ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന ഉഷാറാകും

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന ഉഷാറാകും

ഈ സാമ്പത്തിക വര്‍ഷം ഇലക്ട്രിക് വാഹന വില്‍പ്പന 40 ശതമാനത്തോളം വര്‍ധിക്കുമെന്ന് പ്രതീക്ഷ

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 40 ശതമാനത്തോളം വര്‍ധിക്കും. 35,000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളായിരിക്കും ഈ വില്‍പ്പനയില്‍ മുന്നിട്ടുനില്‍ക്കുന്നത്. 31,000 യൂണിറ്റ്. ഇലക്ട്രിക് കാറുകളുടെ വില്‍പ്പന 4,000 യൂണിറ്റായി ഇരട്ടിയായി വര്‍ധിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ചരക്ക് സേവന നികുതിയനുസരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 12 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. ജിഎസ്ടി പ്രാബല്യത്തിലായതോടെ ഉത്തര്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില 9 ശതമാനം കുറഞ്ഞു. ഝാര്‍ഖണ്ഡില്‍ 8 ശതമാനവും ഗോവയില്‍ 7 ശതമാനവും മഹാരാഷ്ട്രയില്‍ 3 ശതമാനവും പുതുച്ചേരിയില്‍ രണ്ട് ശതമാനവും ഒഡിഷയില്‍ ഒരു ശതമാനവുമാണ് വില കുറഞ്ഞത്.

35,000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

പഞ്ചാബ്, പശ്ചിമ ബംഗാള്‍, മധ്യ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ ജിഎസ്ടിക്ക് മുമ്പ് 12 ശതമാനം നികുതി പിരിച്ചിരുന്നതിനാല്‍ പിന്നീട് നികുതി നിരക്കില്‍ മാറ്റമുണ്ടായില്ല. എന്നാല്‍ ഡെല്‍ഹി, ഗുജറാത്ത്, തമിഴ് നാട്, കേരള, ആന്ധ്രാ പ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഒരു ശതമാനവും ഛത്തീസ്ഗഢില്‍ അഞ്ച് ശതമാനവും രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലും ആറ് ശതമാനവും വില വര്‍ധിച്ചു.

ഫെയിം-1 (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്ക്ള്‍) പദ്ധതിയനുസരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ 2018 മാര്‍ച്ച് വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന നയം കൊണ്ടുവരാനുള്ള നടപടികളിലാണ് നിതി ആയോഗ്. ഗ്രീന്‍ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളും പ്രത്യേക നയം അവതരിപ്പിക്കും.

2030 ഓടെ രാജ്യത്തെ പുതിയ വാഹനങ്ങളില്‍ ഭൂരിഭാഗവും ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്ന ദൗത്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാമെന്നും കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. സമഗ്രമായ ഇലക്ട്രിക് വാഹന നയം തയ്യാറാക്കിവരികയാണ് നിതി ആയോഗ്.

Comments

comments

Categories: Auto