ടാറ്റ ടിഗോറിന്റെ എഎംടി പതിപ്പ് പുറത്തിറക്കി

ടാറ്റ ടിഗോറിന്റെ എഎംടി പതിപ്പ് പുറത്തിറക്കി

വില 5.75 ലക്ഷം മുതല്‍ 6.22 ലക്ഷം രൂപ വരെ

ന്യൂ ഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ സബ്‌കോംപാക്റ്റ് സെഡാനായ ടിഗോറിന്റെ എഎംടി (ഓട്ടോമാറ്റിക് മാന്വല്‍ ട്രാന്‍സ്മിഷന്‍) വേരിയന്റ് അവതരിപ്പിച്ചു. എക്‌സ്ടിഎ, എക്‌സ്ഇസഡ്എ എന്നീ രണ്ട് വേര്‍ഷനുകളില്‍ ടിഗോര്‍ എഎംടി ലഭിക്കും. യഥാക്രമം 5.75 ലക്ഷം രൂപ, 6.22 ലക്ഷം രൂപയാണ് വില.

ടാറ്റ ടിയാഗോയെപ്പോലെ പെട്രോള്‍ മോഡലില്‍ മാത്രമേ ടിഗോര്‍ എഎംടി ലഭിക്കൂ. മാരുതി സുസുകി ഡിസയര്‍ എഎംടി, ഹ്യുണ്ടായ് എക്‌സെന്റ് എടി എന്നിവയാണ് ടിഗോര്‍ എഎംടിയുടെ ഇന്ത്യയിലെ എതിരാളികള്‍. എന്നാല്‍ ഹ്യുണ്ടായ് എക്‌സെന്റില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ അധിക സവിശേഷതയാണ്.

ഗതാഗതകുരുക്കുകളും മറ്റും പരിഗണിക്കുമ്പോള്‍ ഡ്രൈവിംഗ് കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിന് എഎംടി സഹായിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്ക്ള്‍സ് ബിസിനസ് യൂണിറ്റ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി വിവേക് ശ്രീവത്സ പറഞ്ഞു. കാറിന്റെ ഇന്ധനക്ഷമതയെ തീരെ ബാധിക്കുകയുമില്ല. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ച മോഡലുകളും വേരിയന്റുകളും പുറത്തിറക്കി വിപണി വിഹിതം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്‌സ്ടിഎ, എക്‌സ്ഇസഡ്എ എന്നീ രണ്ട് വേര്‍ഷനുകളില്‍ ടിഗോര്‍ എഎംടി ലഭിക്കും

പുതിയ പ്രവണതകള്‍ തിരിച്ചറിഞ്ഞ് ടിയാഗോ ഹാച്ച്ബാക്കിന്റെ എഎംടി വേരിയന്റ് ടാറ്റ മോട്ടോഴ്‌സ് നേരത്തെ അവതരിപ്പിച്ചിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിച്ചത്. ഇതേതുടര്‍ന്നാണ് ടിഗോര്‍ എഎംടി പുറത്തിറക്കുന്നതെന്ന് വിവേക് ശ്രീവത്സ വ്യക്തമാക്കി. ഏഴ് മാസം മുമ്പാണ് ടാറ്റ ടിഗോര്‍ അവതരിപ്പിച്ചത്. ഇതിനുശേഷം ഓട്ടോമാറ്റിക് കാറുകള്‍ക്ക്, പ്രത്യേകിച്ച് എന്‍ട്രി ലെവല്‍ സെഗ്‌മെന്റില്‍, വലിയ ഡിമാന്‍ഡ് പ്രകടമായി.

ടാറ്റ ടിഗോര്‍ എഎംടിയിലെ 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍ പരമാവധി 84 ബിഎച്ച്പി പവറും 114 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും പുറപ്പെടുവിക്കും. ടിയാഗോ എഎംടിയിലേതുപോലെ ഇറ്റാലിയന്‍ കമ്പനിയായ മാഗ്‌നേറ്റി മറേല്ലിയുടെ 5 സ്പീഡ് എഎംടിയാണ് നല്‍കിയിരിക്കുന്നത്. മാന്വല്‍, സ്‌പോര്‍ട്‌സ് മോഡുകള്‍ കൂടാതെ ഓട്ടോമാറ്റിക്, ന്യൂട്രല്‍, റിവേഴ്‌സ് ഓപ്ഷനുകളും ഗിയര്‍ബോക്‌സ് നല്‍കും.

ടിയാഗോ എഎംടിയില്‍ ഇല്ലാത്ത ‘ക്രീപ്’ ഫീച്ചര്‍ ടിഗോര്‍ എഎംടിയിലുണ്ട്. ബ്രേക് പെഡലിലെ സമ്മര്‍ദ്ദത്തിന് അയവ് വന്നാല്‍ ആക്‌സലറേറ്റര്‍ ഉപയോഗിക്കാതെതന്നെ കാര്‍ പതുക്കെ മുന്നോട്ടുനീങ്ങിത്തുടങ്ങും. ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യങ്ങളില്‍ കാര്‍ ഡ്രൈവ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമായിരിക്കും.

Comments

comments

Categories: Auto