നില മെച്ചപ്പെടുത്തിയത് നിക്ഷേപകരോടുള്ള സമീപനവും വായ്പ-വൈദ്യുതി ലഭ്യതയും

നില മെച്ചപ്പെടുത്തിയത് നിക്ഷേപകരോടുള്ള സമീപനവും വായ്പ-വൈദ്യുതി ലഭ്യതയും

മുംബൈയ്ക്കു പുറമേ ഡെല്‍ഹി നഗരത്തെ കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ ലോകബാങ്ക് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന നയപരിഷ്‌ക്കരണങ്ങള്‍ ഇന്ത്യയുടെ ബിസിനസ് അന്തരീക്ഷത്തില്‍ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍. ലോക ബാങ്ക് തയാറാക്കിയ ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ പ്രതീക്ഷയ്‌ക്കൊത്ത സ്ഥാനമാണ് ഇത്തവണ ഇന്ത്യക്ക് നേടാനായത്. ലോകത്തില്‍ ഏറ്റവും മികച്ച ബിസിനസ് സൗഹൃദാന്തരീക്ഷമുള്ള 190 രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ 100ല്‍ ഇടം നേടാന്‍ ഇന്ത്യക്ക് സാധിച്ചു. 2017ലെ 130-ാം സ്ഥാനത്തു നിന്നും 30 സ്ഥാനം മുന്നോട്ടുവന്നാണ് ഇന്ത്യ 100-ാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത് എന്നതും ഈ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു.

ഇത്തവണത്തെ റാങ്കിംഗില്‍ വലിയ പ്രതീക്ഷകളാണ് കേന്ദ്ര സര്‍ക്കാര്‍ വച്ചുപുലര്‍ത്തിയിരുന്നത്. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് ലോക ബാങ്ക് റാങ്കിംഗില്‍ 142-ാം സ്ഥാനത്തായിരുന്ന ഇന്ത്യയെ ആദ്യ 50 രാജ്യങ്ങളുടെ ഇടയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം അന്നുതന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. മുന്‍ വര്‍ഷം റാങ്കിംഗില്‍ ഏറെ മുന്നോട്ടുപോകാനാകുമെന്ന പ്രതീക്ഷ സര്‍ക്കാരിനുണ്ടായിരുന്നെങ്കിലും ഇത് നടപ്പായില്ല. സര്‍ക്കാര്‍ നടപ്പാക്കിയ സുപ്രാധന പരിഷ്‌കരണങ്ങള്‍ ലോക ബാങ്ക് പരിഗണിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പരാതിപ്പെടുകയും ചെയ്തു. ഇത്തവണ പരിഷ്‌കരണങ്ങള്‍ മതിയായ പ്രാധാന്യത്തോടെ വിലയിരുത്തി എന്നു മാത്രമല്ല പതിവു രീതിയില്‍ നിന്നും വ്യത്യസ്തമായി സാമ്പത്തിക തലസ്ഥാനമായ മുംബൈയ്ക്കു പുറമേ ഡെല്‍ഹി നഗരത്തെ കൂടി ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള സര്‍വെ ലോക ബാങ്ക് സംഘടിപ്പിച്ചത്.

റാങ്കിംഗിനായി പരിഗണിച്ച പത്ത് മാനദണ്ഡങ്ങളില്‍ ഒന്‍പതിലും ഇന്ത്യ മുന്‍വര്‍ഷത്തേക്കാള്‍ മികച്ച നിലയിലെത്തിയിട്ടുണ്ട്. പ്രധാന മാനദണ്ഡങ്ങളായ നിര്‍മാണ അനുമതികള്‍ നല്‍കുന്നതിലും കരാര്‍ നടത്തിപ്പിലും കടബാധ്യത പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങളിലും മികച്ച മുന്നേറ്റം ഇന്ത്യ നടത്തി. ന്യൂനപക്ഷ നിക്ഷേപകരുടെ സംരക്ഷണം, വായ്പാ ലഭ്യത, വൈദ്യുതി ലഭ്യത തുടങ്ങിയ വിഷയങ്ങളില്‍ നേടാനായ പുരോഗതിയാണ് റാങ്കിംഗില്‍ പ്രധാനമായും ഇന്ത്യയെ പിന്തുണച്ചത്. നിക്ഷേപകരുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്‍ വര്‍ഷം 13 സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വര്‍ഷം നാലാം സ്ഥാനത്ത് നിലയുറപ്പിച്ചു. വായ്പ ലഭ്യമാക്കുന്നതില്‍ 44-ാം സ്ഥാനത്തു നിന്നും 29-ാം സ്ഥാനത്തേക്ക് കരകയറാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.

നികുതി അടക്കുന്ന കാര്യത്തിലും രാജ്യത്ത് പുരോഗതി നിരീക്ഷിക്കാനായിട്ടുണ്ടെന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിവേഗത്തില്‍ ബിസിനസ് ആരംഭിക്കുന്നതിനു സഹായകമായ തരത്തില്‍ പെര്‍മനന്റ് എക്കൗണ്ട് നമ്പറിനും (പാന്‍), ടാക്‌സ് എക്കൗണ്ട് നമ്പറിനുമുള്ള (ടാന്‍) അപേക്ഷകള്‍ ലയിപ്പിച്ച് ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയതിനെ ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പ്രശംസിക്കുന്നു. അതിര്‍ത്തി കടന്നുള്ള വ്യാപാരം എളുപ്പമാക്കി, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) വിഹിതം അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി,കോര്‍പ്പറേറ്റ് നികുതി നിയന്ത്രണങ്ങള്‍ക്കു യോജിച്ച ഭരണ നടപടികള്‍ സ്വീകരിച്ചതുള്‍പ്പെടെയുള്ള നീക്കങ്ങളെയും ലോക ബാങ്ക് അഭിനന്ദിച്ചു. വസ്തു രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഇന്ത്യ വളരെയധികം പിന്നോക്കം പോയത്.

2016 ജൂണ്‍ രണ്ട് മുതല്‍ 2017 ജൂണ്‍ ഒന്ന് വരെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണ നടപടികളെയും ഇത് ബിസിനസ് അന്തരീക്ഷത്തില്‍ സൃഷ്ടിച്ച മാറ്റവും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ജൂലൈയില്‍ നടപ്പാക്കിയ ജിഎസ്ടിയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലില്ല. ജിഎസ്ടിയുടെ ഫലം ഭാവിയിലെ റിപ്പോര്‍ട്ടിലുണ്ടാകുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. രാജ്യത്തെ എല്ലാ മേഖലകളിലും ശ്രദ്ധകൊടുത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നീക്കങ്ങളുടെ പ്രതിഫലനമാണ് ലോക ബാങ്ക് പട്ടികയിലെ ചരിത്രപരമായ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

Comments

comments

Categories: Business & Economy