ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 729 രൂപയായി

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 729 രൂപയായി

അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായി ഇല്ലാതാക്കും

ന്യൂഡെല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വന്‍ വര്‍ധന നിലവില്‍ വന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 94 രൂപയാണു കൂട്ടിയത്. ഇതോടെ പുതിയ സിലിണ്ടറിന് 729 രൂപ നല്‍കണം. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിനു കൂടിയത് 146 രൂപയാണ്. 1,289 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 94 രൂപ കൂട്ടിയെങ്കിലും 84 രൂപ സബ്‌സിഡിയായി ലഭിക്കുന്ന ഉപഭോക്താവ് സിലിണ്ടറിന് 4 രൂപ 60 പൈസയാണ് കൂടുതല്‍ നല്‍കേണ്ടി വരുന്നത്. അതേസമയം കേരളത്തില്‍ ആകെയുള്ള 46 ലക്ഷം ഉപയോക്താക്കളില്‍ പത്തു ശതമാനത്തിനു സബ്‌സിഡിയില്ല. അതായത്, നാലരലക്ഷം പേര്‍ ഒരു സിലിണ്ടറിനു 94 രൂപ അധികം നല്‍കേണ്ടിവരും. അതുകൊണ്ടുതന്നെ വില കൂട്ടികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം കേരളത്തിലെ ഉപഭോക്താക്കളെ സാരമായി ബാധിക്കും.

പ്രതിവര്‍ഷം 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടറുകളാണു സബ്‌സിഡി നിരക്കില്‍ ഒരു കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ വേണമെങ്കില്‍ സാധാരണ വിപണി നിരക്കില്‍ വാങ്ങേണ്ടിവരും. രാജ്യത്തു 18.11 കോടി എല്‍പിജി ഉപയോക്താക്കളാണുള്ളത്. പാചകവാതക വിലയേറുന്നതോടെ റെസ്റ്റൊറന്റുകളിലെ ഭക്ഷ്യവിഭവങ്ങളുടെ വിലയില്‍ വര്‍ധനയുണ്ടായേക്കും. ജിഎസ്ടി വന്നതോടെ ഹോട്ടല്‍ ഭക്ഷണവില കൂടിയിരുന്നു. തൊട്ടുപിന്നാലെയാണു പാചകവാതകവില വീണ്ടും കൂട്ടിയിരിക്കുന്നത്.

2016 ജൂണില്‍ സിലിണ്ടറിനു 419.18 രൂപയായിരുന്നു ദേശീയതലത്തില്‍ നിശ്ചയിച്ച വില. അതേവര്‍ഷം ജൂലൈയില്‍ പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഈ വര്‍ഷം ഒക്‌റ്റോബറില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറൊന്നിനു 49 രൂപയും വാണിജ്യാവശ്യത്തിനുള്ളവയ്ക്കു 78 രൂപയും കൂട്ടിയിരുന്നു. സെപ്റ്റംബറില്‍ സിലിണ്ടറൊന്നിന് ഏഴു രൂപയാണ് വര്‍ധിപ്പിച്ചത്. ഇക്കഴിഞ്ഞ മേയ് മാസത്തിനുശേഷം എല്‍പിജി നിരക്കില്‍ വരുത്തുന്ന ആറാമത്തെ വര്‍ധനയാണിത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായി ഇല്ലാതാക്കുന്നതിനു മുന്നോടിയായി എല്ലാ മാസവും എല്‍പിജി വില വര്‍ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണിത്.

Comments

comments

Categories: Slider, Top Stories