാന എതിരാളികള്‍.

ഇന്ത്യയില്‍ പേമെന്റ് അഗ്രിഗേറ്റര്‍ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന പേപാല്‍ ഡിജിറ്റല്‍ പേമെന്റ് സേവനം നല്‍കുന്ന ബാങ്കുകളുമായി സഹകരിക്കും. ഒരു ഡിജിറ്റല്‍ വാലെറ്റായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ പ്രീപേയ്ഡ് പേമെന്റ്‌സ് ഇന്‍ട്രമെന്റ് ലൈസന്‍സ് ആവശ്യപ്പെട്ടിട്ടില്ലങ്കിലും ആഭ്യന്തര പേമെന്റ് സേവനങ്ങള്‍ നല്‍കുന്നതിന് ബാങ്കുകള്‍ വഴി യുപിഐ സംവിധാനം കമ്പനിക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി വ്യക്തമാക്കി. ക്രമേണ യുഎസിലെ പേപ്പാലിന്റെ എല്ലാ സേവനങ്ങളും ഇന്ത്യയില്‍ കൊണ്ടുവരാനാണ് കമ്പനിയുടെ പദ്ധതി. യുഎസ് വിപണിയില്‍ പേമെന്റ് ഗേറ്റ്‌വേ ബിസിനസ്, പി ടു പി പേമെന്റ്, മെര്‍ച്ചന്റ്‌സ് പേമെന്റ്‌സ്, റെമിറ്റന്‍സ്, റീട്ടെയ്ല്‍ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ തുടങ്ങിയ വിപുലമായ സേവനങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്.

അടുത്ത ആഴ്ച്ച മുതല്‍ ഇന്ത്യയിലെ എല്ലാ ഉപഭോക്താക്കള്‍ക്കും പേപ്പാല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ പേമെന്റുകള്‍ നടത്താവുന്നതാണ്. വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇതേ ആപ്പ് ഉപയോഗിച്ച് വിദേശത്തും പേമെന്റ് നടത്താം

ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമറിയിക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഇന്ത്യയിലെ നേതൃത്വനിരയെ പേപാല്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏഷ്യ-പസഫിക് ടെക്‌നോളജി വിഭാഗം മേധാവിയായിരുന്ന അനുപം പാഹുജയെ ഇന്ത്യന്‍ ബിസിനസിന്റെ എംഡിയായി കമ്പനി നിയമിച്ചിരുന്നു. അതുപോലെ ഇക്കഴിഞ്ഞ ജൂലൈയിലാണ് ലെന്റിംഗ്ക്ലബ് ഫിനാന്‍സ് വിഭാഗം മുന്‍ വൈസ് പ്രസിഡന്റ് ഗുജന്‍ ശുക്ല പേപാല്‍ ഇന്ത്യന്‍ ബിസിസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമിതനായത്. കൂടാതെ സെപ്റ്റംബറില്‍ റാസോര്‍പേ ചീഫ് ഗ്രോത്ത് ഓഫീസറായ സിദ്ധാര്‍ഥ് ധമിജയെ പേപ്പാല്‍ തങ്ങളുടെ ഗ്രോത്ത് വിഭാഗം മേധാവിയായും നിയമിച്ചിരുന്നു. ഇന്ത്യയില്‍ പേപ്പാല്‍ ക്രെഡിറ്റ് എന്ന പേരില്‍ ഒരു ക്രെഡിറ്റ് ഉല്‍പ്പന്നവും കമ്പനിക്കുണ്ട്.

Comments

comments

Categories: More