പരിഷ്‌കരണം വേണ്ടത് മൊത്തം ബാങ്കിംഗ് സംവിധാനത്തിന്

പരിഷ്‌കരണം വേണ്ടത് മൊത്തം ബാങ്കിംഗ് സംവിധാനത്തിന്

പ്രതിസന്ധിയിലായ ബാങ്കുകള്‍ക്ക് അധിക മൂലധനം നല്‍കുന്നതാണോ യഥാര്‍ത്ഥ പരിഹാരം. സ്ഥിതിഗതികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് സഹായകമാകില്ല എന്നതാണ് വസ്തുത

ബാങ്കുകളുടെ അറ്റ നിഷ്‌ക്രിയ ആസ്തി പെരുകുന്ന വാര്‍ത്തകള്‍ കുറേക്കാലമായി നമ്മള്‍ കേള്‍ക്കുന്നു. എന്നാല്‍ അതിന് വ്യക്തമായ പരിഹാരം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടുമില്ല. ബാങ്കുകള്‍ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ 2.11 ലക്ഷം കോടി രൂപയുടെ അധിക മൂലധനം നല്‍കാന്‍ കഴിഞ്ഞയാഴ്ച്ച തീരുമാനിച്ചത്. എന്നാല്‍ ബാങ്കുകളുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് ഇതാണോ യഥാര്‍ത്ഥ പരിഹാരം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി മൂലം ബാങ്കുകള്‍ ഉണ്ടാക്കിയെടുത്ത ബാധ്യത പരിഹരിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഈ മൂലധനത്തെ പരിഷ്‌കരണത്തിന്റെ ഗണത്തില്‍പെടുത്തുന്നതു തന്നെ നീതികേടല്ലേ. വായ്പ തിരിച്ചുപിടിക്കാന്‍ ശേഷിയില്ലാത്ത ബാങ്കുകളെ സഹായിക്കാന്‍ നികുതിദായകന്റെ പണം ഉപയോഗിച്ചശേഷം അതിനെ പരിഷ്‌കരണമെന്ന് വിളിക്കരുത്.

നിഷ്‌ക്രിയ ആസ്തി തിരിച്ചുപിടിക്കാന്‍ സാധിക്കാത്തത് ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍ ബാങ്കുകളുടെ പോരായ്മയാണ്, പരാജയമാണ്. അത് പ്രവര്‍ത്തനത്തിലെ പാളിച്ചയാണ്. ഈ പരാജയത്തെ മറച്ചുവെക്കാന്‍ സര്‍ക്കാര്‍ ഇത്ര വലിയ സഹായം നല്‍കുമ്പോള്‍, ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്താനുള്ള നടപടികള്‍ കൂടി ഉണ്ടാകണം. അവിടെയാണ് യഥാര്‍ത്ഥ ബാങ്കിംഗ് പരിഷ്‌കരണങ്ങള്‍ കൊണ്ടുവരേണ്ടത്. ബാങ്കുകളുടെ ഭരണ നിര്‍വഹണ പ്രക്രിയ മാത്രം മാറ്റിയാല്‍ പോരാ അതിന്. ശക്തമായ നിയന്ത്രണ സംവിധാനങ്ങള്‍ വരണം. ആര്‍ബിഐ ആണല്ലോ ബാങ്കുകളെ നിയന്ത്രിക്കുന്നത്. വെറുതെ നിയന്ത്രിച്ചാല്‍ മാത്രം പോര, നടപടികളും വേണം.
കിട്ടാക്കടമെന്ന ഭീകര പ്രശ്‌നം ബാങ്കിംഗ് മേഖലയില്‍ ആകെ ബാധിച്ചിട്ട് കാലം കുറേയായി.

പൊതുമേഖല ബാങ്കുകളാണ് കിട്ടാക്കടത്തിലേക്ക് കൂടുതല്‍ സംഭാവന നല്‍കുന്നതെങ്കിലും സ്വകാര്യ ബാങ്കുകളും വലിയ രീതിയില്‍ ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. അപ്പോള്‍ ബാങ്കുകളെ നിയന്ത്രിക്കുന്നതില്‍ നമുക്ക് പാളിച്ച സംഭവിച്ചിട്ടുണ്ടെന്നത് വ്യക്തം. വായ്പാ പുനസംഘടന പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാതെ വര്‍ധിക്കുന്ന കിട്ടാക്കടത്തിനെതിരെ ശക്തമായ നടപടികള്‍ യഥാസമയത്ത് കൈക്കൊണ്ടിരുന്നെങ്കില്‍ ഒരിക്കലും പ്രശ്‌നം ഇത്രയ്ക്കും വഷളാകില്ലായിരുന്നു. വിജയ് മല്ല്യമാര്‍ ബാങ്കുകളെ പറ്റിച്ച് നാടും വിടില്ലായിരുന്നു. ബാലന്‍സ് ഷീറ്റുകളിലെ മിനുക്കുപണികളിലൂടെ കണക്കുകള്‍ ഒളിച്ചുവെക്കുന്ന ബാങ്കുകള്‍ക്കെതിരെ അതിശക്തമായ നടപടികളുണ്ടാകണം. അത് ഇതുവരെ എന്തുകൊണ്ട് ഉണ്ടായില്ല എന്ന ചോദ്യം ചര്‍ച്ച ചെയ്യേണ്ടതുമാണ്. ബാങ്കുകളെ നേര്‍വഴിക്ക് നടത്തുക എന്നതാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രാഥമിക ദൗത്യം. അതില്‍ നിന്നും അവര്‍ പിന്നോക്കം പോകരുത്. ഇതിന് പറ്റിയ ജീവനക്കാരില്ലെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ പ്രൊഫഷണലുകളെ പുറത്തുനിന്നു കൊണ്ടുവരാം.

സമ്മര്‍ദ്ദ ആസ്തികള്‍ ബാങ്കുകളില്‍ കുമിഞ്ഞുകൂടുന്നുവെന്നത് എല്ലാവര്‍ക്കും ധാരണയുള്ള കാര്യമായിരുന്നു. എന്നാല്‍ അത് അറ്റ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കാന്‍ എന്തുകൊണ്ടാണ് ഇത്രയും കാലതാമസമെടുത്തത്. കിട്ടാക്കടത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഇത്രയും വൈകിയത് തന്നെ വലിയ ബാധ്യതയാണ് സര്‍ക്കാരിന് വരുത്തിവെച്ചിരിക്കുന്നത്. സാധാരണക്കാരായ നികുതിദായകര്‍ക്കും ഇത് വലിയ ഭാരം വരുത്തിവെച്ചു. എന്നാല്‍ ഇപ്പോള്‍ ബാങ്ക് പ്രതിസന്ധി പരിഹരിക്കാന്‍ നമ്മള്‍ ചെയ്യുന്നത് ഇത്രയും വലിയ അധിക മൂലധനം അനുവദിക്കുക എന്നതും. പക്ഷേ, ഇനിയെങ്കിലും ഈ പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് വേണ്ടത്. അതിന് ബാങ്കിംഗ് സ്ഥാപനങ്ങളെ പരിഷ്‌കരിക്കുന്നതിനോടൊപ്പം വേണം ആര്‍ബിഐയുടെ പ്രവര്‍ത്തനരീതിയിലും പരിഷ്‌കരണങ്ങള്‍. ഇന്ത്യയുടെ കേന്ദ്ര ബാങ്കിനെ കൂടുതല്‍ എക്കൗണ്ടബിള്‍ ആക്കണം. സ്വതന്ത്രവും ഉത്തരവാദിത്തപൂര്‍ണവുമായ സ്ഥാപനമായി നിലനിന്നാല്‍ മാത്രമേ ബാങ്കുകളെ നിയന്ത്രിക്കാന്‍ സാധിക്കൂ. ശരിയായ രീതിയില്‍ ഇനി അതുണ്ടായില്ലെങ്കില്‍ പൊതുമേഖല ബാങ്കുകളുടേത് ഉള്‍പ്പെടെയുള്ള കിട്ടാക്കടങ്ങള്‍ കൂടുക മാത്രമാകും ഉണ്ടാകുക. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ വിഷയം ഗൗരവത്തോടെ പരിഗണിക്കണം.

Comments

comments

Categories: Editorial, Slider