അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ നടപടിയില്ല: കേന്ദ്രം

അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ നടപടിയില്ല: കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്ത് അസാധുവാക്കിയ 500,1000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. അസാധുവാക്കിയ നോട്ടുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ നിക്ഷേപിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നിരോധിച്ച നേട്ടുകള്‍ കൈവശം വെച്ചുവെന്നതിന്റെ പേരില്‍ ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയെ അറിയിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷകരും നോട്ട് അസാധുവാക്കിയ കാലഘട്ടത്തില്‍ ആശുപത്രിയിലായിരുന്നവരും വിദേശത്തായിരുന്നവരുമാണ് നോട്ട് മാറ്റിക്കിട്ടാന്‍ അവസരം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. 2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്.

കേന്ദ്ര സര്‍ക്കാരിന് നോട്ട് നിരോധിക്കാനുള്ള അധികാരത്തിന്റെ നിയമസാധുതകള്‍ സുപ്രീംകോടതി നിലവില്‍ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ഡിസംബര്‍ 16നാണു കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനം ഭരണഘടനാ ബെഞ്ചിന്റെ പരിശോധനയ്ക്ക് സുപ്രീം കോടതി വിട്ടത്.

Comments

comments

Categories: Slider, Top Stories