ഏറ്റെടുക്കലുകള്‍ക്ക് സജ്ജമെന്ന് എച്ച്ഡിഎഫ്‌സി ലൈഫ്

ഏറ്റെടുക്കലുകള്‍ക്ക് സജ്ജമെന്ന് എച്ച്ഡിഎഫ്‌സി ലൈഫ്

ചെറു കമ്പനികള്‍ക്കൊപ്പം വലിയ കമ്പനികളെയും പരിഗണിക്കും

ന്യൂഡെല്‍ഹി: ഇന്‍ഷുറന്‍സ് രംഗത്തെ ഏത് തരത്തിലെ ഏറ്റെടുക്കലുകള്‍ക്കും തയാറാണെന്ന് എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ്. മാക്‌സ് ലൈഫുമായി നേരത്തെയുണ്ടാക്കിയിരുന്ന കരാറിലെ ഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ അതും പരിഗണിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

മാക്‌സുമായുള്ള കരാറിലേത് ഘടനാപരമായ പ്രശ്‌നമാണ്. അത് അവര്‍ തന്നെ മുന്‍കൈയെടുത്ത് തീര്‍പ്പാക്കണം. അത്രഅനായാസമല്ലാത്ത പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞാല്‍, ഭാവിയില്‍ ലയനത്തിന് സന്നദ്ധരാണെന്ന് എച്ച്ഡിഎഫ്‌സി ലൈഫ് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.

ബിസിനസ് വലുപ്പം വളരെയധികം ചെറുതായ നിരവധി കമ്പനികളുണ്ട്. ഇവയില്‍ ചിലതു ബാങ്കുകളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നവയാണ്. മൂലധനം കണ്ടെത്തുന്നതിനാണ് അവ അപ്രകാരം ചെയ്യുന്നത്. അനുകൂല സാഹചര്യം വരുമ്പോള്‍ അത്തരം ചെറു സ്ഥാപനങ്ങളെ പരിഗണിക്കുന്നതായിരിക്കും. വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാ തരത്തിലുമുള്ള കമ്പനികളെ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ഇടപാടുകളിലും ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ചെറിയ കമ്പനികളെ ഏറ്റെടുക്കുകയെന്ന ലക്ഷ്യം മാത്രമല്ല ഉള്ളത്. അതിനുള്ള സാധ്യതകള്‍ കൂടുതലുണ്ടെന്നേയുള്ളു. എന്നിരുന്നാലും വലിയവയും പരിഗണനയിലുണ്ട്-ചൗധരി വിശദീകരിച്ചു. അടുത്തയാഴ്ച നടക്കാനിരിക്കുന്ന എച്ച്ഡിഎഫ്‌സി ലൈഫിന്റെ ഐപിഒയുമായി ബന്ധപ്പെട്ട റോഡ്‌ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐപിഒ വഴി 8700 കോടി രൂപ സ്വന്തമാക്കാമെന്നാണ് എച്ച്ഡിഎഫ്‌സി കരുതുന്നത്. ഒരു ഓഹരിക്ക് 275-290 രൂപ വരെ വില നിശ്ചയിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെയും സ്റ്റാന്‍ഡേര്‍ഡ് ലൈഫിന്റെയും പ്രൊമോട്ടര്‍മാര്‍ തങ്ങളുടെ സംയുക്ത സംരംഭമായ എച്ച്ഡിഎഫ്‌സി ലൈഫിലെ യഥാക്രമം 9.52, 5.4 ശതമാനം ഓഹരികള്‍ വീതം വിറ്റഴിക്കും. നിലവില്‍ സംയുക്ത സംരംഭത്തില്‍ എച്ച്ഡിഎഫ്‌സിക്ക് 61.21 ശതമാനവും സ്റ്റാന്‍ഡേര്‍ഡ് ലൈഫിന് 34.75 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്. ഐപിഒയ്ക്ക് ശേഷം ഇത് യഥാക്രമം 51.69 ശതമാനം, 29.35 ശതമാനം എന്നിങ്ങനെയായി ചുരുങ്ങും.ഭാവിയില്‍ കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്തുന്നതിനുള്ള പണം കണ്ടെത്തുന്നതിന് ഐപിഒ തുണയ്ക്കും-ചൗധരി ചൂണ്ടിക്കാട്ടി.

മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ് എച്ച്ഡിഎഫ്‌സി ലൈഫുമായി ലയിപ്പിക്കുന്നതിന് നേരത്തെ കരാറിലെത്തിയിരുന്നു. എന്നാല്‍, ഒരു ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ് ധനകാര്യ സ്ഥാപനവുമായാണ് ലയിക്കുന്നതെന്ന് പറഞ്ഞ് കരാറിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി അനുമതി നിഷേധിക്കുകയായിരുന്നു.

Comments

comments

Categories: Business & Economy