ഭൂകമ്പത്തിനു തകര്‍ക്കാനാകാത്ത മനക്കരുത്ത്

ഭൂകമ്പത്തിനു തകര്‍ക്കാനാകാത്ത മനക്കരുത്ത്

പ്രകൃതിക്ഷോഭത്തില്‍ നാമാവശേഷമായ ഗ്രാമം ഉയിര്‍ത്തെഴുന്നേറ്റതിങ്ങനെ

ചൈനയിലെ ജിന്റായി ഗ്രാമം ഇന്ന് പ്രതിരോധത്തിന്റെയും പ്രത്യാശയുടെയും അടയാളമാണ്. പ്രതീക്ഷയുടെ പച്ചപ്പു പോലെ ഇവിടത്തെ വീടുകളുടെ മേല്‍ക്കൂരകളില്‍ കൃഷിയിടങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. 2008-ലെ വെന്‍ചുവാന്‍ ഭൂകമ്പത്തില്‍, സിഷുവാന്‍ പ്രവിശ്യക്കടുത്തു സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലെ 80 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു നാമാവശേഷമായിരുന്നു. അമ്പതുലക്ഷം പേര്‍ക്കു വീടു നഷ്ടപ്പെട്ടു. ഇന്നിത് പുനരുദ്ധരിക്കപ്പെട്ടിരിക്കുന്നു. സുസ്ഥിരപാര്‍പ്പിട പദ്ധതിയില്‍പ്പെടുത്തി 22-ലധികം കെട്ടിടങ്ങളാണ് ഇവിടെ പണി തീര്‍ത്തിട്ടുള്ളത്. വീടുകളുടെ മേല്‍ക്കൂരകളില്‍ കൃഷിയിറക്കിയും കന്നുകാലികളെ വളര്‍ത്തിയും ജനങ്ങള്‍ ജീവിതം തിരിച്ചു പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഫലവര്‍ഗങ്ങളും പച്ചക്കറികളുമാണ് പ്രധാന കാര്‍ഷിക വിളകള്‍.

2008-ലെ ഭൂകമ്പത്തിനു ശേഷം 2011-ല്‍ ഉണ്ടായ പേമാരിയും മണ്ണിടിച്ചിലും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിപ്പിച്ചിരുന്നു. ഭൂകമ്പത്തില്‍ തകരാതിരുന്ന കെട്ടിടങ്ങളെക്കൂടി ഇത് കടപുഴക്കിയെറിഞ്ഞു. ഇതോടെ താമസയോഗ്യമായ വീടുകള്‍ പണിയുക എന്നതിനേക്കാളുപരി പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാന്‍ തക്ക കരുത്തുറ്റ കെട്ടിടങ്ങള്‍ നിര്‍മിക്കുകയെന്ന തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിച്ചേര്‍ന്നു. പ്രകൃതിദുരന്തങ്ങളില്‍പ്പെട്ടവര്‍ക്കായി വീടു വെച്ചു നല്‍കാന്‍ നിയോഗിക്കപ്പെട്ട റൂറല്‍ അര്‍ബന്‍ ഫ്രെയിംവര്‍ക്കിനാണ് വീടുകളുടെ നിര്‍മാണച്ചുമതല. സര്‍ക്കാരും സന്നദ്ധ സംഘടനകളുമാണ് ഇതില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ഹോങ്കോംഗ് സര്‍വകലാശാലയിലെ നിര്‍മാണവിദഗ്ധരായ ജോണ്‍ ലിന്‍, ജോഷ്വ ബോള്‍ഷോവ് എന്നിവരാണ് വീടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ചൈനയിലെ 2008-ലെ ഭൂകമ്പത്തിനു ശേഷം 2011-ല്‍ ഉണ്ടായ പേമാരിയും മണ്ണിടിച്ചിലും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിപ്പിച്ചിരുന്നു. ഭൂകമ്പത്തില്‍ തകരാതിരുന്ന കെട്ടിടങ്ങളെക്കൂടി ഇത് കടപുഴക്കിയെറിഞ്ഞു. ഇതോടെ താമസയോഗ്യമായ വീടുകള്‍ പണിയുക എന്നതിനേക്കാളുപരി പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാന്‍ തക്ക കരുത്തുറ്റ കെട്ടിടങ്ങള്‍ നിര്‍മിക്കുകയെന്ന തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിച്ചേര്‍ന്നു

പഴം- പച്ചക്കറി കൃഷിക്കൊപ്പം പന്നി, കോഴി എന്നിവയെ വളര്‍ത്താനുള്ള സൗകര്യങ്ങളോടു കൂടിയാണ് വീടുകള്‍ തയാറാക്കിയിരിക്കുന്നത്. ഇതിലൂടെ ഭക്ഷ്യസ്വയംപര്യാപ്തത നേടാന്‍ ഗ്രാമവാസികള്‍ക്കായി. ഭക്ഷണകാര്യത്തില്‍ മാത്രമല്ല മഴവെള്ള സംഭരണത്തിനും ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കാനുമുള്ള സൗകര്യങ്ങളും ഈ തട്ടിന്‍പുറങ്ങളിലൊരുക്കിയിരിക്കുന്നു. കാറ്റും വെളിച്ചവും യഥേഷ്ടം കെട്ടിടങ്ങള്‍ക്കകത്തേക്കു കടന്നുവരുന്ന രീതിയിലാണ് രൂപകല്‍പ്പന. ഇടുങ്ങിയ തെരുവുകള്‍ക്ക് ഇരുപുറവുമായി അധികം സ്ഥലം പാഴാക്കാതെ നിര്‍മിച്ചിരിക്കുന്ന വീടുകളെ വലുപ്പം, സൗകര്യം, മേല്‍ക്കൂര എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രധാനമായും നാലു വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഷഡ്ഭുജത്തിന്റെ ആകൃതിയിലാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. കുറഞ്ഞ സ്ഥലപരിമിതിക്കുള്ളില്‍ പരമാവധി സ്ഥലവിനിയോഗത്തിലൂടെ വലിയ മുറികള്‍ പണിയാനാണിത്.

ഓരോ തട്ടിന്‍പുറവും ബീമുകളാല്‍ ഉറപ്പിക്കപ്പെട്ടതും മട്ടുപ്പാവുകളുള്ളതുമായിരിക്കും. ഇവിടെ മുളകളും മരക്കൊമ്പുകളുമുപയോഗിച്ച് വള്ളികളില്‍ പടരുന്ന പച്ചക്കറികള്‍ വളര്‍ത്തിയിരിക്കുന്നു. ഇതോടൊപ്പം വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഷെഡുകളും സ്ഥാപിച്ചിരിക്കുന്നു. തട്ടിന്‍പുറം തട്ടുതട്ടുകളായി തിരിച്ചിരിക്കുന്നു. കൃഷിക്കുള്ള ജലസേചനത്തിന്റെയും സൂര്യപ്രകാശത്തിന്റെ ലഭ്യതയുടെയും പരമാവധി വിനിയോഗം ഉറപ്പുവരുത്താനാണിത്. മട്ടുപ്പാവുകള്‍ വീടിനു പുറത്ത് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനുമുള്ള അവസരമൊരുക്കുന്നു. സായാഹ്നങ്ങളില്‍ വീടിനു പുറത്ത് വന്നിരിക്കാനും അയല്‍ വാസികളുമായി ഇടപഴകാനുമെല്ലാം ഈ വീടുകള്‍ സൗകര്യം നല്‍കുന്നു. മട്ടുപ്പാവിനു താഴെയുള്ള പോര്‍ച്ച് പണിശാലകളായി ഉപയോഗിക്കാനുമാകുന്നു.

ഭൂകമ്പബാധിത പ്രദേശങ്ങള്‍ക്ക് ഇണങ്ങും വിധം സാമൂഹികവും പരിസ്ഥിതി സൗഹാര്‍ദപരവുമായ ഒരു മാതൃകയാണിത്. പല രൂപകല്‍പ്പനകളും പരിശോധിച്ച ശേഷമാണ് ഇതു തെരഞ്ഞെടുത്തതെന്ന് റൂറല്‍ അര്‍ബന്‍ ഫ്രെയിംവര്‍ക്ക് അവകാശപ്പെട്ടു. നാഗരികവും ഗ്രാമീണവുമായ ജീവിതചര്യകളിലേക്കുള്ള ഒരു അന്വേഷണമാണിത്. ചൈനയിലെ ആയിരക്കണക്കിനു ഗ്രാമങ്ങളെ ഈ രീതിയില്‍ പുനരുദ്ധരിക്കുന്നുണ്ട്. ഇത്തരം 15 പദ്ധതികളാണ് ചൈനീസ് ഗ്രാമങ്ങളില്‍ തയാറാകുന്നത്. സ്‌കൂളുകള്‍, കമ്യൂണിക്കേഷന്‍ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, പാര്‍പ്പിടങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഈ ഗ്രാമങ്ങളുടെ സമഗ്രമാറ്റത്തിനു വേണ്ടി സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രക്രിയകളിലും റൂറല്‍ അര്‍ബന്‍ ഫ്രെയിംവര്‍ക്ക് ഇടപെടുന്നുവെന്നതാണ് സത്യം.

മനുഷ്യത്വത്തിലൂന്നിയ വാസ്തുവിദ്യയ്ക്കു നല്‍കിയ സംഭാവനകളുടെ പേരില്‍ 2015-ലെ കറി സ്റ്റോണ്‍ ഡിസൈന്‍ പുരസ്‌കാരം റൂറല്‍ അര്‍ബന്‍ ഫ്രെയിംവര്‍ക്കിനു ലഭിച്ചു. പ്രാഥമിക വിദ്യാലയത്തില്‍ കണ്ണാടി ടൈലുകള്‍ കൊണ്ട് നിര്‍മ്മിച്ച അത്യാധുനിക ടോയ്‌ലെറ്റ് ബ്ലോക്കും ആശുപത്രിയുടെ മേല്‍ക്കൂരയിലേക്കുള്ള റാംപ് നിര്‍മാണവും ഇവരുടെ വാസ്തുനിര്‍മാണ കലയുടെ സവിശേഷ ഉദാഹരണങ്ങളാണ്. സ്ഥലവിനിയോഗവും ഭൗതികസാഹചര്യങ്ങളും സ്വാഭാവിക പരിസ്ഥിതിക്കിണങ്ങും വിധം ആസൂത്രണം ചെയ്യുകയാണ് നിര്‍മാണ ഏജന്‍സി നേരിടുന്ന വെല്ലുവിളി.

ഭൂമിയില്‍ ആളുകള്‍ക്കു വീടുവെക്കാന്‍ പോലും സ്ഥലമില്ലാതാകുമ്പോള്‍ കൃഷിഭൂമിയും തണ്ണീര്‍ത്തടങ്ങളും നികത്തരുതെന്ന വാദങ്ങള്‍ അപ്രായോഗികമാണെന്നു വാദിക്കുന്നവരാണ് നമ്മുടെ നാട്ടിലേറെയും. ജനപ്പെരുപ്പം വര്‍ധിക്കുന്നതിന് ആനുപാതികമായി സ്ഥലം വികസിക്കുന്നില്ലെന്നു വിലപിക്കുന്നവര്‍. മൈതാനങ്ങളും പുറമ്പോക്കും മാത്രമല്ല പാതകള്‍ വരെ കൈയേറ്റം ചെയ്ത് വീടു വെക്കാനൊരുങ്ങുമ്പോള്‍ ലാഭകരമല്ലാത്ത കൃഷിയിടങ്ങള്‍ തരിശിടുന്നതിലും നല്ലത് സ്ഥലം മുറിച്ചു വീടുവെക്കുകയാണെന്ന പക്ഷക്കാരും കുറവല്ല. എന്നാല്‍ പരിസ്ഥിതിനാശം വരുത്തുന്ന നികത്തലുകള്‍ ഭൂമിയുടെ സംതുലനാവസ്ഥയെ അപകടപ്പെടുത്തുമെന്ന ആശങ്ക അസ്ഥാനത്തല്ലെന്ന് ഓര്‍മിപ്പിക്കുന്നു ഇടയ്ക്കിടെ വരുന്ന ഭൂകമ്പങ്ങളും മറ്റു പ്രകൃതിദുരന്തങ്ങളും. കൃഷിസ്ഥലങ്ങളുടെ അപര്യാപ്തത ഭക്ഷ്യക്ഷാമത്തിന് ഇടയാക്കരുത്. ഇന്ത്യക്കു കൂടി മാതൃകയാക്കാവുന്ന പദ്ധതിയാണ് ചൈന ലോകത്തിനു മുമ്പില്‍ കാഴ്ച വെക്കുന്നത്.

Comments

comments

Categories: FK Special, Slider