80 കോടി രൂപ നിക്ഷേപം സമാഹരിച്ച് ടാബ് കാപ്പിറ്റല്‍

80 കോടി രൂപ നിക്ഷേപം സമാഹരിച്ച് ടാബ് കാപ്പിറ്റല്‍

മുംബൈ: പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമായ ടാബ് കാപ്പിറ്റല്‍ 80 കോടി രൂപാ നിക്ഷേപം സമാഹരിച്ചു. വിജയ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എംഎഎസ് ഫിനാന്‍ഷ്യല്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളാണ് നിക്ഷേപം നടത്തിയത്. നിക്ഷേപം സ്വീകരിക്കാത്ത ബാങ്കിംഗ് ഇതര ഫിനാന്‍ഷ്യല്‍ കമ്പനി എന്ന നിലയ്ക്കാണ് ടാബ് കാപ്പിറ്റല്‍ ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തങ്ങളുടെ വായ്പാ ശേഷി ഉയര്‍ത്തുന്നതിനു വേണ്ടിയായിരിക്കും കമ്പനി ഈ നിക്ഷേപ തുക വിനിയോഗിക്കുക.
2018 മാര്‍ച്ച് മാസത്തോടെ 200 കോടി രൂപയുടെ വായ്പാദാതാവായി മാറാനാണ് ടാബ് കാപ്പില്‍ ലക്ഷ്യമിടുന്നത്. 2019 മാര്‍ച്ച് മാസത്തോടെ ഇത് 500 കോടി രൂപയിലേക്ക് ഉയര്‍ത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2017 ഓക്‌റ്റോബര്‍ വരെയുള്ള കണക്കെടുത്താല്‍ 125 കോടി രൂപയുടെ കൈകാര്യ ആസ്തിയാണ് കമ്പനിക്കുള്ളത്. ഇരുചക്ര വാഹന വായ്പാ വിഭാഗത്തില്‍ ഈ വര്‍ഷം അവസാനത്തോടെ നവീനമായൊരു ഉല്‍പ്പന്നം അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

കമ്പനിയുടെ മൊത്തം പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലധിഷ്ഠിതമാണെന്നും തങ്ങളുടെ ബിസിനസ് മാതൃകയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് 80 കോടി രൂപയുടെ നിക്ഷേപം അനുവദിച്ച ബാങ്കുകള്‍ക്ക് നന്ദിയുണ്ടെന്നും ടാബ് കാപ്പിറ്റല്‍ ചെയര്‍പേഴ്‌സണ്‍ അഭയ് ഭുട്ടാഡ പറഞ്ഞു.

Comments

comments

Categories: Business & Economy