മൊബിക്വിക്ക് കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നു

മൊബിക്വിക്ക് കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നു

മുംബൈ: പ്രമുഖ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ മൊബിക്വിക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥ തസ്തികയിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നു. കമ്പനിയുടെ ഓഫ്‌ലൈന്‍ ഡിജിറ്റല്‍ പേമെന്റ് ബിസിനസ് വികസനം, ടെക്‌നോളജി പ്ലാറ്റ്‌ഫോം ശക്തമാക്കല്‍ എന്നീ പദ്ധതികളുടെ ഭാഗമായാണ് നിയമനം. ഇതിന്റെ ഭാഗമായി ഹോം ഡിസൈന്‍, ബില്‍ഡിംഗ് പ്ലാറ്റ്‌ഫോമായ റിനോമാനിയയുടെ സഹസ്ഥാപകനായ രാഹുല്‍ ലോധയെ കമ്പനിയുടെ ടെക്‌നോളജി വിഭാഗം വൈസ് പ്രസിന്റായി നിയമിച്ചു. ഹെക്റ്റര്‍ ബിവറേജസ് സെയില്‍സ് മാനേജറായിരുന്ന അപൂര്‍വ ആനന്ദ് മൊബിക്വിക്ക് ഓഫ്‌ലൈന്‍ റീട്ടെയ്‌ലിന്റെ മേധാവിയായും ചാര്‍ജെടുത്തിട്ടുണ്ട്. ജബോംഗ് മുന്‍ വൈസ് പ്രസിഡന്റ് റുകായ്യ രംഗ്‌വാല പേമെന്റ്‌സ് ഗേറ്റ്‌വേ ബിസിനസിന്റെ മേധാവിയായി മൊബിക്വിക്കിലെത്തിയിട്ടുണ്ട്. നിയമ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫഌപ്കാര്‍ട്ട് മുന്‍ ഉദ്യോഗസ്ഥനായ ലോകേഷ് രാജ്പാലിനെ ഡെപ്യൂട്ടി ജനറല്‍ കൗണ്‍സിലായി കമ്പനി തെരഞ്ഞെടുത്തിരുന്നു.

‘കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മൊബിക്വിക്ക് മികച്ച വളര്‍ച്ചാനിരക്കാണ് കാഴ്ച്ചവെക്കുന്നത്. 260 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്കു സേവനം നല്‍കുകയാണ് ലക്ഷ്യം. ബിസിനസ് വളര്‍ച്ച സാധ്യമാക്കുന്ന മികച്ച ടീമിനെ രൂപീകരിക്കുന്നതിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.’ മൊബിക്വിക്ക് സഹസ്ഥാപകന്‍ ബിപിന്‍ പ്രീത് സിംഗ് പറഞ്ഞു. ലെന്‍ഡിംഗ്, ഇന്‍ഷുറന്‍സ് മേഖലയ്ക്കു കൂടുതല്‍ പ്രധാന്യം നല്‍കാനും പേഴ്‌സണല്‍, കസ്റ്റമര്‍ ഫിനാന്‍സ് തുടങ്ങിയ പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Business & Economy