ആമസോണിന്റെ ഭക്ഷ്യ റീട്ടെയ്ല്‍ സംരംഭം എത്താന്‍ വൈകും

ആമസോണിന്റെ ഭക്ഷ്യ റീട്ടെയ്ല്‍ സംരംഭം എത്താന്‍ വൈകും

ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും നേരിട്ട് വില്‍ക്കുന്നതിനും സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭിച്ച ആദ്യ ആഗോള കമ്പനിയാണ് ആമസോണ്‍

ന്യൂഡെല്‍ഹി: ദീപാവലി കാലയളവില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആമസോണിന്റെ ഓണ്‍ലൈന്‍ ഭക്ഷ്യ റീട്ടെയ്ല്‍ സംരംഭം എത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. വാങ്ങുന്നവരെയും വില്‍ക്കുന്നവരയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ തങ്ങളുടെ മാര്‍ക്കറ്റ് പ്ലേസില്‍ നിന്നും വ്യത്യസ്തമായി ഫുഡ് റീട്ടെയ്ല്‍ പ്ലാറ്റ്‌ഫോമിനെ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍പ്പന നടത്താന്‍ ആമസോണിന് അനുമതി ലഭിച്ചിട്ടുള്ള ഏക ഉല്‍പ്പന്ന വിഭാഗമാണ് ഭക്ഷണം. ഭക്ഷ്യ ഇതര ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് വില്‍ക്കുന്നതിന് ആമസോണിനോ മറ്റ് വിദേശ റീട്ടെയ്‌ലര്‍മാര്‍ക്കോ അനുവാദമില്ല.

ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും നേരിട്ട് വില്‍ക്കുന്നതിനും സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭിച്ച ആദ്യ ആഗോള കമ്പനിയാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍. പ്രാദേശിക കാര്‍ഷിക ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഭക്ഷ്യ റീട്ടെയ്ല്‍ രംഗത്ത് 100 വിദേശ നിക്ഷേപം ഇന്ത്യ അനുവദിച്ചിരുന്നു.

മാര്‍ക്കറ്റ് പ്ലേസ് ബിസിനസില്‍ നിന്ന് വേറിട്ട് ഭക്ഷ്യ ബിസിനസിനായി പ്രത്യേക ഓഫീസുകള്‍, ചരക്ക് പട്ടികകള്‍, എക്കൗണ്ടിംഗ് സംവിധാനങ്ങള്‍ എന്നിവ വേണമെന്ന് സര്‍ക്കാര്‍ ആമസോണിനെ അറിയിച്ചിട്ടുണ്ട്. ‘ഭക്ഷ്യ റീട്ടെയ്ല്‍ സംരംഭവുമായി ബന്ധപ്പെട്ട് തങ്ങള്‍ ഒരു തീയതിയും പ്രഖ്യാപിച്ചിട്ടില്ലെന്നും ഭാവി പദ്ധതികള്‍ വെളിപ്പെടുത്താനാകില്ലെന്നുമാണ് ഇതു സംബന്ധിച്ച് ആമസോണ്‍ വക്താവ് പ്രതികരിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഭക്ഷ്യ വിപണിയില്‍ ചുവടുറപ്പിക്കുന്നതിനായി അഞ്ചു വര്‍ഷത്തിനുള്ളില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ആമസോണ്‍ തയാറെടുക്കുന്നത്.

കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റായ ആമസോണ്‍ സെല്ലര്‍ സര്‍വീസസിന് വേണ്ടി പാട്ടത്തിനെടുത്ത വിതരണശാലകളില്‍ നിന്നും ചിലത് ആമസോണ്‍ റീട്ടെയ്ല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്ക് മാറ്റും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ലൈസന്‍സും ആമസോണിന് ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സംഘടിത റീട്ടെയ്‌ലര്‍മാരുമായും ഓണ്‍ലൈന്‍ പലചരക്ക് കമ്പനികളുമായും വിലയ യുദ്ധത്തിന് വഴിയൊരുക്കുന്നതാണ് ആമസോണിന്റെ നീക്കമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ആമോസണ്‍ പാന്‍ട്രി വഴിയാണ് രാജ്യത്തെ ചില നഗരങ്ങളില്‍ ആമസോണ്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്.

ആമസോണ്‍ നൗ ആപ്പ് വഴി ഉല്‍പ്പന്നങ്ങള്‍ അതേ ദിവസം തന്നെ ബുക്ക് ചെയ്തവരില്‍ എത്തിക്കുകയാണ് ആമസോണ്‍ പാന്‍ട്രി ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ റീട്ടെയ്ല്‍ ബിസിനസുകളായ ബിഗ് ബസാര്‍, ഹൈപ്പര്‍സിറ്റി എന്നിവയുമായി ചേര്‍ന്നാണ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ആമസോണ്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. കോഫി, കുട്ടികള്‍ക്കുള്ള ഭക്ഷണം എന്നിവ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം യുഎസില്‍ തങ്ങളുടെ ആദ്യ സ്വകാര്യ പലചരക്ക് ലേബല്‍ ആമസോണ്‍ ആരംഭിച്ചിരുന്നു. മറ്റ് പ്രശസ്ത ബ്രാന്‍ഡുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ് യുഎസില്‍ ആമസോണ്‍ വില്‍പ്പന നടത്തുന്നത്.

Comments

comments

Categories: Business & Economy