1.2 ബില്യണ്‍ യൂറോയുടെ റെനോ ഓഹരി ഫ്രഞ്ച് സര്‍ക്കാര്‍ വില്‍ക്കും

1.2 ബില്യണ്‍ യൂറോയുടെ റെനോ ഓഹരി ഫ്രഞ്ച് സര്‍ക്കാര്‍ വില്‍ക്കും

4.73 ശതമാനം വരുന്ന 14 മില്യണ്‍ ഓഹരികളാണ് ഫ്രഞ്ച് സര്‍ക്കാര്‍ വിറ്റഴിക്കുന്നത്

പാരിസ് : വാഹന നിര്‍മ്മാണ കമ്പനിയായ റെനോയുടെ 4.73 ശതമാനം ഓഹരികള്‍ ഫ്രഞ്ച് സര്‍ക്കാര്‍ വിറ്റഴിക്കുന്നു. ഇതോടെ റെനോയിലെ ഫ്രഞ്ച് സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം രണ്ടര വര്‍ഷം മുമ്പുണ്ടായിരുന്ന 15.01 ശതമാനമെന്ന നിലയിലേക്ക് കുറയും. എന്നാല്‍ റെനോയുടെ ഏറ്റവും വലിയ ഓഹരിയുടമ തുടര്‍ന്നും ഫ്രഞ്ച് സര്‍ക്കാര്‍ തന്നെയായിരിക്കും.

ഇപ്പോള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ച 4.73 ശതമാനം ഓഹരികള്‍ 2015 ഏപ്രില്‍ മാസത്തിലാണ് സര്‍ക്കാര്‍ വാങ്ങിയത്. മറ്റ് കമ്പനികള്‍ റെനോയെ ഏറ്റെടുക്കുന്നത് തടയുന്നതിന് സര്‍ക്കാര്‍ അന്ന് ഇത്രയും ഓഹരി സ്വന്തമാക്കുകയായിരുന്നു.

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഇരട്ട വോട്ടവകാശം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് റെനോയിലെ വര്‍ധിച്ച സ്വാധീനം ഉപയോഗപ്പെടുത്തുമെന്ന് 4.73 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്ന സമയത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ ലക്ഷ്യങ്ങളെല്ലാം കൈവരിച്ചതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓഹരികള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ എപിഇ അറിയിച്ചു.

എന്നാല്‍ റെനോയുടെ ഏറ്റവും വലിയ ഓഹരിയുടമ തുടര്‍ന്നും ഫ്രഞ്ച് സര്‍ക്കാര്‍ തന്നെയായിരിക്കും

4.73 ശതമാനം വരുന്ന 14 മില്യണ്‍ ഓഹരികളാണ് ഫ്രഞ്ച് സര്‍ക്കാര്‍ വിറ്റഴിക്കുന്നത്. റവന്യൂ കമ്മിയും മറ്റും കുറയ്ക്കാന്‍ പാടുപെടുന്ന ഫ്രഞ്ച് സര്‍ക്കാരിന് ഓഹരി വിറ്റഴിക്കല്‍ ആശ്വാസമാകും. പാരിസ് ഓഹരി വിപണിയില്‍ റെനോയുടെ നിലവിലെ ഓഹരി വിലയനുസരിച്ച് 1.2 ബില്യണ്‍ യൂറോ (1.4 ബില്യണ്‍ യുഎസ് ഡോളര്‍) മൂല്യം വരുന്ന ഓഹരികളാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്.

ഓഹരി വിറ്റഴിക്കുന്നതിനെ റെനോയുടെ പങ്കാളിയായ നിസ്സാന്‍ മനസാ സ്വാഗതം ചെയ്യും. 2015 ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ റെനോയിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചത് ജാപ്പനീസ് കമ്പനിക്ക് അത്ര രസിച്ചിരുന്നില്ല. 1999 ല്‍ ഒപ്പുവെച്ച കരാറനുസരിച്ച് നിസ്സാന്റെ 43 ശതനമാനം ഓഹരികളാണ് ഫ്രഞ്ച് കമ്പനി കയ്യാളുന്നത്. നിസ്സാന്റെ കൈവശമിരിക്കുന്നത് റെനോയുടെ 15 ശതമാനം ഓഹരികളും. എന്നാല്‍ വോട്ടിംഗ് അവകാശങ്ങള്‍ ഇല്ല.

Comments

comments

Categories: Auto