കേന്ദ്ര സര്‍ക്കാര്‍ 20,000 ഇലക്ട്രിക് കാറുകള്‍ കൂടി വാങ്ങും

കേന്ദ്ര സര്‍ക്കാര്‍ 20,000 ഇലക്ട്രിക് കാറുകള്‍ കൂടി വാങ്ങും

2018 തുടക്കത്തില്‍ ടെന്‍ഡര്‍ ക്ഷണിക്കുമെന്ന് ഇഇഎസ്എല്‍

ന്യൂ ഡെല്‍ഹി : വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുമായി പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് (ഇഇഎസ്എല്‍) 20,000 ഇലക്ട്രിക് കാറുകള്‍ കൂടി വാങ്ങും. ഇതിനായി 2018 തുടക്കത്തില്‍ ടെന്‍ഡര്‍ ക്ഷണിക്കും. അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മുഴുവന്‍ ഔദ്യോഗിക കാറുകളും ഇലക്ട്രിക് കാറുകളായി മാറ്റുകയാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യം. 2,300 കോടി രൂപ ചെലവഴിച്ചാണ് പുതുതായി ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നത്.

2030 ഓടെ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ മാത്രമേ വില്‍ക്കാവൂ എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ ഓര്‍ഡറുമായി പൊതുമേഖലാ സ്ഥാപനം രംഗത്തെത്തിയിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ 1,120 കോടി രൂപയുടെ കരാര്‍ ടാറ്റ മോട്ടോഴ്‌സിന് നല്‍കിയിരുന്നു. സമാനമായ ബിഡ് സമര്‍പ്പിച്ചതോടെ 30 ശതമാനം കാറുകള്‍ നല്‍കുന്നതിനുള്ള കരാര്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് നല്‍കുകയുണ്ടായി. രണ്ട് ഘട്ടങ്ങളിലായി 10,000 ഇലക്ട്രിക് കാറുകളാണ് ഇഇഎസ്എല്‍ വാങ്ങുന്നത്. ഇത് കൂടാതെ 20,000 ഇലക്ട്രിക് കാറുകള്‍ വാങ്ങുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

11.20 ലക്ഷം രൂപ വീതം വില വരുന്ന ഇലക്ട്രിക് കാറുകളാണ് ഇഇഎസ്എല്‍ സംഭരിക്കുന്നത്. ഇന്ത്യയെ ഇലക്ട്രിക് കാര്‍ രാജ്യമായി പരിവര്‍ത്തനപ്പെടുത്തുന്നതിന്റെ ആദ്യ സുപ്രധാന നീക്കമായാണ് ഇതിനെ കാണുന്നത്. വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും കൈവശമുള്ള പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പകരം മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് കമ്പനികളില്‍നിന്ന് വാങ്ങുന്ന ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കും. ഈ ഇ-കാറുകള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍.

2,300 കോടി രൂപ ചെലവഴിച്ചാണ് പുതുതായി ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നത്

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനികള്‍ കൂടാതെ പുതിയ ടെന്‍ഡറില്‍ കൂടുതല്‍ വാഹന നിര്‍മ്മാതാക്കള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ഇലക്ട്രിക് കാറുകള്‍ നല്‍കുന്ന കാര്യത്തില്‍ വാഹന നിര്‍മ്മാണ കമ്പനികള്‍ക്കിടയില്‍ മത്സരം കനക്കുമെന്നര്‍ത്ഥം. 5.5 ലക്ഷം ഇലക്ട്രിക് കാറുകള്‍ വാങ്ങാനുള്ള തീരുമാനം വാഹന നിര്‍മ്മാണ കമ്പനികള്‍ ഇലക്ട്രിക് മൊബിലിറ്റിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് കാരണമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. നിസ്സാന്‍, ടൊയോട്ട, റെനോ, ഹ്യുണ്ടായ് കമ്പനികള്‍ കൂടാതെ ടെസ്‌ല പോലും പുതിയ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ മോട്ടോഴ്‌സില്‍നിന്ന് ടിയാഗോ ഇലക്ട്രിക് കാറുകളാണ് ഇഇഎസ്എല്‍ വാങ്ങുന്നത്. മഹീന്ദ്രയുടെ നിലവിലെ ഇലക്ട്രിക് കാര്‍ ഇ-വെരിറ്റോ ആണ്. കെയുവി 100 ന്റെ ഇലക്ട്രിക് വേര്‍ഷന്‍ അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ലീഫ് ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കാര്യമാണ് നിസ്സാന്‍ പരിഗണിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതിന് നിക്ഷേപം നടത്തുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Auto