ഡിസംബര്‍ മുതല്‍ വില്‍ക്കുന്ന നാലുചക്ര വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധം

ഡിസംബര്‍ മുതല്‍ വില്‍ക്കുന്ന നാലുചക്ര വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധം

ചുങ്കം നല്‍കുന്നതിന് ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ കാത്തുകെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിയും

ന്യൂ ഡെല്‍ഹി : രാജ്യത്ത് ഡിസംബര്‍ ഒന്ന് മുതല്‍ വില്‍ക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളിലും ഫാസ്ടാഗ് നിര്‍ബന്ധമാണെന്ന് റോഡ് ഗതാഗത മന്ത്രാലയം. പാതകളില്‍ ഓട്ടോമാറ്റിക്കായി ചുങ്കം ഈടാക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ഇതോടെ ചുങ്കം നല്‍കുന്നതിന് ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ കാത്തുകെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാം. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും റോഡ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നിലുണ്ട്.

ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാമെന്ന് മാത്രമല്ല, വാഹനങ്ങളുടെ ഐഡ്‌ലിംഗ് ഒഴിവാക്കുന്നതിലൂടെ ഇന്ധന ഉപയോഗം കുറയ്ക്കുകയുമാവാം. ഡിസംബര്‍ ഒന്ന് മുതല്‍ വില്‍ക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളിലും ഫാസ്ടാഗ് ഉണ്ടായിരിക്കണമെന്ന വിജ്ഞാപനം റോഡ് ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി. ഫാസ്ടാഗ് സംവിധാനം ഉപയോഗിക്കുന്നതോടെ ടോള്‍ പ്ലാസകളില്‍ കാത്തുകെട്ടിക്കിടക്കാതെ സാവധാനം വാഹനമോടിച്ചുപോകാം. ചുങ്കം ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ അടയ്ക്കുകയും ചെയ്യാം. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതല്‍ തങ്ങളുടെ കീഴിലുള്ള 370 ടോള്‍ പ്ലാസകളിലും ദേശീയപാത അതോറിറ്റി ഫാസ്ടാഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും റോഡ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നിലുണ്ട്

റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാധ്യമാകുന്ന സ്റ്റിക്കറാണ് ഫാസ്ടാഗ്. ദേശീയ പാത അതോറിറ്റി വിതരണം ചെയ്യുന്ന ഈ സ്റ്റിക്കര്‍ ബാങ്കുകളില്‍നിന്നും അംഗീകൃത ഡീലര്‍മാരില്‍നിന്നും ടോള്‍ പ്ലാസകള്‍ക്ക് സമീപത്തെ കോമണ്‍ സര്‍വീസസ് സെന്ററുകളില്‍നിന്നും വാങ്ങാന്‍ കഴിയും. ആര്‍എഫ്‌ഐഡി സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ പ്രീ-പെയ്ഡ് എക്കൗണ്ടില്‍നിന്ന് ഡിജിറ്റലായി ചുങ്കം അടയ്ക്കാം. ഏറ്റവും കുറഞ്ഞത് 100 രൂപയും പരമാവധി ഒരു ലക്ഷം രൂപയും എക്കൗണ്ടില്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയും. ഓരോ തവണയും ചുങ്കം ഈടാക്കിയശേഷം നിങ്ങള്‍ക്ക് എസ്എംഎസ് അലര്‍ട്ടുകള്‍ ലഭിക്കും. എന്നാല്‍ നിലവിലെ വാഹന ഉടമകള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമല്ല.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിയായ ദിശയിലുള്ളതാണെന്ന് വിദഗ്ധര്‍ പ്രതികരിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഫാസ്ടാഗ് പ്രോത്സാഹിപ്പിക്കുന്നതിന് ശ്രമിച്ചുവരികയാണ് ദേശീയപാത അതോറിറ്റി. ഓഗസ്റ്റില്‍ മൈഫാസ്ടാഗ്, ഫാസ്ടാഗ് പാര്‍ട്ണര്‍ എന്നീ രണ്ട് മൊബീല്‍ ആപ്പുകള്‍ പുറത്തിറക്കിയിരുന്നു. മൊബീല്‍ ഫോണ്‍ വഴി ഇലക്ട്രോണിക് ടോള്‍ കളക്ഷനും ഫാസ്ടാഗ് റീച്ചാര്‍ജും നടത്തുന്നതിന് ഈ ആപ്പുകള്‍ സഹായിക്കും.

Comments

comments

Categories: Auto