ലിവൈസിന്റെ അറ്റാദായത്തില്‍ വന്‍ ഇടിവ്

ലിവൈസിന്റെ അറ്റാദായത്തില്‍ വന്‍ ഇടിവ്

മാതൃസ്ഥാപനമായ ലെവി സ്‌ട്രോസ് ആന്‍ഡ് കോയില്‍ വന്‍തുക റോയല്‍റ്റി അടച്ചതാണ് കാരണം

മുംബൈ: മുന്‍നിര ജീന്‍സ് ബ്രാന്‍ഡ് ലിവൈസ് ഇന്ത്യയുടെ മുന്‍സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 27 ശതമാനം ഇടിഞ്ഞ് 57.83 കോടി രൂപയിലെത്തി. മാതൃസ്ഥാപനമായ ലെവി സ്‌ട്രോസ് ആന്‍ഡ് കോയില്‍ വന്‍തുക റോയല്‍റ്റി അടച്ചതാണ് ഇതിന് കാരണമെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിലെ ഫയലിംഗില്‍ കമ്പനി അധികൃതര്‍ അറിയിച്ചു.
2015-16 സാമ്പത്തിക വര്‍ഷവുമായി തട്ടിച്ചു നോക്കുമ്പോള്‍ 2016-17 ധനകാര്യ വര്‍ഷത്തില്‍ കമ്പനിയുടെ റോയല്‍റ്റി ചെലവ് 15 ശതമാനം വര്‍ധിച്ച് 72.14 കോടി രൂപയിലേക്കാണെത്തിയത്. ഇത് കൂടാതെ, ചെലവിടല്‍ 16.7 ശതമാനം ഉയര്‍ന്ന് 709.5 കോടി രൂപയായി. അതേസമയം, പ്രവര്‍ത്തന ലാഭം 8.1 ശതമാനം ഇടിഞ്ഞ് 132.98 കോടി രൂപയായിട്ടുമുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലിവൈസിന്റെ വരുമാനം 11.9 ശതമാനം വര്‍ധിച്ച് 842.48 കോടി രൂപ തൊട്ടു. നികുതി, റോയല്‍റ്റി, തേയ്മാനം എന്നിവ കൂട്ടാതെയുള്ള ലാഭം 15.8 ശതമാനമാണ്. തൊട്ട് മുന്‍പത്തെ ധനകാര്യ വര്‍ഷം ഇത് 19.6 ശതമാനമായിരുന്നു. മാതൃകമ്പനിക്ക് വേണ്ടി നീക്കിവെച്ച ഹെഡ് ഓഫീസ് ചാര്‍ജും വസ്ത്രങ്ങള്‍ക്ക് സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതുമാണ് അറ്റലാഭം ഇടിയാന്‍ കാരണം- ലിവൈസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ സഞ്ജീവ് മൊഹന്തി പ്രസ്താവനയില്‍ പറഞ്ഞു.

റീട്ടെയ്ല്‍ വില്‍പ്പന വില 1000 രൂപയോ അതിനു മുകളിലോ ഈടാക്കുന്ന ബ്രാന്‍ഡഡ് റെഡിമെയ്ഡ് തുണിത്തരങ്ങള്‍ക്ക് രണ്ട് ശതമാനം എക്‌സൈസ് ഡ്യൂട്ടി ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ചുമത്തിയിരുന്നു. ഇത് കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ ആവശ്യത്തെയും ലാഭക്ഷമതയെയും സാരമായി ബാധിച്ചു. ഇന്ത്യയിലെ വസ്ത്ര വിപണിയില്‍ പാശ്ചാത്യ, കാഷ്വല്‍ വസ്ത്രങ്ങളോടുള്ള താല്‍പര്യം വര്‍ധിച്ചതായി ടെക്‌നോപാക്ക് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കാലാനുസൃതമായി ഉല്‍പ്പന്നങ്ങളില്‍ ഇന്നൊവേഷനുകള്‍ നടത്തി ഉപഭോക്തൃ ബന്ധം മെച്ചപ്പെടുത്തിയും സ്ത്രീകള്‍ക്ക് പുതിയ വിഭാഗങ്ങള്‍ അവതരിപ്പിച്ചും ലാഭകരമായ സ്റ്റോര്‍ ശൃംഖല ഉറപ്പു വരുത്തിയും മുന്നോട്ട് പോകാനാണ് ലിവൈസിന്റെ തീരുമാനം. ഇന്ത്യന്‍ വിപണിയുടെ സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ മാതൃ കമ്പനിയില്‍ നിന്ന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നതെന്ന് ലിവൈസ് ഇന്ത്യ അറിയിച്ചു.

Comments

comments

Categories: Business & Economy