ഉയര്‍ന്ന നിരക്കിലെ ഉല്‍പ്പന്നങ്ങള്‍ പുനഃപരിശോധിക്കും

ഉയര്‍ന്ന നിരക്കിലെ ഉല്‍പ്പന്നങ്ങള്‍ പുനഃപരിശോധിക്കും

നിരവധി ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞേക്കും

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതിക്ക് കീഴില്‍ 28 ശതമാനം നിരക്ക് ഏര്‍പ്പെടുത്തിയ ഇനങ്ങളില്‍ ജിഎസ്ടി കൗണ്‍സില്‍ പുനഃപരിശോധന നടത്തും. ഉയര്‍ന്ന സ്ലാബില്‍ ഉള്‍പ്പെട്ട നിത്യോപയോഗ സാധനങ്ങളുടെ നിരക്ക് കുറയ്ക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ സഹായിക്കുന്ന നീക്കം ആവശ്യകത വര്‍ധിപ്പിക്കുമെന്നും വ്യവസായ മേഖലയുടെ തിരിച്ചുവരവിന് സഹായകമാകുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷനും (ഡിഐപിപി) വിലയിരുത്തുന്നു. തൊഴില്‍ സൃഷ്ടിയില്‍ പ്രധാന പങ്കുവഹിക്കുന്ന ചെറുകിട ബിസിനസുകളെ പുനരുജ്ജീവിപ്പിക്കുന്നതിന് ഇത്തരമൊരു നീക്കം വേണമെന്നാണ് അവര്‍ നിര്‍ദേശിക്കുന്നത്.

സൂക്ഷ്മ,ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങള്‍ നിര്‍മിക്കുന്ന ചില ഉല്‍പ്പന്നങ്ങളും നിലവില്‍ 28 ശതമാനം സ്ലാബില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ തന്നെ അത്തരം വ്യവസായങ്ങള്‍ സമ്മര്‍ദം അനുഭവിക്കുന്നുമുണ്ട്. വാഷിംഗ് മെഷീനുകള്‍, റെഫ്രിജറേറ്ററുകള്‍, ഇലക്ട്രിക്കല്‍ ഫിറ്റിംഗ്‌സ്, സിമന്റ്, സീലിംഗ് ഫാനുകള്‍, വാച്ചുകള്‍, ഓട്ടോമൊബിലുകള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, പോഷകാഹാര പാനീയങ്ങള്‍, വാഹന ഭാഗങ്ങള്‍, പ്ലാസ്റ്റിക് ഫര്‍ണിച്ചറുകള്‍, പ്ലൈവുഡ് മുതലായവയാണ് 28 ശതമാനം സ്ലാബിന് കീഴില്‍ ഉള്ളത്. നവംബര്‍ 9,10 തീയതികളില്‍ ഗുവാഹത്തിയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇവയുടെ നികുതി നിരക്ക് ചര്‍ച്ച ചെയ്യുകയും മാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യുമെന്നാണ് വിവരം.

28 ശതമാനം നികുതിക്ക് കീഴില്‍ വരുന്ന ആഢംബര ഇതര വസ്തുക്കളെ കുറഞ്ഞ നികുതി നിരക്കിലേക്ക് മാറ്റുന്നതിന് ധനകാര്യ മന്ത്രാലയവും തയാറാണ്. പുകയില ഉല്‍പ്പന്നങ്ങള്‍ പോലുള്ളവയെ ഉയര്‍ന്ന നികുതി നിരക്കില്‍ നിന്ന് മാറ്റണമെന്ന് വ്യാപാര,വ്യവസായ സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍, പ്രത്യേകിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്നവ വരാനിരിക്കുന്ന കൗണ്‍സില്‍ യോദത്തില്‍ ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുമെന്നാണ് സൂചനകള്‍.

ഒക്‌റ്റോബറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം 28 ശതമാനത്തില്‍ ഉള്‍പ്പെട്ട ഇനങ്ങളെ കുറഞ്ഞ സ്ലാബിലേക്ക് മാറ്റുന്ന കാര്യവും ചര്‍ച്ച ചെയ്തിരുന്നു. പ്രധാനമായും അസംഘടിത മേഖലയിലെ എംഎസ്എംഇകള്‍ നിര്‍മിക്കുന്ന കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍, കയറ്റുമതി സംബന്ധമായ വസ്തുക്കള്‍ എന്നിവയുടെ 28 ശതമാനം നിരക്ക് പുനരവലോകനം ചെയ്യാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.

Comments

comments

Categories: More