ഫോബ്‌സ് പട്ടിക: ഇന്ത്യയിലെ അതിസമ്പന്നരില്‍ മുമ്പില്‍ മുകേഷ് അംബാനി തന്നെ

ഫോബ്‌സ് പട്ടിക: ഇന്ത്യയിലെ അതിസമ്പന്നരില്‍ മുമ്പില്‍ മുകേഷ് അംബാനി തന്നെ

അസിംപ്രേജി നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത്

മുംബൈ: ഫോബ്‌സ് പ്രസിദ്ധീകരിച്ച 100 ഇന്ത്യന്‍ വ്യവസായ സമ്പന്നരുടെ 2017ലെ വാര്‍ഷിക പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെ ഒന്നാമതെത്തി. 38 ബില്യണ്‍ ഡോളര്‍ മൊത്ത ആസ്തിയാണ് മുകേഷിനുള്ളത്. 2016ലെ ലോകബാങ്ക് ഡാറ്റ പ്രകാരം മുന്‍സോവിയറ്റ് റിപ്പബ്ലിക്കായ അസര്‍ബൈജാന്റെ മൊത്തം ജിഡിപിയുടെതിന് തുല്യമാണ് അംബാനിയുടെ ആസ്തിയെന്ന് ഫോബ്‌സ് ചൂണ്ടിക്കാട്ടുന്നു.

2017ലെ ഇന്ത്യയുടെ സമ്പന്നപ്പട്ടിക ഇന്ന് ഫോബ്‌സ് പ്രസിദ്ധീകരിക്കും. വാദിയ ഗ്രൂപ്പ് ഓഫ് കമ്പനീന് ചെയര്‍മാന്‍ നുസ്‌ലി വാദിയയാണ് സമ്പന്നപ്പട്ടികയിലെ പുതുമുഖം. 5.6 ബില്യണ്‍ ഡോളറുമായി പട്ടികയില്‍ 25-ാം സ്ഥാനത്താണ് അദ്ദേഹം. 19 ബില്യണ്‍ ഡോളര്‍ മൊത്തം ആസ്തിയുമായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനങ്ങള്‍ മുന്നോട്ടു കയറി അസിം പ്രേംജി രണ്ടാമത്തെ ഇന്ത്യന്‍ സമ്പന്നനായി. അഫ്ഗാനിസ്ഥാന്റെ ജിഡിപിയായ 19.4 ബില്യണ്‍ ഡോളറിന് ഏകദേശം തുല്യമാണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് ഫോബ്‌സ് വിലയിരുത്തുന്നു.

18.4 ബില്യണ്‍ ആസ്തിയുമായി ഹിന്ദുജ കുടുംബമാണ് ഇന്ത്യന്‍ വ്യവസായ സമ്പന്നരില്‍ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ ദിലീപ് സാംഗ്‌വി 9-ാം സ്ഥനത്തേക്ക് പിന്തള്ളപ്പെട്ടു. 4.8 ബില്യണ്‍ ഡോളറായി സാംഗ്‌വിയുടെ മൊത്ത ആസ്തി താഴ്ന്നു. പട്ടികയില്‍ ഏറ്റവും കൂടുതല്‍ ഡോളര്‍ നഷ്ടം നേരിട്ടത് സാംഗ്‌വിയ്ക്കാണെന്ന് ഫോബ്‌സ് പറയുന്നു.

‘നോട്ട് അസാധുവാക്കല്‍, ചരക്ക് സേവന നികുതി എന്നിവയേല്‍പ്പിച്ച ആഘാതവുമായുള്ള പോരാട്ടത്തിലാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും. ആ വെല്ലുവിളികള്‍ നേരിടുകയും അത്ഭുകരമായ ഫലങ്ങള്‍ നല്‍കുകയും ചെയ്തവര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഫോബ്‌സ് ഇന്ത്യ 2017 സമ്പന്ന പട്ടിക പ്രത്യേകതയുള്ളതാണ്. ബ്രാന്‍ഡ് ഇന്ത്യയുടെ തെളിവായാണ് ഈ പട്ടിക വന്നിരിക്കുന്നത്. കൂടാതെ ആഗോളതലത്തില്‍ വളരെയധികം വിജയകരമായ സംരംഭകരെ ഉയര്‍ത്തി കാണിക്കുന്നതിനും ഈ പട്ടിക സഹായിക്കുന്നു’, ഫോബ്‌സ് ഇന്ത്യ സിഇഒ ജോയ് ചക്രബര്‍ത്തി പറഞ്ഞു.

പട്ടിക പ്രകാരം ഇന്ത്യയിലെ 100 മുന്‍നിര സമ്പന്നന്മാരുടെ മൊത്തം ആസ്തി 479 ബില്യണ്‍ ഡോളറാണ്. 2017 സെപ്റ്റംബറില്‍ രാജ്യത്തിന്റെ വിദേശ വിനിമയ കരുതല്‍ ശേഖരം 402.5 ബില്യണ്‍ ഡോളറായാണ് കണക്കാക്കിയിരിക്കുന്നതെന്നും അതിനേക്കാള്‍ ഏറെയാണ് അതി സമ്പന്നരുടെ മൊത്തം ആസ്തിയെന്നും ഫോബ്‌സ് വ്യക്തമാക്കുന്നു.പട്ടികയില്‍ ഇടം നേടുന്നതിന് വേണ്ട കുറഞ്ഞ സമ്പാദ്യം 1.46 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഈ പരിധി 1.25 ബില്യണ്‍ ഡോളറായിരുന്നു.

Comments

comments

Categories: Slider, Top Stories