ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അസാധാരണമായ പുരോഗതിയിലെന്ന് ഇന്ദ്ര നൂയി

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അസാധാരണമായ പുരോഗതിയിലെന്ന് ഇന്ദ്ര നൂയി

ഇന്‍ക്രെഡിബിള്‍ ഇന്ത്യയ്ക്ക് പകരമായി ഇന്നൊവേറ്റിവ് ഇന്ത്യയെന്ന് അറിയപ്പെടാന്‍ രാജ്യത്തിനാകും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതി ശക്തമായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും 21-ാം നൂറ്റാണ്ടിലെ ജീവിത ആവശ്യകതകള്‍ക്ക് ചേരുന്ന വിധത്തില്‍ പരുവപ്പെടുകയാണെന്നും പെപ്‌സികോ ചെയര്‍മാന്‍ ഇന്ദ്ര നൂയി. ലോകബാങ്കിന്റെ ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ 30 സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ നൂറാമത് എത്തിയതിനു പിന്നാലെയാണ് നൂയിയുടെ പ്രസ്താവന. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ലോകബാങ്കിന്റെ പട്ടികയില്‍ 142-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ച മുന്നേറ്റം റാങ്കിംഗില്‍ ഉണ്ടായില്ലെങ്കിലും ഈ വര്‍ഷം റാങ്കിംഗില്‍ സുപ്രധാനമായ നേട്ടം കരസ്ഥമാക്കിയ ഒരേയൊരു വന്‍ രാജ്യവും ഇന്ത്യയാണ്.

ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് ഇന്ത്യയെത്തിയതും നോട്ട് അസാധുവാക്കലിനു ശേഷമുള്ള തിരിച്ചുവരവിന് ഡിജിറ്റല്‍ സാങ്കേതികത പ്രയോജനപ്പെടുത്തിയതുമാണ് പുരോഗതിയുടെ കാരണങ്ങളായി നൂയി വിലയിരുത്തുന്നത്. അന്താരാഷ്ട്ര കമ്പനികള്‍ക്ക് ബിസിനസുകള്‍ കൂടുതല്‍ എളുപ്പമാക്കിത്തീര്‍ക്കുന്നതിന് പ്രധാനമന്ത്രി കാണിക്കുന്ന പ്രതിബദ്ധത വേഗത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. ഇന്‍ക്രെഡിബിള്‍ ഇന്ത്യയ്ക്ക് പകരമായി ഇന്നൊവേറ്റിവ് ഇന്ത്യയെന്ന് അറിയപ്പെടാന്‍ രാജ്യത്തിനാകുമെന്നും യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറം (യുഎസ്‌ഐസ്പിഎഫ്) പുറത്തിറക്കിയ പ്രസ്താവനയില്‍ നൂയി പറഞ്ഞു. ഫോറത്തിലെ അംഗമാണ് നൂയി.

ദൃഢമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഇന്ത്യയ്ക്ക് മികച്ച ഭാവി നല്‍കുമെന്ന് നോട്ട് അസാധുവാക്കലും ചരക്ക് സേവന നിരുതിയും ഉദാഹരണമായി ചൂണ്ടിക്കാട്ടി യുഎസ്‌ഐഎസ്പിഎഫ് ചെയര്‍മാന്‍ ജോണ്‍ ചേംബേഴ്‌സ് പറഞ്ഞു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലും തൊഴില്‍ശക്തിയിലും മികച്ച നിക്ഷേപങ്ങളിലൂടെ വരും വര്‍ഷങ്ങളില്‍ യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും ചേംബേഴ്‌സ് പറഞ്ഞു.

സേവന മേഖല ഉള്‍പ്പെടെ എല്ലാ മേഖലകളിലും ബിസിനസ് സൗഹൃദം മെച്ചപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും യുഎസ്‌ഐഎസ്പിഎഫ് ബോര്‍ഡ് അംഗവും ഡെലോയ്റ്റ് സിഇഐഒയുമായ പുനിത് രഞ്ചന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy