ആവേശമണയാത്ത പുതുവല്‍സരസന്ദേശം

ആവേശമണയാത്ത പുതുവല്‍സരസന്ദേശം

ഫോര്‍ട്ട്‌കൊച്ചിക്കാരന്‍ അബ്ദുക്കോയക്ക് അങ്ങ് ഡെല്‍ഹിയിലും പിടിയുണ്ട്. ഉന്നതതലങ്ങളിലാണ് ഈ പിടിപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരെ എത്തിനില്‍ക്കുന്നു ആ ബന്ധം. ഇതു സാധ്യമായത് ഒരു ആശംസാകാര്‍ഡിലൂടെയും

ഫോര്‍ട്ട്‌കൊച്ചിയുടെ പാരമ്പര്യം പേറുന്ന പരിപാടികളാണ് പശ്ചിമ കൊച്ചിയുടെ പുതുവല്‍സര രാവുകളെ അവിസ്മരണീയമാക്കുന്നത്. തെരുവുകളില്‍ പുതുവല്‍സരമാഘോഷിക്കുമ്പോള്‍ അവിടെ വരുന്ന വിദേശികളെ വരെ സ്വന്തക്കാരായി കരുതി വിശാലമായ മാനവികതയുടെ സന്ദേശം പകരുന്നവരാണു ഫോര്‍ട്ട്‌കൊച്ചി നിവാസികള്‍. വിശിഷ്ടവക്തികള്‍ക്കടക്കം തപാലില്‍ പുതുവല്‍സര സന്ദേശം അയയ്ക്കുന്ന പതിവുള്ള സാധാരണക്കാര്‍ ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ എന്നിവ അരങ്ങുവാഴുന്ന ഇ-കാലത്തും ഇവിടെ സജീവമാണ്. അത്തരം പാരമ്പര്യത്തിലെ ഒരു കണ്ണിയാണ് അബ്ദുക്കോയ എന്ന 70-കാരന്‍. അദ്ദേഹത്തിന്റെ ഇത്തണത്തെ പുതുവര്‍ഷം അവിസ്മരണീയമായിരുന്നു. അതിന് കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അബ്ദുക്കോയ 2017-ലെ പുതുവല്‍സര സന്ദേശമയച്ചവരുടെ കൂട്ടത്തില്‍ പ്രധാനമന്ത്രിയുമുള്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആശംസയ്ക്ക് പ്രധാനമന്ത്രി മറുപടി അയയ്ക്കുകയായിരുന്നു. മോദിയുടെ സന്ദേശം നിധി പോലെ അദ്ദേഹം സൂക്ഷിക്കുന്നു. അടുത്ത പുതുവര്‍ഷമാഘോഷിക്കുന്ന വേളയിലും ഈ സന്ദേശം ലഭിച്ചതിന്റെ ആവേശം അദ്ദേഹത്തില്‍ കെട്ടടങ്ങിയിട്ടില്ല.

പശ്ചിമകൊച്ചിയുടെ പൈതൃകം കലാകായിക സാംസ്‌കാരിക സമ്പന്നതയുടേതാണ്. ഇതില്‍ ഒഴിച്ചു കൂട്ടാനാകാത്തതാണ് ഫുട്‌ബോളും സംഗീതവും. കാല്‍പ്പന്തിനെയും സംഗീതത്തെയും ജീവിതത്തോട് ചേര്‍ത്തുവച്ചിരിക്കുകയാണ് അബ്ദുക്കോയ. രണ്ട് മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് സപ്തതിയിലെത്തിയ ഇദ്ദേഹം. എങ്കിലും കാല്‍പ്പന്ത് കളിയോടാണു കൂടുതല്‍ ഇഷ്ടം. ലോകകപ്പ് ടൂര്‍ണമെന്റിന്റെ 1930 മുതലുള്ള ചരിത്രം അബ്ദുക്കോയക്ക് അറിയാം. അന്നു മുതല്‍ 2014 വരെ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രം മനഃപാഠമാണ്. എങ്കിലും ചിലകാര്യങ്ങള്‍ മറന്നു പോകാതിരിക്കാന്‍ ലോകകപ്പിന്റെ ഓരോ എഡിഷനെ കുറിച്ചും ബുക്കുകളിലും ഡയറികളിലും പ്രത്യേകം എഴുതി സൂക്ഷിച്ചിട്ടുമുണ്ട്. ഫുട്‌ബോളിനോടുള്ള പ്രിയം മനസിലാക്കിയ ഫിഫ, അബ്ദുക്കോയയെ അനുമോദിച്ചു കൊണ്ട് കത്തെഴുതുകയുമുണ്ടായി. ലോകകപ്പ് ഫുട്‌ബോള്‍ മാത്രമല്ല ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍ കപ്പ്, യുഎഇഎഫ്എ കപ്പ്, സന്തോഷ് ട്രോഫി, ഐഎസ്എല്‍ തുടങ്ങിയ ടൂര്‍ണമെന്റുകളെ കുറിച്ചുമുള്ള വിവരങ്ങളും എഴുതി സൂക്ഷിച്ചുവെക്കാറുണ്ടെന്ന് അബ്ദുക്കോയ പറയുന്നു.

ഫുട്‌ബോളിനും സംഗീതത്തിനും പുറമേ മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അഗാധ പാണ്ഡിത്യമുണ്ട് അബ്ദുക്കോയക്ക്. ഗായകര്‍ക്കു പുറമേ സിനിമാനിര്‍മാതാക്കളായ ടി എ ഹസന്‍, ടി കെ പരീക്കുട്ടി തുടങ്ങിയവരും ഇവിടെയെത്തുമായിരുന്നു. ഈ പശ്ചാത്തലമാണു സംഗീതവുമായി അബ്ദുക്കോയയെ അടുപ്പിച്ചത്. സംഗീതത്തോടുള്ള പ്രിയം കൊണ്ടായിരിക്കാം, ഗാനഗന്ധര്‍വ്വന്‍ യേശുദാസ് പാടിയ എല്ലാ പാട്ടുകളും അക്ഷരമാലാക്രമത്തില്‍ അദ്ദേഹം എഴുതി സൂക്ഷിച്ചിട്ടുണ്ട്

അബ്ദുക്കോയയുടെ ഫുട്‌ബോളിനോടുള്ള കമ്പം ചെറുപ്രായം മുതല്‍ ആരംഭിച്ചതാണ്. ഫോര്‍ട്ട്‌കൊച്ചി, കൂവപ്പാടം മൈതാനിയില്‍ ഒരു ടൂര്‍ണമെന്റിനിടെയാണ് അബ്ദുക്കോയ പ്രദേശത്തെ പ്രമുഖ പരിശീലകനായ കെ എം അബുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതോടെ അബ്ദുക്കോയയെ ശിക്ഷ്യനാക്കാന്‍ അബു തീരുമാനിച്ചു. പിന്നീട് ഫോര്‍ട്ടുകൊച്ചിയിലെ യംഗ്‌സ്റ്റേഴ്‌സ് ക്ലബ്ബ് ഫുട്‌ബോള്‍ ടീമിന്റെ നായകനോളം വളര്‍ന്നു. 1973-ല്‍ കൊയിലാണ്ടിയില്‍ നടന്ന അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ യംഗ്‌സ്റ്റേഴ്‌സ് ക്ലബ്ബിനു വേണ്ടി വിന്നിംഗ് ഗോള്‍ നേടിയതോടെ അബ്ദുക്കോയയുടെ കളിമികവ് നാട്ടുകാര്‍ക്കു ബോദ്ധ്യപ്പെട്ടു.

ഫുട്‌ബോളില്‍ കത്തിനില്‍ക്കുന്ന കാലത്ത് 21-ാം വയസില്‍ വിവാഹിതനായ അബ്ദുക്കോയ, വിവാഹശേഷം ദുബായിയിലേക്കു പറന്നു. അതോടെ കായികജീവിതത്തോട് താല്‍ക്കാലിക വിരാമമിട്ടു.12 വര്‍ഷം പ്രവാസജീവിതം നയിച്ച അബ്ദുക്കോയ 1986-ല്‍ തിരികെ നാട്ടിലെത്തി. പിന്നീട് അഞ്ച് വര്‍ഷക്കാലം ഗുജറാത്തിലും ജോലി ചെയ്തു. ഇടക്കാലത്ത് ബിസിനസില്‍ ഒരു കൈ നോക്കിയെങ്കിലും നഷ്ടത്തില്‍ കലാശിച്ചതോടെ ആ രംഗത്തോടു ബൈ പറഞ്ഞു. പിന്നീട് നാട്ടില്‍ കലാസാംസ്‌കാരിക രംഗത്ത് സജീവമായി. ചെറുപ്രായം മുതല്‍ നാടകവും സംഗീതവുമൊക്കെയായി അടുപ്പം പുലര്‍ത്തിയിരുന്നതാണ് അബ്ദുക്കോയയെ വീണ്ടും കലാസാംസ്‌കാരിക രംഗത്തേയ്ക്കു കൂടുതല്‍ അടുപ്പിച്ചത്. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തു പിജെ ആന്റണിയുടെ മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ എന്ന നാടകത്തിലും ടിപ്പ് ടോപ് അസീസിന്റെ നാടകത്തിലും അഭിനയിച്ചിട്ടുണ്ട്.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തില്‍ അനിതസാധാരണമായ ഇടം ലഭിച്ചിട്ടുള്ള ഭൂമികയാണ് ഫോര്‍ട്ട്‌കൊച്ചി. നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതീയ സങ്കല്‍പ്പത്തിന്റെ വിശുദ്ധി ജൂദത്തെരുവിലൂടെ നടക്കുമ്പോള്‍ അനുഭവിച്ചറിയാം. രാജ്യത്തിന്റെ ഖ്യാതി കടല്‍കടന്ന് വിദേശികളിലേക്കെത്തിച്ച തുറമുഖനഗരം, പിന്നീട് ബ്രിട്ടീഷ്, ഡച്ച്, പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ അടയാളങ്ങളായ കോട്ടയും പള്ളികളും ബംഗ്ലാവുകളും അലങ്കാരമായി സൂക്ഷിക്കുന്നു. ഇവിടെയെത്തിയ അറബികളും ജൂതന്മാരും അനേകം വിദേശികളും ഇതരസംസ്ഥാനക്കാരും ഇവിടെ കുടിയിരിക്കാനാരംഭിച്ചു. ഇന്ന് ഈ പ്രദേശം പൈതൃകപ്പട്ടികയില്‍ ഇടം പിടിക്കുന്നത് തന്നെ ഈ ദേശ- വിദേശ സങ്കീര്‍ണതയിലും ഏകതാനത്വം കൈമോശം വരാതെ സൂക്ഷിച്ചതിനാലാണ്.

ഫോര്‍ട്ട്‌കൊച്ചിയുടെ സംഗീത, സാംസ്‌കാരിക, കായിക പാരമ്പര്യം പ്രസിദ്ധമാണല്ലോ. ഒരുകാലത്ത് മട്ടാഞ്ചേരിയിലും ഫോര്‍ട്ട്‌കൊച്ചിയിലുമൊക്കെ വാണിജ്യ-വ്യാപാരാവശ്യങ്ങള്‍ക്കായി നിര്‍മിച്ചിരുന്ന പണ്ടകശാലകളില്‍ സംഗീതസഭ കൂടുമായിരുന്നു. പ്രമുഖരാണ് ഈ സഭകളിലെത്തിയിരുന്നത്. ഫോര്‍ട്ട്‌കൊച്ചിയില്‍ അബ്ദുക്കോയ താമസിക്കുന്ന വീടിനു സമീപമുള്ള പണ്ടകശാലയില്‍ ഇത്തരത്തില്‍ മെഹ്ഫില്‍ എന്ന സംഗീതസഭ കൂടുക പതിവായിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്നു പോലും കലാകാരന്മാര്‍ എത്തിയിരുന്നു. സൈഗാള്‍, പങ്കജ് മല്ലിക്ക്, മുഹമ്മദ് റഫി, മുകേഷ്, തലത്ത് മെഹ്മൂദ് തുടങ്ങിയവരാണ് ഈ പണ്ടകശാലയിലെത്തിയിരുന്നത്. ഈ പശ്ചാത്തലമാണു സംഗീതവുമായി അബ്ദുക്കോയയെ അടുപ്പിച്ചത്. മെഹ്ഫിലിലെ നിത്യസാന്നിധ്യവും മഹാഗായകരുമായുള്ള സമ്പര്‍ക്കവും അദ്ദേഹത്തെ പാട്ടുകാരനാക്കി മാറ്റി.

കൊച്ചിയുടെ അഭിമാനമായ എച്ച് മെഹ്ബൂബിന്റെ പാട്ടുകളുടെ ആരാധകനാണ് അദ്ദേഹം. ഗാനമേളകളില്‍ സ്ഥിരമായി പാടാറുള്ളതും മെഹ്ബൂബിന്റെ പാട്ടുകള്‍ തന്നെ. തുരുത്തിയിലെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു മെഹ്ബൂബ്. അബ്ദുക്കോയയുടെ കല്യാണത്തലേന്ന് വീട്ടിലെ ഗാനമേള നയിച്ചത് മെഹ്ബൂബ് ആയിരുന്നു. സുപ്രസിദ്ധ സംഗീതജ്ഞന്‍ എം കെ അര്‍ജുനന്‍ മാസ്റ്ററായിരുന്നു ഹാര്‍മോണിയം വായിച്ചത്. 1971 ഏപ്രില്‍ 18നായിരുന്നു വിവാഹം. ടിപ് ടോപ്പ് അസീസിന്റെയും മറ്റും നര്‍മ്മത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും പാത പിന്തുടരുന്ന ഫോര്‍ട്ട്‌കൊച്ചിപാരമ്പര്യത്തിന്റെ ഭാഗമായ വ്യക്തിയാണ് അബ്ദുക്കോയയും. അതിനാല്‍ത്തന്നെ തമാശ കലര്‍ന്ന പാട്ടുകളും അദ്ദേഹത്തിന് അന്യമല്ല. ആസ് ഏര്‍ലി ഇന്‍ ദമോര്‍ണിംഗ്, വണ്‍സ് ഐ വെന്റ് ടു കാപ്പിക്കട എന്ന ഇംഗ്ലീഷ്- മലയാളം പാട്ട് അദ്ദേഹം അതാവശ്യപ്പെടുന്ന ലാളിത്യത്തില്‍ നര്‍മ്മഭാവത്തോടെ മനോഹരമായി ആലപിക്കും. ഡാ തടിയാ എന്ന ചിത്രത്തിലെ ശ്രീനാഥ് ഭാസി പാടുന്ന പഞ്ചസാരപ്പാട്ടിന്റെ രീതിയിലുള്ള പാട്ടാണിത്.

ഫുട്‌ബോളിനും സംഗീതത്തിനും പുറമേ മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അഗാധ പാണ്ഡിത്യമുണ്ട് അബ്ദുക്കോയക്ക്. ഗായകര്‍ക്കു പുറമേ സിനിമാനിര്‍മാതാക്കളായ ടി എ ഹസന്‍, ടി കെ പരീക്കുട്ടി തുടങ്ങിയവരും ഇവിടെയെത്തുമായിരുന്നു. സംഗീതത്തോടുള്ള പ്രിയം കൊണ്ടായിരിക്കാം, ഗാനഗന്ധര്‍വ്വന്‍ യേശുദാസ് പാടിയ എല്ലാ പാട്ടുകളും അക്ഷരമാലാക്രമത്തില്‍ അദ്ദേഹം എഴുതി സൂക്ഷിച്ചിട്ടുണ്ട്. യേശുദാസിനെ കൂടാതെ എസ് ജാനകിയുടെയും പാട്ടുകള്‍ ഇത്തരത്തില്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട് അബ്ദുക്കോയ. അതുപോലെ 1928 മുതല്‍ 2016 വരെ റിലീസ് ചെയ്ത മലയാള സിനിമയുടെ പേരുകളും ഇദ്ദേഹം സൂക്ഷിച്ചുവച്ചിട്ടുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഫോര്‍ട്ട്‌കൊച്ചിയിലെത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കു മുന്‍പില്‍ ഇക്കാര്യം അബ്ദുക്കോയക്ക് അവതരിപ്പിക്കാനുള്ള അവസരം കൈവന്നു. മമ്മൂട്ടിയുടെ സിനിമകളുടെ ചരിത്രവും ഇതുപോലെ വ്യക്തമായി അവതരിപ്പിച്ചു. ഇതു കേട്ടതോടെ അമ്പരന്ന താരം അബ്ദുക്കോയയുടെ ആത്മാര്‍ത്ഥതയെ അഭിനന്ദിക്കാനും മറന്നില്ല.

സിനിമയുമായി ബന്ധപ്പെട്ട് അമൂല്യങ്ങളെന്നു വിശേഷിപ്പിക്കാവുന്ന പല ശേഖരങ്ങളും അബ്ദുക്കോയയുടെ കൈവശമുണ്ട്. സിനിമാ റിലീസുമായി ബന്ധപ്പെട്ട് 1960-70കളില്‍ പുറത്തിറക്കിയിരുന്ന മലയാള സിനിമകളുടെ പാട്ടും കഥയുമൊക്കെ ഉള്‍ക്കൊള്ളുന്ന ചെറുപുസ്തകം ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. മെഹ്ബൂബ്, യേശുദാസ്, എസ് ജാനകി, വാണി ജയറാം, കെഎസ് ചിത്ര എന്നിവരാലപിച്ച ഗാനങ്ങളും വയലാര്‍, ശ്രീകുമാരന്‍ തമ്പി, എന്നിവര്‍ രചിച്ച ഗാനങ്ങളുടെ സമ്പൂര്‍ണവിവരങ്ങളും ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. ഇവരെല്ലാം ഈ ശേഖരം കണ്ട് കൈയൊപ്പു ചാര്‍ത്തി അഭിനന്ദിച്ചിട്ടുമുണ്ട്. യേശുദാസിന്റെ പിതാവ് അഗസ്റ്റിന്റെ കല്യാണവുമായി ബന്ധപ്പെട്ട് 1937-ല്‍ അച്ചടിച്ച ക്ഷണക്കത്തും അബ്ദുക്കോയ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇതോടൊപ്പം സന്തോഷ് ട്രോഫി, ഏഷ്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എന്നിവയുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകള്‍ക്കു മുമ്പ് പുറത്തിറക്കിയ സോവനീറുകളും അബ്ദുക്കോയ നിധി പോലെ സൂക്ഷിക്കുന്നു.

കായിക, സിനിമ മേഖലയോടൊപ്പം സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമാണ് അബ്ദുക്കോയ. ദേവരാജന്‍ മാസ്റ്ററുടെ ഓര്‍മയ്ക്കായി പ്രവര്‍ത്തിക്കുന്ന ദേവദാരു ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ്, കൊച്ചിയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ആശ എന്ന സംഘടനയില്‍ അംഗം, കൊച്ചി സിംഗേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രക്ഷാധികാരി, വെറ്ററന്‍ ഫുട്‌ബോളേഴ്‌സ് വൈസ് പ്രസിഡന്റ്, മുതിര്‍ന്ന പൗരന്മാരുടെ സായാഹ്ന കൂട്ടായ്മയിലെ അംഗം തുടങ്ങിയ നിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു

കായിക, സിനിമ മേഖലയോടൊപ്പം സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമാണ് അബ്ദുക്കോയ. ദേവരാജന്‍ മാസ്റ്ററുടെ ഓര്‍മയ്ക്കായി പ്രവര്‍ത്തിക്കുന്ന ദേവദാരു ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ്, കൊച്ചിയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ആശ എന്ന സംഘടനയില്‍ അംഗം, കൊച്ചി സിംഗേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രക്ഷാധികാരി, വെറ്ററന്‍ ഫുട്‌ബോളേഴ്‌സ് വൈസ് പ്രസിഡന്റ്, മുതിര്‍ന്ന പൗരന്മാരുടെ സായാഹ്ന കൂട്ടായ്മയിലെ അംഗം തുടങ്ങിയ നിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു. ദേവദാരു ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അന്തരിച്ച സംവിധായകന്‍ ഐ വി ശശിയെ ഫോര്‍ട്ട്‌കൊച്ചിയില്‍ വെച്ച് ആദരിച്ചിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പുതുവല്‍സരവേളയില്‍ കടല്‍ത്തീരത്തു നടക്കാറുള്ള ക്രിസ്മസ് പപ്പയെ കത്തിക്കലും ദേശപ്പെരുമ വിളിച്ചോതുന്ന ഫ്‌ളോട്ടുകള്‍ അണിനിരക്കുന്ന റാലിയും ബൈക്ക് റേസടത്തമുള്ള കലാകായിക വിനോദങ്ങളും നാട്ടുകാരുടെ സഹകരണത്താല്‍ നടക്കുന്നു. ഇതിനു വേണ്ടി ഉണ്ടാക്കുന്ന കമ്മിറ്റികളില്‍ സ്ഥിരമായി അംഗത്വം വഹിച്ചു പോരുന്നു ഇദ്ദേഹം.

ജീവിതയാത്രയില്‍ രണ്ടുതവണ മരണത്തില്‍ നിന്നു രക്ഷപെട്ട വ്യക്തികൂടിയാണ് അബ്ദുക്കോയ. ദുബായില്‍ റിഗ്ഗില്‍ ജോലി നോക്കുന്നതിനിടെ കപ്പല്‍ച്ചാലില്‍ വീണെങ്കിലും അല്‍ഭുതകരമായി രക്ഷപെട്ടതാണ് ആദ്യ സംഭവം. ബര്‍ദുബായിയില്‍ നിന്ന് അബ്രയിലേക്ക് ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കടലില്‍ വീണത്. എന്നാല്‍ ബോട്ടില്‍ നിന്ന് ഇട്ടു നല്‍കിയ കയറില്‍ പിടിച്ചു കയറാനായി. കടലിലെ ദുരന്തത്തില്‍ നിന്നായിരുന്നു അന്ന് ജീവിതത്തിലേക്കു തിരികെ കയറിയതെങ്കില്‍ അടുത്ത തവണയത് ആകാശദുരന്തത്തില്‍ നിന്നായിരുന്നു. 1977 ഡിസംബര്‍ 10ന് എയര്‍ ഇന്ത്യയുടെ അശോക എംപറര്‍ വിമാനത്തില്‍ യാത്ര തിരിക്കാനിരിക്കുകയായിരുന്ന അദ്ദേഹം ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ യാത്ര റദ്ദാക്കി മുംബൈയില്‍ തങ്ങുകയായിരുന്നു. എന്നാല്‍ ടേക്ക് ഓഫ് ചെയ്ത വിമാനം ഉടന്‍ തന്നെ കടലില്‍ തകര്‍ന്നു വീണ വാര്‍ത്തയാണ് പിറ്റേ ദിവസത്തെ പത്രത്തില്‍ കാണാനായത്.

പതിറ്റാണ്ടുകളായി പൊതുരംഗത്തു കര്‍മനിരതനായ അബ്ദുക്കോയ, പോയകാലത്തെ നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകരുടെ പ്രതിനിധിയാണ്. പ്രാദേശികരംഗത്തെ ഇത്തരം സാംസ്‌കാരിക പ്രവര്‍ത്തകരാണ് കഴിഞ്ഞകാലത്തിന്റെ ചരിത്രം കോറിയിടുമ്പോള്‍ സംഭവിക്കാവുന്ന കൈക്കുറ്റപ്പാടുകളെ തിരുത്തിയെഴുതാന്‍ നിമിത്തമാകാറ്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ പ്രതിഫലങ്ങളൊന്നും കിട്ടാത്തപ്പോഴും ചില അസാധാരണ ഓര്‍മ്മകള്‍ ജീവിതത്തെ സാര്‍ത്ഥകമാക്കുന്നുവെന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളത്. ഫോര്‍ട്ട്‌കൊച്ചി തുരുത്തി മിനി മാര്‍ക്കറ്റിനു സമീപം താമസിക്കുന്ന അബ്ദുക്കോയ-റസിയ ദമ്പതികള്‍ക്കു മൂന്ന് മക്കളാണുള്ളത്. റാസീല, റിയാസ്, റിഷാദ്. കെഎസ്എഫ്ഇയില്‍ അസിസ്റ്റന്റ് മാനേജരാണ് റിയാസ്, ഷാര്‍ജയില്‍ ഉദ്യോഗസ്ഥനാണ് റിഷാദ്. എസ്ബിഐയില്‍ ചീഫ് മാനേജരായ സലീമാണ് മകള്‍ റാസീലയുടെ ഭര്‍ത്താവ്.

Comments

comments

Categories: FK Special, Slider