കാര്‍വിയുടെ ചെറുകിട വ്യവസായ വായ്പാ വിഭാഗത്തെ ഏറ്റെടുക്കാന്‍ അര്‍പ്‌വുഡ്

കാര്‍വിയുടെ ചെറുകിട വ്യവസായ വായ്പാ വിഭാഗത്തെ ഏറ്റെടുക്കാന്‍ അര്‍പ്‌വുഡ്

സൂക്ഷ്മ സംരംഭ (മൈക്രോ എന്റര്‍പ്രസസ്-എംഇ) വായ്പകള്‍, ചെറുകിട- ഇടത്തരം സംരംഭ (സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ്) വായ്പകള്‍, സ്വര്‍ണ്ണപ്പണയ വായ്പകള്‍, ചെറു വാണിജ്യ വാഹന വായ്പകള്‍ എന്നിവ ഏറ്റെടുക്കുന്നവയില്‍ ഉള്‍പ്പെടും

മുംബൈ: ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ കാര്‍വി ഗ്രൂപ്പിന്റെ ചെറുകിട വ്യവസായ വായ്പാ വിഭാഗത്തെ ഏറ്റെടുക്കാനൊരുങ്ങി അര്‍പ്‌വുഡ് കാപ്പിറ്റല്‍ ലിമിറ്റഡ്. 200 മില്ല്യണ്‍ ഡോളറിന്റേതാവും ഇടപാട്. പ്രമുഖ നിക്ഷേപകനായ രാജീവ് ഗുപ്തയും ടിപിജി കാപ്പിറ്റലിന്റെ മുന്‍ മാനേജരായ അമോല്‍ ജയ്‌നുമാണ് അര്‍പ്‌വുഡിന്റെ സ്ഥാപകര്‍.

സ്‌മോള്‍ ബിസിനസ് ഫിന്‍ക്രെഡിറ്റ് ഇന്ത്യ (എസ്ബിഎഫ്‌സി)എന്ന പേരിലെ സ്ഥാപനം ആരംഭിച്ചുകൊണ്ടാണ് കാര്‍വിയുടെ ചെറുകിട വ്യവസായ വായ്പകളെ അര്‍പ് വുഡ് സ്വന്തമാക്കുന്നത്. എസ്ബിഎഫ്‌സിയുടെ സിഇഒയായി എച്ച്്ഡിഎഫ്‌സി ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അസീം ധ്രുവും ചീഫ് ബിസിനസ് ഓഫീസറായി കൊട്ടക് മഹീന്ദ്രയിലെ മഹേഷ് ദയാനിയുമായിരിക്കും ചുമതലയേല്‍ക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്.

കരാര്‍ തുകയില്‍ ഏകദേശം 40 മില്ല്യണ്‍ ഡോളറോളം കാര്‍വി ഗ്രൂപ്പിന് അര്‍പ്‌വുഡ് നല്‍കും. ബാക്കി വരുന്ന തുക പരിമിത പങ്കാളി(ലിമിറ്റഡ് പാര്‍ട്ട്‌ണേഴ്‌സ്-എല്‍പി) കളായ ചാഡ്‌ലെര്‍ കോര്‍പ്പറേഷന്‍ നല്‍കുമെന്നും ഇടപാടുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

പതിനെട്ട് മാസമായി ഇടപാട് സംബന്ധിച്ച ചര്‍ച്ചകള്‍ പരോഗമിക്കുകയായിരുന്നു. സൂക്ഷ്മ സംരംഭ (മൈക്രോ എന്റര്‍പ്രസസ്-എംഇ) വായ്പകള്‍, ചെറുകിട- ഇടത്തരം സംരംഭ (സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ്) വായ്പകള്‍, സ്വര്‍ണ്ണപ്പണയ വായ്പകള്‍, ചെറു വാണിജ്യ വാഹന വായ്പകള്‍ എന്നിവ ഏറ്റെടുക്കുന്നവയില്‍ ഉള്‍പ്പെടും. കാര്‍വിയുടെ വലിയ തോതിലുള്ള കോര്‍പ്പറേറ്റ് ലോണുകള്‍ ഏറ്റെടുക്കുന്നവയില്‍ പെടില്ല. എന്നാല്‍ കാര്‍വിയുടെ ചെയര്‍മാന്‍ സി പാര്‍ത്ഥസാരഥി ഇക്കാര്യങ്ങളോട് പ്രതികരിച്ചിട്ടില്ല.

3000 കോടി രൂപയിലധികമാണ് കാര്‍വി വായ്പ വിഭാഗത്തിന് കീഴില്‍ വിതരണം ചെയ്തിട്ടുള്ളത്. 40 ഇടങ്ങളിലെ 75 ലധികം ബ്രാഞ്ചുകളിലായി ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട് കാര്‍വിക്ക്.
പ്രമുഖ ഇന്ത്യന്‍ നിക്ഷേപ സ്ഥാപനമായ മേപ് അഡൈ്വസേഴ്‌സാണ് കരാര്‍ ഉറപ്പിക്കുന്നതിന് അര്‍പ്‌വുഡിനെ സഹായിച്ചത്. ഇടപാടിന്റെ ഭാഗമായി കാര്‍വിയുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും (ചെറു കിട വായ്പ വിഭാഗത്തിലെ) ബ്രാഞ്ചുകളും ജീവനക്കാരുമടങ്ങുന്ന മുഴുവന്‍ ടീമും എസ്ബിഎഫ്‌സിയുടേതായി മാറും. കരാര്‍ പൂര്‍ത്തിയാകുന്ന സമയത്ത് 590 കോടി രൂപയുടെ അറ്റ ആസ്തിയും 900 കോടി രൂപയുടെ വായ്പാ ശേഖരവും എസ്ബിഎഫ്‌സി പ്രതീക്ഷിക്കുന്നു. സ്വര്‍ണപ്പണയത്തിന്മേല്‍ ചെറിയ വ്യവസായ വായ്പകളുടെ വിതരണമാണ് എസ്ബിഎഫ്‌സി ലക്ഷ്യമിടുന്നതെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ കണക്കുകൂട്ടുന്നു.

Comments

comments

Categories: Business & Economy