അബുദാബി അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന വിലയില്‍ മൂന്ന് ശതമാനം ഇടിവ്

അബുദാബി അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന വിലയില്‍ മൂന്ന് ശതമാനം ഇടിവ്

മൂന്നാം പാദത്തില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ ശരാശരി വില്‍പ്പന വില മൂന്ന് ശതമാനം കുറഞ്ഞുവെന്ന് പ്രോപ്പര്‍ട്ടി കമ്പനിയുടെ ഏറ്റവും പുതിയ അബുദാബി റസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് ക്യു3 2017 റിപ്പോര്‍ട്ടില്‍ പറയുന്നു

അബുദാബി: 2017ന്റെ മൂന്നാം പാദത്തിലും അബുദാബിയുടെ പാര്‍പ്പിട വിപണിയില്‍ സമ്മര്‍ദ്ദം തുടരുന്നുവെന്ന് പ്രമുഖ പ്രോപ്പര്‍ട്ടി കണ്‍സല്‍ട്ടന്റ്‌സായ ചെസ്റ്റര്‍ടണ്‍സ് മിന. കുറഞ്ഞ ഡിമാന്‍ഡ്, മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച തുടങ്ങിയ ഘടകങ്ങളാണ് ഹൗസിംഗ് മാര്‍ക്കറ്റില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മൂന്നാം പാദത്തില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ ശരാശരി വില്‍പ്പന വില മൂന്ന് ശതമാനം കുറഞ്ഞുവെന്ന് പ്രോപ്പര്‍ട്ടി കമ്പനിയുടെ ഏറ്റവും പുതിയ അബുദാബി റസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് ക്യു3 2017 റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലുള്ള സാമ്പത്തിക ഘടകങ്ങള്‍ ആളുകളെ ഖലീഫ സിറ്റി, മുഹമ്മദ് ബിന്‍ സയിദ് സിറ്റി, മുരൂര്‍ പോലെയുള്ള താങ്ങാവുന്ന നിരക്കില്‍ പ്രോപ്പര്‍ട്ടികള്‍ ലഭ്യമാകുന്ന മേഖലകളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സാദിയത്ത് ഐലന്‍ഡ് അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വില്‍പന വില ഒരു സ്‌ക്വയര്‍ ഫീറ്റിന് 1,401 ദര്‍ഹം എന്നതില്‍ നിന്നും 1415 ആയി വര്‍ധിച്ചു. അല്‍ രഹ ബീച്ചാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദങ്ങളെക്കാളും അഞ്ച് ശതമാനം ഇടിവാണ് വില്‍പ്പന വിലയിലുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാം പാദത്തില്‍ വില്ലകളുടെ ശരാശരി വില്‍പ്പന വിലയും രണ്ട് ശതമാനം കുറഞ്ഞെന്ന് ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

അപ്പാര്‍ട്ട്‌മെന്റുകളുടെയും വില്ലകളുടെയും വാടകനിരക്കില്‍ യഥാക്രമം രണ്ടും ഒന്നും ശതമാനം ഇടിവാണുണ്ടായത്

2017ന്റെ ആദ്യ പകുതിയില്‍ കുറഞ്ഞ എണ്ണ വില, സെക്കന്ററി മാര്‍ക്കറ്റിലെ സ്റ്റോക്ക് വര്‍ധനവ്, ജീവിത ചെലവിലെ വര്‍ധനവ് എന്നിവയുള്‍പ്പടെയുള്ള നിരവധി സാമ്പത്തിക ഘടകങ്ങള്‍ അബുദാബി ഹൗസിംഗ് മാര്‍ക്കറ്റിനെ സമ്മദര്‍ദത്തിലാക്കിയിരുന്നുവെന്ന് ചെസ്റ്റര്‍ടണ്‍സ് മിനയിലെ അഡൈ്വസറി ആന്റ് റിസര്‍ച്ച് ഹെഡ് ഇവാന ഗാസിവോഡ വുസിനിക് പറഞ്ഞു. മൂന്നാം പാദത്തിലും ഇതേ ഘടകങ്ങള്‍ വിപണിയുടെ പ്രകടനത്തെ ബാധിച്ചുവെന്നും പുതിയ ഹൈ എന്‍ഡ് റസിഡന്‍ഷ്യല്‍ പ്രൊജക്റ്റുകളുടെ പ്രഖ്യാപനം നിക്ഷേപകര്‍ക്കിടയില്‍ ജാഗ്രത വര്‍ധിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു.

എമിറേറ്റിന്റെ വാടക വിപണിയും സമാനമായ പ്രവണതകള്‍ പ്രകടമാക്കി. അപ്പാര്‍ട്ട്‌മെന്റുകളുടെയും വില്ലകളുടെയും വാടകനിരക്കില്‍ യഥാക്രമം രണ്ടും ഒന്നും ശതമാനം ഇടിവാണുണ്ടായത്. അല്‍ ഖലിദിയ, മുദമ്മദ് ബിന്‍ സയിദ് സിറ്റി, കോറിഞ്ചെ റോഡ്, മുരൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ മികച്ച പ്രകടനം കാഴ്ച വച്ചപ്പോള്‍ അല്‍ രഹ ബീച്ച്, അല്‍ ഖദീര്‍, അല്‍ റീഫ്, റീം ഐലന്‍ഡ്, സാദിയത്ത് ഐലന്‍ഡ് എന്നിവിടങ്ങളില്‍ പ്രതികൂല ഫലങ്ങളാണുണ്ടായത്. വില്ല റെന്റല്‍ മാര്‍ക്കറ്റില്‍ ശരാശരി വിലയില്‍ ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത് അല്‍ ഖദീറിലാണ്. കഴിഞ്ഞ പാദത്തേക്കാള്‍ 8 ശതമാനം ഇടിവാണ് ഉണ്ടായത്.

Comments

comments

Categories: Arabia